- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാം സിനിമയെടുക്കുന്ന രീതി അടിമുടി തെറ്റ്; ഒപ്പം വ്യാപക തട്ടിപ്പും വെട്ടിപ്പും; 90 രൂപയുടെ ടീഷർട്ടിന് 900 രൂപ; പൈപ്പുവെള്ളം കുപ്പിയിലാക്കി മിനറൽ വാട്ടറാക്കും; ബജറ്റിന്റെ പത്തു ശതമാനം കളവുകൾക്ക്; ഇത് സിനിമയൊ അതോ കൊള്ളസങ്കേതമോ? ഗുഡ്നൈറ്റ് മോഹനന്റെ വെളിപ്പെടുത്തലിൽ ഞെട്ടിക്കുന്നത്
കൊച്ചി: മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത വ്യവസായിയും ചലച്ചിത്ര നിർമ്മാതാവുമാണ് ഗുഡ്നൈറ്റ് മോഹൻ എന്ന ആർ മോഹൻ. തൃശൂർ പൂങ്കുന്നത്തെ ഒരു ബ്രാഹ്മണ കുടുംബത്തിൽനിന്ന് എഞ്ചിനീയറിങ്ങ് കഴിഞ്ഞ് ബോംബെക്ക് വണ്ടികയറി, ഒരു ചെറിയ കമ്പനിയിൽ അഞ്ചൂറുരൂപ വേതനത്തിന് ജോലി തുടങ്ങിയ കല്യാണ രാമൻ എന്ന മോഹൻ, പിന്നീട് കഠിന്വാധ്വാനം കൊണ്ട് ഗുഡ്നൈറ്റ് എന്ന കൊതുക നിവാരണ യന്ത്രത്തിന്റെ ഉടമയായി കോടികൾ കൊയ്തു. യാദൃശ്ചികമായി തന്റെ ഒരു സുഹൃത്തിനെ സഹായിക്കാനായി മലയാള സിനിമയിൽ എത്തിപ്പെട്ട മോഹൻ, പിന്നെ അറിയപ്പെടുന്ന നിർമ്മാതാവുമായി.
അയ്യർ ദ ഗ്രേറ്റ് , ഞാൻ ഗന്ധർവൻ, കിലുക്കം, സ്ഫ്ടികം, കാലാപനി, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, കൊച്ചി രാജാവ് തുടങ്ങിയ ഇരുപതോളം ചിത്രങ്ങളുടെ നിർമ്മാതാവായി. ദേശാടനം, സർഗം തുടങ്ങിയ അനവധി ചിത്രങ്ങൾ സവിശേഷമായ മാർക്കറ്റിങ്ങിലൂടെ വിജയിപ്പിച്ച മോസ്റ്റ് വാണ്ടഡ് വിതരണക്കാരനായി. ഹിന്ദിയിൽ ഗർദ്ദിഷും, ദേശീയ പുര്സക്കാരം നേടിയ ചാന്ദിനിബാറും മോഹന്റെ കീർത്തി വർധിപ്പിച്ചു. സിനിമാലോകത്തുനിന്നും ആ വ്യവസായി കോടികൾ നേടുകയും അതുപോലെ കോടികൾ തുലക്കുകയും ചെയ്തു.
ഇപ്പോൾ സിനിമാ നിർമ്മാണം അവസാനിപ്പിച്ചും, ഗുഡ്നൈറ്റ് എന്ന തന്റെ കമ്പനി ശതകോടികൾക്ക് വിറ്റ്, തിരക്കാർന്ന ബിസിനസ് ലോകത്ത് നിന്ന് മാറിനിന്ന്, മുംബൈയിൽ ജൈവകൃഷിയും മറ്റുമായി കഴിയുകയാണ് ആർ മോഹൻ. ഏറെക്കാലമായി വാർത്തമാധ്യമങ്ങളിൽ ഒന്നും ഇടപിടിക്കാതെ നിശബ്ദനായി കഴിഞ്ഞിരുന്ന അദ്ദേഹം സഫാരി ടീവി ചാനലിനെ 'ചരിത്രം എന്നിലൂടെ' എന്ന പരിപാടിയിലുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് നടത്തുന്നത്.
