- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശിവശങ്കർ മുഖ്യ ആസൂത്രകൻ; മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റൊരു ഇടപെടൽ കേന്ദ്രം സിഎം രവീന്ദ്രനോ? എല്ലാ കുറ്റകൃത്യങ്ങളിലും നോർത്ത് ബ്ലോക്കിനെ ബന്ധിപ്പിക്കുന്നത് ഇടത് സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ; എല്ലാ വൻകിട പ്രോജക്ടുകളും പരിശോധിച്ച് അഴിമതിയിൽ ചർച്ച തുടരാൻ രണ്ടും കൽപ്പിച്ച് ഇഡി; പ്രതിരോധം തീർക്കാൻ പിണറായി നേരിട്ടിറങ്ങും; സ്വർണ്ണ കടത്ത് അന്വേഷണം മൂന്നാം ഘട്ടത്തിലേക്ക്
തിരുവനന്തപുരം: സ്വർണ്ണ കടത്ത് കേസിൽ രണ്ടും കൽപ്പിച്ച് കേന്ദ്ര ഏജൻസികൾ. അന്വേഷണത്തെ മുന്നിൽ നിന്ന് നയിക്കുന്നത് ഇപ്പോൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ്. പുതിയ മേധാവിയെ കേരളത്തിലേക്ക് നിയമിച്ച് അന്വേഷണങ്ങൾക്ക് പുതിയ തലം നൽകുകയാണ് കേന്ദ്ര സർക്കാരും. സംസ്ഥാന സർക്കാർ പദ്ധതികളിലേക്ക് നേരിട്ടുള്ള പരിശോധനകളാണ് ഇനി നടക്കുക. പിണറായി സർക്കാരിന്റെ വൻകിട പ്രോജക്ടിലേക്കെല്ലാം അന്വേഷണം നീളുമെന്ന് ഉറപ്പായി. പ്രതികളുടെയും കുറ്റാരോപിതരുടെയും മൊഴികളാണ് സർക്കാരിന് വിനയാകുന്നത്.
കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ എൽഡിഎഫ് സമരം പ്രഖ്യാപിച്ചതിനു പിറ്റേന്ന് ഇഡി കോടതിയിൽ നടത്തിയ ഗുരുതര വെളിപ്പെടുത്തലുകൾ സർക്കാരിനെ വെട്ടിലാക്കുന്നതാണ്. സ്വർണക്കടത്ത് അടക്കം നടന്നതു മുഖ്യമന്ത്രിയുടെ ഓഫിസിലെ ആ ടീം അറിഞ്ഞാണെന്ന് ഇഡി ആരോപിക്കുന്നത് അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ചോദ്യം ചെയ്യാനിരിക്കെയുമാണ്. ഇതു മുഖ്യമന്ത്രിയുടെ ഓഫിസിന്റെ വിശ്വാസ്യതയെയാണ് ഇത് ചോദ്യം ചെയ്യുന്നത്. രവീന്ദ്രനും കേസിൽ അറസ്റ്റിലാകാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ സർക്കാർ വലിയ പ്രതിരോധത്തിലാകും.
സ്വർണക്കടത്ത് കേസന്വേഷണം വിപുലമാകുമ്പോൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സർക്കാരും നേർക്കുനേർ നിൽക്കുകയാണ്. ബംഗാളിൽ മമതാ ബാനർജിയുടെ പാതയാണ് സർക്കാർ മാതൃകയാക്കുന്നത്. എന്നാൽ, മമത സർക്കാരിനെതിരേ സിബിഐ. ഭീതിയെക്കാൾ വലുതാണ് ഇവിടെ സംഭവിക്കുന്നത്. ശിവശങ്കറിന്റെ പങ്കുപോലും അദ്ദേഹം അറസ്റ്റു തടയാനുള്ള ശ്രമം തുടങ്ങിയപ്പോഴാണ് വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ വിളിപ്പിച്ചപ്പോഴാണ് സർക്കാരിന്റെ നിലപാട് മാറിയത്. മുഖ്യമന്ത്രി പരസ്യമായി അന്വേഷണത്തെ വിമർശിച്ചു. രവീന്ദ്രനെ ചോദ്യംചെയ്യുന്നതിന് മുമ്പുതന്നെ അഴിമതിയുടെ കേന്ദ്രസ്ഥാനത്ത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് ഇഡി പറയുന്നു.
