- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒരുകോടിയും ഒരുകിലോ സ്വർണവും കണ്ടെത്തിയ ബാങ്ക് ലോക്കർ തുറക്കാൻ നിർദ്ദേശിച്ചത് ശിവശങ്കർ': എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ മൊഴി നൽകിയത് സ്വപ്ന സുരേഷും ചാർട്ടേഡ് അക്കൗണ്ടന്റും ഒരുമിച്ച്; ലോക്കർ എന്തിന് തുറന്നുവെന്ന് വിശദീകരിക്കാനാവാതെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി; ഔദ്യോഗിക യാത്രകളിൽ സ്വപ്നയെ എന്തിനു ഒപ്പം കൂട്ടിയെന്ന ചോദ്യത്തിനും മറുപടിയില്ല; നാളെ ഇഡിയുടെ നിർണായകയോഗം; പിണറായി സർക്കാരിന് ഇരുട്ടടിയായി ശിവശങ്കർ അറസ്റ്റിലേക്ക് എന്ന് സൂചന
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ ആദ്യത്തെ ഉന്നത തല അറസ്റ്റിനു വഴിയൊരുങ്ങുന്നതായി സൂചന. സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്നാ സുരേഷുമായി ഉറ്റബന്ധം പുലർത്തുകയും വഴിവിട്ട ഇടപാടുകൾക്ക് കൂട്ട് നിൽക്കുകയും ചെയ്തതിന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ അറസ്റ്റിനാണ് വഴിയൊരുങ്ങുന്നത്. കള്ളപ്പണത്തിന്റെ ഇടപാടിന്റെ പേരിലാണ് ശിവശങ്കറിന്റെ അറസ്റ്റ് വന്നേക്കുക. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നാളെ ഇഡിയുടെ നിർണ്ണായകമായ യോഗം നടക്കുന്നുണ്ട്.
നാളത്തെ യോഗത്തിൽ കൂടുതൽ അറസ്റ്റുകൾക്ക് ഇഡി അനുവാദം വാങ്ങുമെന്നാണ് സൂചന. ബുധനാഴ്ചയോടെയാണ് കൂടുതൽ അറസ്റ്റുകൾക്ക് ഇഡി ഒരുങ്ങുന്നത്. ഇതിൽ പ്രധാനം ശിവശങ്കറിന്റെ അറസ്റ്റ് എന്നാണ് വിവരം ലഭിക്കുന്നത്. സ്വപ്നയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും കണ്ടെത്തിയ ഒരു കോടി രൂപയും ഒരു കിലോ സ്വർണവും സ്വപ്നയുമൊ ന്നിച്ച് നടത്തിയ വിദേശയാത്രകളുമാണ് ശിവശങ്കറിന് വിനയായത്. യുഎഇ കോൺസുലെറ്റുമായി നടത്തിയ ചട്ടവിരുദ്ധ ഇടപാടുകളുടെ പേരിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ജലീലിനെതിരെ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചതിന്റെ പ്രതിസന്ധിയിൽ തുടരുന്ന മുഖ്യമന്ത്രിക്ക് ശിവശങ്കറിന്റെ അറസ്റ്റ് വന്നാൽ അത് തീർക്കുക മറ്റൊരു പ്രതിസന്ധിയാകും.
സ്വപ്നയ്ക്ക് ഒപ്പം ബാങ്ക് ലോക്കർ തുറക്കാൻ നിർദ്ദേശം നൽകിയത് ശിവശങ്കർ ആയിരുന്നെന്നു ലോക്കറിന്റെ ഒരു താക്കോൽ സൂക്ഷിച്ചിരുന്ന ചാർട്ടഡ് അക്കൗണ്ടന്റ് ഇഡിക്ക് മുന്നിൽ മൊഴി നൽകിയിട്ടുണ്ട്. അനധികൃത ഇടപാടുകൾക്ക് വേണ്ടിയാണ് ലോക്കർ തുറന്നതെന്നാണ് അനുമാനം. ലോക്കറിൽ ഉണ്ടായിരുന്ന കള്ളപ്പണം ആയിരുന്നെന്ന് ചോദ്യം ചെയ്യലിൽ ഇഡിക്ക് വ്യക്തമായിട്ടുണ്ട്. സ്വപ്നയും ശിവശങ്കറും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന നിർണായക വിവരങ്ങളാണ് എൻഫോഴ്സ്മെന്റിന്റെ കൈയിലുള്ളത്.