മലയാളികൾക്ക് ഇപ്പോഴും സിനിമയെടുക്കാൻ അറിയില്ല എന്നും, സിനിമയിൽ അടിമുടിയുള്ള തട്ടിപ്പും വെട്ടിപ്പുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കുടിവെള്ളത്തിൽ തൊട്ട് കോസ്റ്റിയൂമിൽ വരെ അഴിമതിയാണെന്ന് അദ്ദേഹം തന്റെ അനുഭവങ്ങൾവെച്ച് പറയുമ്പോൾ, സത്യത്തിൽ മലയാള സിനിമാക്കാരുടെ തല കുനിഞ്ഞ് പോകേണ്ടതാണ്. ഇത് സിനിമയോ അതോ കൊള്ളസംഘമോ എന്നാണ് അഭിമുഖം കണ്ടവർക്ക് തോന്നിപ്പോവുക.
മാണിക്യക്കല്ല് തേടി അമേരിക്കയിൽ
മലയാളത്തിൽ മാത്രമല്ല, ഇന്ത്യയിൽ മൊത്തത്തിൽ സിനിമയെടുക്കുന്ന രീതി അടിമുടി തെറ്റാണെന്നാണ് ഗുഡ്നൈറ്റ് മോഹൻ സഫാരി ടീവിയിലെ ഇന്റവ്യൂവിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗം. 'മാണിക്യക്കല്ല്' എന്ന എം ടിയുടെ അതുല്യമായ തിരക്കഥ സിനിമായക്കാനുള്ള സാധ്യതകൾ തേടി ഹോളിവുഡ്ഡിൽ എത്തിയപ്പോഴാണ് തനിക്ക് ഈ കാര്യം ബോധ്യപ്പെട്ടത് എന്ന് മോഹൻ പറയുന്നു. മോഹന്റെ സംഭാഷണത്തിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്- '' അന്ന് ഇന്ത്യയിൽ ഗ്രാഫിക്സ് ഇല്ലാത്ത കാലമാണ്. ഈ കഥയിൽ പാമ്പ് കുതിരയെ വിഴുങ്ങുന്ന രംഗമൊക്കെയുണ്ട്. ഇതൊക്കെ എങ്ങനെ ചിത്രീകരിക്കുമെന്ന് അന്ന് ഒരു ധാരണയും ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഞാൻ നേരിട്ട് അമേരിക്കയിൽ പോയി ഹോളിവുഡിലെ സാങ്കേതിക വിദഗ്ധരെ കാണാൻ തീരുമാനിച്ചത്. അവിടെയുള്ള ഇന്ത്യൻ കലാകാരന്മാരുടെ സഹായത്തോടെ സ്പെഷ്യൽ ഇഫക്റ്റ് വിദഗ്ധരെ കാണാനായിരുന്നു ശ്രമം. എന്നാൽ ഇന്ത്യയിൽ നിന്നാണെന്ന് അറിഞ്ഞതോടെ ആരും അപ്പോയിന്മെന്റ് തന്നില്ല.
ഇന്ത്യൻ സിനിമ എന്ന് പുച്ഛത്തോടെയായിരുന്നു പലരുടെയും പ്രതികരണം. അവസാനം ഏറെ പണിപ്പെട്ടശേഷം ബോസ് സ്റ്റുഡിയോ എന്ന ഹോളിവുഡ് സ്റ്റുഡിയോയിലെ സ്പെഷ്യൽ ഇഫക്ട് വിദഗ്ധൻ റിച്ചാർഡ് ഹെഡ്ലൻ കാണാമെന്ന് സമ്മതിച്ചു. വെറും പത്തുമിനുട്ട് സമയമാണ് അദ്ദേഹം തന്നത്. പക്ഷേ മാണിക്യക്കല്ലിന്റെ കഥ കേട്ടതോടെ അദ്ദേഹം അമ്പരുന്നു. പത്തുമിനിട്ട് ഒരു മണിക്കൂറായി. കഥ കേട്ട് ഹെഡ്ലൻ വായതുറന്ന് ഇരുന്നുപോയി. 'അമേസിങ്ങ്, ഹൗ ഡു യു പീപ്പിൾ മേക്ക് സച്ച് സ്റ്റോറിസ്' എന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഞങ്ങൾക്ക് ഇപ്പോഴും ഫാന്റസിയെന്നാൽ സ്റ്റാർ വാർ ആണെന്നും അതിന് മുകളിലേക്ക് പോകുന്നില്ലെന്നും ഹെഡ്ലൻ സമ്മതിച്ചു. ഇത് നമുക്ക് ചെയ്യണമെന്നും അദ്ദേഹം ഉറപ്പിച്ചു. പുള്ളി അന്ന് ചെയ്തുകൊണ്ടിരിക്കുന്ന വിഖ്യാതമായ ക്ലിഫ് ഹാങ്ങർ എന്ന സിനിമയുടെ സ്പെഷ്യൽ ഇഫ്ക്ട് ചെയ്യുന്നത് എന്നെ കൊണ്ടുപോയി കാണിച്ചു.'- ഗുഡ്റൈറ്റ് മോഹൻ പറയുന്നു.