ശാരദ ചിട്ടിതട്ടിപ്പ് കേസിലെ സിബിഐ. അന്വേഷണമാണ് മമതയെ ചൊടിപ്പിച്ചത്. ഇതിൽ പ്രതികളെ സംരക്ഷിക്കാൻ ശ്രമിച്ചുവെന്നതിന്റെ പേരിൽ പൊലീസ് കമ്മിഷണർ രാജീവ് കുമാറിനെ സിബിഐ. ചോദ്യംചെയ്യാനെത്തിയതാണ് ഏറ്റുമുട്ടലിന്റെ തുടക്കം. സിബിഐ. ഉദ്യോഗസ്ഥരെ ബംഗാൾ പൊലീസ് കസ്റ്റഡിയിലെടുത്തു. സിബിഐ. അന്വേഷണം കേന്ദ്രസർക്കാരിന്റെ ബംഗാൾവിരുദ്ധ നിലപാടിന്റെ ഭാഗമാണെന്ന് പ്രഖ്യാപിച്ച് മമത സത്യാഗ്രഹമിരുന്നു. ഇതേ പാതയിലേക്ക് പിണറായിയും മന്ത്രിസഭയും കടക്കും. കേന്ദ്ര ഏജൻസികൾക്കെതിരെ പ്രത്യക്ഷ സമരത്തിനാണ് മുഖ്യമന്ത്രി തയ്യാറെടുക്കുന്നത്.
സ്വർണ്ണ കടത്തിലെ അന്വേഷണം മൂന്നാം ഘട്ടത്തിലേക്കാണെന്ന സൂചനയാണ് ഇഡി നൽകുന്നത്. കുറ്റകൃത്യവും കുറ്റവാളികളേയും കണ്ടെത്തി കഴിഞ്ഞു. ഇനി യഥാർത്ഥ ഗൂഡാലോചകനിലേക്കുള്ള അന്വേഷണമാണ്. ഈ മൂന്നാം ഘട്ടത്തിൽ അതിനിർണ്ണായകമാണ് സ്വപ്‌നാ സുരേഷിന്റെ മൊഴി. ഡിജിറ്റൽ തെളിവുകളാണ് ഇതിലേക്ക് കാര്യങ്ങളെ എത്തിച്ചത്. ഇനിയും പരിശോധനകൾ നടക്കുന്നുണ്ട്. അതെല്ലാം അതിനിർണ്ണായകമായി മാറുമെന്നും വിലയിരുത്തുന്നു.
സ്വർണക്കടത്തിനെക്കുറിച്ച് എം. ശിവശങ്കർ ഉൾപ്പെടെ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവർക്ക് അറിയാമായിരുന്നെന്ന് ഇ.ഡി. കോടതിയിൽ റിപ്പോർട്ട് നൽകിയത് സർക്കാരിന് കുരുക്കാണ്. സ്വപ്നാ സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ ശക്തമായ ബന്ധങ്ങളുണ്ടായിരുന്നു. കെ-ഫോൺ, ലൈഫ് മിഷൻ പദ്ധതികളുടെ ടെൻഡറുകൾ തുറക്കുംമുമ്പ് ശിവശങ്കർ സ്വപ്നയ്ക്കുകൈമാറി. സ്വപ്നയ്ക്ക് കമ്മിഷനായി ലഭിച്ച ഒരുകോടി രൂപ ശിവശങ്കറിനുള്ളതായിരുന്നു. ടോറസ് ഡൗൺടൗൺ പദ്ധതിയുമായി ബന്ധപ്പെട്ട ഒരാളുടെ പേര് സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്. ഇയാൾ ശിവശങ്കറുമായി വളരെ അടുപ്പമുള്ള വ്യക്തിയാണെന്നും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇ.ഡി. നൽകിയ റിപ്പോർട്ടിൽ പറയുന്നു.