സ്വർണം സൂക്ഷിക്കാൻ ചാർട്ടേഡ് അക്കൗണ്ടന്റുമൊന്നിച്ച് ബാങ്ക് ലോക്കർ തുറന്നത് ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമാണെന്നും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. ഈ കാര്യം ചൂണ്ടിക്കാട്ടി എൻഫോഴ്സ്മെന്റ് രണ്ടു തവണ ചോദ്യം ചെയ്തപ്പോൾ ശിവശങ്കർ നൽകിയ ഉത്തരങ്ങളിൽ പലതിലും അവ്യക്തത നിലനിന്നിരുന്നു. സ്വപ്നയുമൊത്ത് ശിവശങ്കർ മൂന്ന് തവണ വിദേശയാത്ര നടത്തി. ഇതിന്റെയെല്ലാം തെളിവുകൾ ഇഡിയുടെ കൈവശവുമുണ്ട്. ഇതോടെയാണ് കള്ളപ്പണക്കേസിൽ ശിവശങ്കറിന്റെ അറസ്റ്റ് എന്ന നീക്കത്തിലേക്ക് ഇഡി നീങ്ങുന്നത്.
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടു ദുബായിൽ കസ്റ്റഡിയിലുള്ള ഫൈസൽ ഫരീദിനെ ചോദ്യം ചെയ്ത എൻഐഎ സംഘം മടങ്ങിയെത്തിയിട്ടുണ്ട്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് നിർണായക തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഇത് സംബന്ധമായ ഫയലുകൾ കസ്റ്റംസ്, ഇഡി എന്നിവർക്കു കൈമാറും. ഇത് കൂടി പരിശോധിച്ച ശേഷമാണ് തുടർ നടപടികൾ ഇഡി കൈക്കൊള്ളുക. ദേശീയ അന്വേഷണ ഏജൻസിക്കും കസ്റ്റംസിനും പിന്നാലെയാണ് എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് എം ശിവശങ്കറിനെ ചോദ്യം ചെയ്തത്. അഴിമതിയും കള്ളപ്പണവും ആയതിനാലാണ് എൻഐഎ കസ്റ്റംസ് സംഘങ്ങളുടെ അറസ്റ്റിന്റെ പരിധിയിൽ നിന്നും ശിവശങ്കറിന് ഒഴിഞ്ഞു നിൽക്കാൻ സാധിച്ചത്. കള്ളപ്പണ ഇടപാട് ആയതിനാൽ ഇഡിക്ക് കേസ് ചാർജ് ചെയ്യാനും അറസ്റ്റ് ചെയ്യാനും ബുദ്ധിമുട്ടില്ല.
പക്ഷെ മുതിർന്ന ഐഎഎസ് ഓഫീസർ ആയതിനാൽ അനുമതിയോടെയുള്ള അറസ്റ്റിനാണ് ഇഡി ഒരുങ്ങുന്നത്. സ്വപ്നയുടെ സംശയകരമായ പ്രവർത്തനങ്ങളെക്കുറിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസിൽ ഗണ്യമായ സ്വാധീനം സ്വപ്നയ്ക്കുണ്ടെന്നും എൻഫോഴ്സ്മെന്റ്ഡയറക്ടറേറ്റിനു വ്യക്തമായിട്ടുണ്ട്. എം. ശിവശങ്കറും തമ്മിൽ മൂന്നുവർഷത്തിലേറെയായി ദൃഢബന്ധമുണ്ട്. മുഖ്യമന്ത്രിയുടെ യുഎഇ ഔദ്യോഗിക സന്ദർശന സംഘത്തിലംഗമായി യുഎഇയിൽ എത്തിയപ്പോൾ സ്വപ്നയും ശിവശങ്കറും അവിടെ വച്ച് ചർച്ചകൾ നടത്തി. മൂന്നു വർഷത്തിലേറെയായി നടത്തിയ വിവിധ ഇടപാടുകൾക്കൊടുവിലാണ് യുഎഇ കോൺസുലെറ്റിനെ മറയാക്കി കള്ളക്കടത്ത് നടത്തിയത്. ഇതു സംബന്ധിച്ച് കൂടുതൽ അന്വേഷണം വേണമെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ ആവശ്യപ്പെട്ടത്.
സ്വപ്ന-ശിവശങ്കർ ബന്ധത്തെക്കുറിച്ച് വളരെ ശക്തമായ തെളിവുകളാണ് ശിവശങ്കറിന് എതിരെ ഇഡിയുടെ കൈകളിലുള്ളത്. 2017 ഏപ്രിലിൽ സ്വപ്നയ്ക്കൊപ്പം ആദ്യം ശിവശങ്കർ യു.എ.ഇയിൽ പോയി. . സ്മാർട് സിറ്റി പദ്ധതിയുടെ തുടർ നടപടികളായിരുന്നു സന്ദർശന ഉദ്ദേശം. ഈ യാത്രയിൽ സ്വപ്നയും കൂടെ കൂടി. അടുത്ത വർഷം ഏപ്രിലിൽ വീണ്ടും വിദേശത്ത് പോയി. ഏപ്രിൽ 9 മുതൽ 11 വരെ ദുബായിൽ നടന്ന എട്ടാമത് വാർഷിക നിക്ഷേപ സംഗമത്തിൽ പങ്കെടുത്തു. വിവിധ ഐടി കമ്പനികളുമായി ചർച്ച നടത്താൻ ഏപ്രിൽ 12 മുതൽ 15 വരെ ഒമാൻ സന്ദർശനത്തിനും പോയി. ഒമാൻ യാത്രക്കിടെ സ്വപ്ന അവിടെയെത്തി ശിവശങ്കറിനെ കണ്ടു. മടക്കം ഇരുവരും ഒരുമിച്ചായിരുന്നു. ഔദ്യോഗിക യാത്രകൾ സ്വപ്നയെ എന്തിനു ഒപ്പം കൂട്ടി എന്ന ചോദ്യത്തിനു ശിവശങ്കറിനു ഉത്തരം നൽകാൻ കഴിഞ്ഞില്ല.
