- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർ തടഞ്ഞ് മുളകുപൊടി വിതറി ജുവല്ലറി ഉടമയെ വെട്ടി 100 പവൻ സ്വർണം കവർന്ന കേസ്: കേസ് ഡയറി ഹാജരാക്കാൻ ഉത്തരവിട്ട് കോടതി; ഉത്തരവ് പന്ത്രണ്ടാം പ്രതിയുടെ ജാമ്യഹർജി പരിഗണിക്കവേ; ജൂവലറി ഉടമ വിവരം പൊലീസിൽ അറിയിച്ചത് 75 ലക്ഷത്തിന്റെ കുഴൽപണം മാറ്റിയ ശേഷം ഒന്നര മണിക്കൂർ കഴിഞ്ഞെന്നും ആരോപണം
തിരുവനന്തപുരം: ദേശീയപാതയിൽ മംഗലപുരം കുറക്കോട് ടെക്‌നോ സിറ്റിക്ക് സമീപം കാർ തടഞ്ഞ് മുളകുപൊടി വിതറി ജുവലറി ഉടമയെയും ഡ്രൈവറെയും ആക്രമിച്ച് 100 പവൻ (788 ഗ്രാം) സ്വർണം കവർച്ച ചെയ്ത മംഗലപുരം പള്ളിപ്പുറം നാഷണൽ ഹൈവേ കൂട്ടായ്മ സ്വർണ്ണക്കവർച്ചാ കേസിന്റെ കേസ് ഡയറി ഹാജരാക്കാൻ കോടതി ഉത്തരവ്. തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയാണ് അന്വേഷണ ഉദ്യോഗസ്ഥനായ ആറ്റിങ്ങൽ ഡിവൈഎസ്‌പി യോട് ജൂൺ 8 ന് സി ഡി ഫയൽ ഹാജരാക്കാൻ ഉത്തരവിട്ടത്.
ലോഡ്ജ് മുറിയെടുത്ത് കവർച്ച ആസൂത്രണം , ഗൂഢാലോചന , പ്രതികളെ രക്ഷപ്പെടുത്താൻ സഹായിക്കൽ എന്നീ കുറ്റങ്ങൾ ആരോപിക്കപ്പെട്ട് മെയ് 8 മുതൽ റിമാന്റിൽ കഴിയുന്ന പന്ത്രണ്ടാം പ്രതി കഴക്കൂട്ടം ടെക്‌നോപാർക്ക് ജീവനക്കാരൻ അൻവർ (26) സമർപ്പിച്ച റെഗുലർ ജാമ്യഹർജി പരിഗണിക്കവേയാണ് കോടതി നിർദ്ദേശം. കൃത്യത്തിൽ പ്രതിയുടെ പങ്കും പങ്കാളിത്തവും വ്യക്തമാക്കുകുന്ന ഭാഗങ്ങൾ കേസ് ഡയറി ഫയലിൽ മാർക്ക് ചെയ്ത് ഹാജരാക്കാനും അതോടൊപ്പം പ്രത്യേക റിപ്പോർട്ട് ഹാജരാക്കാനും പ്രിൻസിപ്പൽ ജില്ലാ ജഡ്ജി പി. കൃഷ്ണകുമാർ ഡി വൈ എസ് പി യോട് നിർദ്ദേശിച്ചു.
2021 ഏപ്രിൽ 9 ന് രാത്രി എട്ടുമണിയോടെ ദേശീയ പാതയിൽ ടെക്‌നോ സിറ്റി കവാടത്തിന് മുന്നിലാണ് തലസ്ഥാന ജില്ലയെ നടുക്കിയ കൂട്ടായ്മ കവർച്ച നടന്നത്. സ്വർണ്ണാഭരണങ്ങൾ നിർമ്മിച്ച് ജുവലറികൾക്ക് നൽകുന്ന മൊത്ത വ്യാപാരിയായ മഹാരാഷ്ട്ര സ്വദേശി സമ്പത്ത് , ബന്ധു ലക്ഷ്മണൻ, ഡ്രൈവർ അരുൺ എന്നിവരെ ആക്രമിച്ചാണ് സ്വർണം കവർന്നത്. സ്വർണ്ണവും കുഴൽ പണവുമായി കരുനാഗപ്പള്ളി പോകും വഴിയാണ് കവർച്ച നടന്നത്.