മേശയിൽ ഉണ്ടാക്കുന്ന സിനിമ
''തുടർന്ന് സിനിമ നിങ്ങൾ എങ്ങെയൊണ് എടുക്കുന്നത് എന്ന് അദ്ദേഹം ചോദിച്ചു. ഈ ചോദ്യം കേട്ട് ഞാൻ അന്തം വിട്ടുപോയി. 'ഞങ്ങൾ ഒരു കഥയുണ്ടാക്കുന്നു, ആർട്ടിസ്റ്റിനെ ഫിക്സ് ചെയ്യുന്നു, ലൊക്കേഷൻ കാണുന്നു...... ഇങ്ങനെയാണ്' ,-ഞാൻ പറഞ്ഞു. പക്ഷേ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണോ സിനിമ ചെയ്യുക എന്നാണ്. ഫിലിം ഇസ് മെയ്ഡ് ഓൺ ദ ടേബിൾ എന്നാണ് അവർ പറയുക. അതായത് തിരക്കഥ പൂർത്തിയായാൽ അവർ ഉടനെ ചേയ്യേണ്ട സീനുകൾ കൃത്യമായി പ്ലാൻ ചെയ്ത് വരച്ചുവെക്കും. അതോടെ സംവിധായകന്റെ എതാണ്ട് പണി തീർന്നു. സിപിൽബർഗ് അടക്കമുള്ള പല പ്രമുഖരും തങ്ങളുടെ എല്ലാ ഷൂട്ടിങ്ങിനും പോയിട്ടില്ല. പിന്നെ ജോലി പ്രൊഡക്ഷൻ മാനേജരുടെതോണ്. ക്യാമറാൻ അടക്കം ലൊക്കേഷനിലെ എല്ലാവരും അയാൾക്ക് താഴെയാണ്.
നേരത്തെ സംവിധായകൻ വരച്ചുവെച്ചതിൽ നിന്ന് ഒരു ഇഞ്ചോ സെന്റിമീറ്ററോ മാറാൻ പാടില്ല. ആ ഒരു കൃത്യതയോടെയാണ് സിനിമ എടുക്കുക. നിങ്ങൾ ഈ രീതിയിലാണ് ഈ സിനിമ എടുക്കേണ്ടതെന്ന് റിച്ചാർഡ് ഹെഡ്ലൻ പറഞ്ഞു. എന്റെ ചില സിനിമകൾക്ക് തിരക്കഥ പോലും ഉണ്ടായിരുന്നില്ല. അത് ലോക്കേഷനിൽവെച്ച് തൽസമയം ഉണ്ടാക്കുകയായിരുന്നു. അത് പറഞ്ഞാൽ അപ്പോൾ തന്നെ അദ്ദേഹം എന്നെ പുറത്താക്കും എന്ന് ഭയന്ന് ഞാൻ പറഞ്ഞില്ല. യു ഹാവ് ടു ഡു ലോട്ട് ഓഫ് ഹോം വർക്ക് എന്ന് അദ്ദേഹം ആവർത്തിച്ചു. അത് ചെയ്യാമെന്ന് പറഞ്ഞും ബജറ്റ് ഒരു പ്രശ്നമല്ലെന്നും പറഞ്ഞാണ് ഞാൻ അവിടെനിന്ന് പോന്നത്.
അന്ന് ഇദ്ദേഹം ആരാണെന്ന് എനിക്ക് കൃത്യമായി അറിയില്ലായിരുന്നു. ഏഴ് ഓസ്ക്കാർ അവാർഡുകൾ കിട്ടിയ ഒരു ക്യാമറാൻ ആണെന്നും സ്പിൽബർഗുമായി ചേർന്ന് ഇൻഡസ്ട്രിയിൽ ലൈറ്റ് ആൻഡ് മാജിക്ക് എന്ന സ്ഥാപനം തുടങ്ങിയ വ്യക്തിയാണെന്നുമൊക്കെ പിന്നീടാണ് അറിഞ്ഞത്.''- ഗുഡ്നൈറ്റ് മോഹൻ പറയുന്നു.