സ്വപ്നയ്ക്ക് ഐടി വകുപ്പിന് കീഴിൽ നിയമനം നടത്തിയതിൽ പിഴവുണ്ടായെന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി കണ്ടെത്തിയിരുന്നു. ബന്ധങ്ങൾ ഉണ്ടാക്കുമ്പോൾ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പോലെ ഉന്നത പദവിയിലിരിക്കുന്ന ഒരാൾ പുലർത്തേണ്ട ജാഗ്രത പോലും ശിവശങ്കറിൽ നിന്നും ഉണ്ടായില്ലെന്നാണ് സമിതിയുടെ വിലയിരുത്തൽ. സർവീസ് ചട്ടങ്ങൾ ലംഘിച്ചു. യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുമായി ഔദ്യോഗികമായ രീതിയിലല്ലാത്ത ബന്ധം പുലർത്തിയതും തനിക്ക് വേണ്ടപ്പെട്ടവർക്ക് നിയമനം നൽകിയതും വീഴ്ചയായി തന്നെ കണക്കാക്കി സമിതി റിപ്പോർട്ട് നൽകി. അതിനു ശേഷമാണ് ശിവശങ്കറിനെ മുഖ്യമന്ത്രി സസ്പെൻഡ് ചെയ്തത്. എം ശിവശങ്കറിന് 2000ലാണ് സ്ഥാനക്കയറ്റം വഴി ഐഎഎസ് ലഭിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായും ഐടി സെക്രട്ടറിയായും പ്രവർത്തിച്ചിരുന്ന ശിവശങ്കറിനെ സ്വർണ്ണക്കടത്ത് കേസിൽ ബന്ധം വന്നതോടെയാണ് ഇരു പദവികളിൽ നിന്നും മാറ്റുന്നത്.
അതേസമയം സ്വർണ്ണക്കടത്തിൽ എൻഐഎ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് നാലു പ്രതികൾ നിലവിൽ വിദേശത്ത് ഒളിവിൽ തുടരുകയാണ്. മൂന്നാം പ്രതി ഫൈസൽ ഫരീദ്, 10-ആം പ്രതി റിബിൻസ്, 15 ആം പ്രതി സിദ്ദീഖുൽ അക്ബർ, 20 ആം പ്രതി അഹമ്മദ് കുട്ടി എന്നിവരാണ് വിദേശത്തുള്ളത്. ഇവരെ കേരളലെത്തിക്കാനുള്ള ശ്രമത്തിലാണ് എൻഐഎ. ഇവർക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. കേസിൽ ആകെ 20 പ്രതികളാണുള്ളത്. സ്വർണ്ണ കള്ളക്കടത്തിലൂടെ ലഭിച്ച സ്വർണം ഭീകര പ്രവർത്തനത്തിന് ഉപയോഗിച്ചുവെന്ന് കണ്ടെത്താൻ വിദേശത്തുള്ള പ്രതികളുടെ മൊഴി നിർണായകമാണ്.
അതിനാലാണ് ഇവരെ കസ്റ്റഡിയിൽ വാങ്ങാൻ ശ്രമം തുടരുന്നത്. കള്ളക്കടത്ത് പണം ഇന്ത്യയിലും വിദേശത്തുമുള്ള തീവ്രവാദ പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചു. വിദേശത്തുള്ള കൂടുതലാളുകളെ സംബന്ധിച്ച് അന്വേഷണം നടക്കുകയാണ് കൊച്ചി എൻഐഎ കോടതിയിൽ എൻഐഎ റിപ്പോർട്ട് നൽകിയത്. സ്വർണ്ണക്കടത്ത് കേസിൽ യു എ ഇ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ നേരത്തെ വിദേശകാര്യ മന്ത്രാലയം കത്ത് നൽകിയിരുന്നു. കത്തിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിൽ വീണ്ടുമൊരു കത്ത് കൂടി കേന്ദ്രം നൽകിയിട്ടുണ്ട്.
മറുനാടന് മലയാളി സീനിയര് സബ് എഡിറ്റര്.