ഇവർ സഞ്ചരിച്ച കാറിന്റെ മുന്നിലും പിന്നിലുമായി ചുവന്ന സ്വിഫ്റ്റ് കാറിലും വെള്ള എർട്ടിഗ കാറിലുമായി പിന്തുടർന്ന കവർച്ചാ സംഘം കാർ തടഞ്ഞു നിർത്തി മരകായുധങ്ങളായ വെട്ടുകത്തികൾ കൊണ്ട് വിൻഡോ ഗ്ലാസ് അടിച്ചു തകർത്ത ശേഷം മുളകുപൊടി എറിഞ്ഞ് ആക്രമിച്ച് സ്വർണം കവരുകയായിരുന്നു. തടയുന്നതിനിടെ ജൂവലറി ഉടമക്ക് കൈക്ക് വെട്ടേറ്റു. ഡ്രൈവർ അരുണിനെയും ലക്ഷ്മണനെയും തട്ടിക്കൊണ്ടുപോയ സംഘം യാത്രാമദ്ധ്യേ അരുണിനെ മർദിച്ച ശേഷം വാവറയമ്പലം റോഡിൽ തള്ളിയിട്ടു. ലക്ഷ്മണനെ കഴക്കൂട്ടത്ത് ഇറക്കി വിട്ടു.
അതേ സമയം കവർച്ച നടന്ന് ഒന്നര മണിക്കൂർ കഴിഞ്ഞാണ് ജൂവലറി ഉടമ വിവരം പൊലീസിലറിയിച്ചത്. ഇതിനിടെ കാറിലെ മുൻ സീറ്റ് പ്ലാറ്റ്‌ഫോമിനടിയിൽ രണ്ട് രഹസ്യ അറയിലായി സൂക്ഷിച്ചിരുന്ന 75 ലക്ഷം രൂപയുടെ കുഴൽ പണം കൊല്ലത്തെ ബന്ധുവിനെ വിളിച്ചു വരുത്തി ഏൽപ്പിച്ചു. ഇയാളുടെ ഫോൺ കോൾ പരിശോധിച്ചതിൽ പൊലീസിനെ വിളിക്കും മുമ്പ് അനവധി ഫോൺ വിളികൾ നടത്തിയതായി പൊലീസ് കണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാൾ കുഴൽപണം കൈമാറിയ വിവരം വെളിപ്പെടുത്തിയത്. തുടർന്ന് പൊലീസ് തുക വീണ്ടെടുത്ത് കോടതിൽ ഹാജരാക്കി. കുഴൽപണം ലക്ഷ്യമിട്ടാണ് കവർച്ച നടന്നതെങ്കിലും കവർച്ച സംഘം സ്വർണ്ണ മടങ്ങിയ ബാഗാണ് കൈക്കലാക്കിയത്. പണം രഹസ്യ അറയിലാണുണ്ടായിരുന്നതെന്ന വിവരം കവർച്ചാ സംഘത്തിന് ലഭിച്ചിരുന്നില്ല.
അന്വേഷണത്തിന്റെ ഭാഗമായി അമ്പതോളം സി സി റ്റി വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ കവർച്ചാ സംഘം വ്യാജ നമ്പർ പ്ലേറ്റ് മാറ്റുന്നതിന്റെയും അസൽ നമ്പർ പ്ലേറ്റ് വയ്ക്കുന്നതിന്റെയും ദൃശ്യങ്ങൾ കണ്ടെത്തി. ഏപ്രിൽ 17 ന് കൗമാരക്കാരായ 4 പ്രതികളെ അറസ്റ്റ് ചെയ്തു. പെരുമാതുറ കൊട്ടാരത്തുരുത്ത് ദാറുൽ സലാം വീട്ടിൽ നെബിൻ (28) , പെരുമാതുറ കൊട്ടാരത്തുരുത്ത് പടിഞ്ഞാറ്റുവിള വീട്ടിൽ അൻസർ (28) , പോത്തൻകോട് അണ്ടൂർക്കോണം വെള്ളൂർ പള്ളിക്ക് സമീപം ഫൈസൽ (24) , കവർച്ചാ സ്വർണം പണയം വെക്കാൻ സഹായിച്ച പെരുമാതുറ സ്വദേശി നൗഫൽ എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ കൃത്യത്തിനുപയോഗിച്ച കെ എൽ 22 രജിസ്‌ട്രേഷൻ നമ്പർ സ്വിഫ്റ്റ് കാറും വീണ്ടെടുത്തു.
ടെക്‌നോപാർക്കിന് പാർക്കിന് സമീപമുള്ള ലോഡ്ജിൽ മുറി വാടകക്കെടുത്താണ് പ്രതികൾ ഗൂഢാലോചനയും ആസൂത്രണവും നടത്തിയത്. ലോഡ്ജ് മാനേജർ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പന്ത്രണ്ടാം പ്രതിയാണ് ഗൂഢാലോചനക്ക് നേതൃത്വം നൽകിയതെന്നും മറ്റു പ്രതികളെ കൊണ്ടുവിട്ടതെന്നും രക്ഷപ്പെടാൻ സഹായിച്ചതെന്നും ഒളിവിൽ പാർക്കാൻ സഹായിച്ചതെന്നുമാണ് പ്രോസിക്യൂഷൻ കേസ്. മെയ് 8 നാണ് പന്ത്രണ്ടാം പ്രതി അറസ്റ്റിലായത്.