വില്ലനായത് അജയന്റെ മദ്യപാനം
''മാണിക്ക്യക്കല്ല് ആദ്യം പെരുന്തച്ചൻ സിനിമയെടുത്ത അജയനെകൊണ്ട് സംവിധാനം ചെയ്യിക്കാനാണ് തീരുമാനിച്ചത്. ക്യാമറാനായി മധു അമ്പാട്ടിനെയും തീരുമാനിച്ചു. ഇവരെയും കൊണ്ട് വീണ്ടും ഹോളിവുഡ്ഡിലെത്തി റിച്ചാർഡ് ഹെഡ്ലനെ കണ്ടു ചർച്ച നടത്തി. മധു അമ്പാട്ട് ഓസ്ക്കാർ നേടിയ ഹെഡ്ലന്റെ ഫോട്ടോയൊക്കെ എടുത്തു.
പക്ഷേ ആ പ്രാജക്റ്റ് നടന്നില്ല. വില്ലനായത് അജയന്റെ അമിതമായ മദ്യപാനം ആയിരുന്നു. ഉച്ചഭക്ഷണത്തിന് ഒന്ന് പുറത്തിറങ്ങിയ ഞങ്ങൾ കണ്ടത് കുടിച്ച് വെളിവില്ലാതെ നാലുകാലിൽ വരുന്ന അജയനെയാണ്. 'എന്ത് റിച്ചാർഡ് ഹെഡ്ലൻ ഇയാളെക്കാൾ നന്നായി ഞാൻ എടുക്കും' എന്നൊക്കെ കുടിച്ച് ബോധമില്ലാതെ അയാൾ പുലമ്പുന്നുണ്ടായിരുന്നു. അന്നുതന്നെ ഞാൻ തീരുമാനിച്ചതാണ് ഇയാളെവെച്ച് സിനിമ ചെയ്യാൻ ആവില്ലന്ന്. പക്ഷേ പിന്നീട് വർഷങ്ങൾ കഴിഞ്ഞ് ഏഷ്യാനെറ്റിന് കൊടുത്ത ഒരു അഭിമുഖത്തിൽ അജയൻ പറഞ്ഞത് ഗുഡ്നൈറ്റ് മോഹൻ എന്റെ കരിയർ തകർത്തു എന്നൊക്കെയാണ്. പക്ഷേ ഞാൻ പ്രതികരിക്കാൻ പോയില്ല. അജയന്റെ കരിയർ തകർത്തത് അജയൻ തന്നെയാണ്''- ഗുഡ്നൈറ്റ് മോഹൻ ചൂണ്ടിക്കാട്ടി.
പിന്നീട് പ്രിയദർശനെ വെച്ച് മാണിക്യക്കല്ല് ചെയ്യാൻ വേണ്ടി ശ്രമം നടത്തിയെങ്കിലും അതും നടന്നില്ല. ഈ ചിത്രത്തിനുവേണ്ടി ഒന്നര വർഷം മാറ്റിവെക്കാൻ പ്രിയദർശന് സമയം ഉണ്ടായിരിന്നില്ലെന്നും ഗുഡ് നൈററ് മോഹൻ പറയുന്നു. പിന്നീട് വർഷങ്ങൾക്കുശേഷം റിച്ചാർഡ് ഹെഡ്ലൻ ഇന്ത്യൻ സിനിമാക്കാർക്ക് ഗ്രാഫിക്സിനെ കുറിച്ച് ഒരു ക്ലാസ് എടുക്കാൻ മുംബൈയിൽ എത്തി. തന്നെ കണ്ട മാധ്യമ പ്രവർത്തകരോട് ഇന്ത്യയിൽ നിന്ന് ഗുഡ്നൈറ്റ് മോഹൻ എന്ന നിർമ്മാതാവിനെ അല്ലാതെ ആരെയും അറിയില്ലെന്നാണ് പറഞ്ഞത്. ഇതുകേട്ട് അമ്പരന്ന മാധ്യമ പ്രവർത്തകർ മോഹന്റെ വീട്ടിലും എത്തി. എന്നാൽ ആ കഥ പിന്നീട് പറയാമെന്ന് പറഞ്ഞ് മാധ്യമ പ്രവർത്തകരെ താൻ മടക്കി അയക്കുകയായിരുന്നെന്നും മോഹൻ പറയുന്നു.
വെള്ളിത്തിരയിലെ ലെൻസ് ഇഫക്ട്
അന്ന് ഹോളിവുഡിൽനിന്ന് കിട്ടിയ അനുഭവങ്ങൾവെച്ചു നോക്കുമ്പോൾ ഇന്നും മലയാളത്തിൽ തെറ്റായ രീതിയിലാണ് സിനിമയെടുക്കുന്നതെന്നും, യാതൊരു പ്ലാനിങ്ങുമില്ലാത്ത ഈ രീതിയാണ് പ്രൊഡക്ഷൻ കോസ്റ്റ് കൂട്ടുന്നതന്നെും ആർ മോഹൻ ചൂണ്ടിക്കാട്ടുന്നു. അദ്ദേഹത്തിന്റെ വാക്കുകളുടെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്.