സ്വപ്നയെ ചൊവ്വാഴ്ച ചോദ്യംചെയ്തതിൽനിന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം വ്യക്തമായതെന്ന് ഇ.ഡി. പറയുന്നു. ശിവശങ്കറും സ്വപ്നയുമായുള്ള വാട്സാപ്പ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യൽ. 'നയതന്ത്രചാനൽവഴിയുള്ള സ്വർണക്കടത്ത്, ഇലക്ട്രോണിക്‌സ് സാധനങ്ങളുടെ കടത്ത് എന്നിവയെക്കുറിച്ച് എം. ശിവശങ്കറിനും അദ്ദേഹത്തിനൊപ്പമുള്ള സി.എം.ഒ. (ചീഫ് മിനിസ്റ്റേഴ്സ് ഓഫീസ്) ടീമിനും വ്യക്തമായ വിവരങ്ങളുണ്ടായിരുന്നു' എന്ന് ഇ.ഡി.യുടെ റിപ്പോർട്ടിൽ പറയുന്നു. നയതന്ത്രബാഗേജുകളിൽ സംശയമുയർന്നിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടവർ ഇടപെട്ടതിനാൽ പരിശോധനയില്ലാതെ പുറത്തുകടക്കുകയായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
കെ ഫോൺ, ഇമൊബിലിറ്റി, ടോറസ് ഡൗൺ ടൗൺ, കൊച്ചി സ്മാർട് സിറ്റി എന്നിവയുടെ ഫയലുകൾ സർക്കാരിനോട് ഇഡി ആവശ്യപ്പെട്ടിരുന്നു. ഈ 4 പദ്ധതികൾക്കും ശിവശങ്കർ വഹിച്ച നേതൃപരമായ പങ്കും സ്വപ്നയ്ക്കു കൈമാറിയെന്ന് ആരോപിക്കുന്ന രഹസ്യ വിവരങ്ങളും അഴിമതിയിലേക്ക് വിരൽ ചൂണ്ടുന്നു. ഇമൊബിലിറ്റി ഒഴികെ പദ്ധതികളുമായി ശിവശങ്കർസ്വപ്ന സംഘത്തിന്റെ ബന്ധം, അവർ ലക്ഷ്യമിട്ട കമ്മിഷൻ ഇടപാടുകൾ എന്നിവയെക്കുറിച്ചു റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇതെല്ലാം ഫലത്തിൽ പിണറായിയെ വെട്ടിലാക്കും. ഇഡി തെളിവുകൾ നിരത്തിയുള്ള നീക്ക
വിദ്യാഭ്യാസ പദ്ധതികളിലും അട്ടിമറിയുണ്ടായി. സഹകരിച്ചാൽ നവീകരണ കരാറുകളിൽ പങ്കാളിയാക്കാം എന്നു സ്വർണക്കടത്തു കേസ് പ്രതി കെ.ടി.റമീസ് വാഗ്ദാനം ചെയ്തുവെന്ന വ്യവസായിയുടെ മൊഴിയാണു ഇതിന് കാരണം. ലൈഫ് മിഷനിലെ 36 പദ്ധതികളിൽ 26 എണ്ണത്തിന്റെയും നിർമ്മാണക്കരാർ രണ്ടുസ്ഥാപനങ്ങൾക്കാണ്. ടെൻഡർ ഓപ്പൺ ചെയ്യുംമുമ്പേ ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ശിവശങ്കർ സ്വപ്നയ്ക്കുനൽകിയിരുന്നു. കരാറുകൾ നൽകാനുള്ള മുഴുവൻ നടപടിക്രമങ്ങളെയും സംശയത്തിലാക്കുന്നതാണിത്. ഇതേമാതൃകയിൽ കെ-ഫോൺ പദ്ധതിയുടെ വിവരങ്ങളും പങ്കുവെച്ചു. കൊച്ചി സ്മാർട്ട്‌സിറ്റി പദ്ധതിയിലും സ്വപ്ന ഇടപെട്ടെന്നും ഇ.ഡി. ആരോപിക്കുന്നു.
യു.എ.ഇ. കോൺസുലേറ്റുമായി ബന്ധപ്പെട്ട കരാറുകളിലൊന്നിൽ ശിവശങ്കറിനും കമ്മിഷൻ ലഭിച്ചിട്ടുണ്ടെന്ന് സ്വപ്ന മൊഴിനൽകി. കോൺസുലേറ്റിലെ അക്കൗണ്ടന്റ് ഖാലിദ് മുഹമ്മദ് ഷൗക്രി സ്വപ്നയ്ക്കുനൽകിയ ഒരുകോടി രൂപ ശിവശങ്കറിനുള്ളതായിരുന്നു. സ്വർണക്കടത്തിനെക്കുറിച്ചും കമ്മിഷൻ ഇടപാടുകളെക്കുറിച്ചും മുൻ െഎ.ടി. സെക്രട്ടറിക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. കെ-ഫോൺ, ലൈഫ് മിഷൻ പദ്ധതികളിൽ യൂണിടാകിനെ പങ്കാളിയാക്കാൻ ശിവശങ്കർ ആഗ്രഹിച്ചിരുന്നു. യൂണിടാക് ഉടമ സന്തോഷ് ഈപ്പനുമായി ശിവശങ്കർ നിരന്തരം ബന്ധപ്പെട്ടിരുന്നു. നയതന്ത്രബാഗേജുകൾ വിട്ടുകിട്ടാൻ സ്വപ്നയുടെ ആവശ്യപ്രകാരം കസ്റ്റംസ് ഉദ്യോഗസ്ഥനുമായി സംസാരിച്ചിരുന്നുവെന്ന് ശിവശങ്കർ സമ്മതിച്ചിട്ടുണ്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ടുനടന്ന എല്ലാ കുറ്റകൃത്യങ്ങളിലും ശിവശങ്കർ മുഖ്യ ആസൂത്രകനാണെന്ന് ഇ.ഡി. ആരോപിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