'' എന്റെ അധികം സിനിമകളുടെയൊന്നും ലൊക്കേഷനിൽ പോകാൻപോലും എനിക്ക് സമയം ഉണ്ടായിട്ടില്ല. എന്നാൽ 'വെള്ളിത്തിര' എന്ന പൃഥീരാജ് ചിത്രം തുടങ്ങുമ്പോൾ ഞാൻ സംവിധായകനോട് പറഞ്ഞു. ഭദ്രാ ഞാൻ ത്രൂ ഔട്ട് ഈ സിനിമയിൽ ഉണ്ടാകും. നിങ്ങൾക്കൊന്നും ഇപ്പോഴും സിനിമയെടുക്കാൻ അറിയില്ല. എന്റെ കാൽക്കുലേഷൻ അതാണ്. ലൊക്കേഷനിൽ വന്നാണ് അവർ തീരുമാനിക്കുന്നത്, എന്താണ് ചെയ്യേണ്ടതെന്ന്. ഹോളിവുഡിൽ ഓരോ സീനും ഓരോ ഷോട്ടും, ഡിവൈഡ് ചെയ്ത്, വരച്ച്, എന്ത് ലെൻസാണ് യൂസ് ചെയ്യേണ്ടത് എന്ന് തീരുമാനിച്ച്, ക്യാമറ എവിടെവെക്കണം, ആർട്ടിസ്റ്റ് എവിടെ നിൽക്കണം, എന്നിവയെല്ലാം വളരെ ക്ലിയർ ആയി വരച്ചുകൊടുക്കും. ഇവിടെ അങ്ങനെ ഒന്നുമല്ല. നവ്യാനായർ പുഴയിൽ ചങ്ങാടം തുഴയുന്ന ഒരു സീൻ എടുക്കുമ്പോൾ, ആ സമയത്താണ് ക്യാമറാൻ എസ് കുമാർ അവസാന നിമിഷം ലെൻസ് മാറ്റുന്നത്. ഞാൻ ശരിക്കും ചൂടായി. ഇതൊക്കെ നേരത്തെ ചെയ്യേണ്ടതല്ലേ. ലെൻസ് എടുക്കാനായി 20 മിനുട്ടുപോയി. ഇങ്ങനെയാണ് പൈസ വേസ്റ്റാവുന്നത്. പ്രിപ്പയർ ചെയ്യാതെ സിനിമയെടുക്കാൻ വരുന്നതാണ് നമ്മുടെ കോ്സറ്റ് കൂടുന്നതിനുള്ള പ്രധാന കാരണം.
ഹോളിവുഡിൽ ഒരു ഫൈറ്റ് എടുക്കുമ്പോൾ അവർ ഫുൾ കോറിയോഗ്രാഫി ചെയ്തു വെച്ചിരിക്കും. വരച്ചുണ്ടാക്കിയിരിക്കും. ആദ്യ ഇടി ആര് ഇടിക്കണം. അപ്പോൾ ഇവർ എവിടെപ്പോയി വീഴണം. ഇതെല്ലാം, വരച്ചുവെച്ചിരിക്കും. നമ്മുടെ ഫൈറ്റ് എടുക്കുന്നത് എങ്ങനെയാണെന്ന് അറിയുമോ. ഷോട്ട് എടുക്കുന്നതിന് തലേദിവസം ഒരു ഫൈറ്റ് മാസ്റ്റർ വരും. നാല് ഫൈറ്റേഴ്സിനെയും കൊണ്ട്. പിന്നെ ഷൂട്ടിങ്ങ് സമയത്താണ് അവർ പ്ലാൻ ചെയ്യുന്നത്. അവിടെയാണ് അവർ ഫൈറ്റിന്റെ സ്ക്രിപറ്റ് ഉണ്ടാക്കുന്നത്. എതാണ്ട് ഒരു രണ്ടുമണിക്കുർ അതിന് പോകും. അപ്പോൾ ഈ ആർട്ടിസ്റ്റുകൾ ഒക്കെ വെറുതെ ഇരിക്കയാണ്. ഇങ്ങനെ ഒരു ദിവസം കൊണ്ട് എടുക്കേണ്ട ഫൈറ്റ് മൂന്ന് ദിവസം കൊണ്ട് എടുക്കും. ഇതൊക്കെ നേരത്തെ ചെയ്തുവെക്കണം. എനിക്ക് ഈ രീതി തീരെ ഇഷ്ടപ്പെട്ടില്ല. ഇങ്ങനെയല്ല സിനിമ ചെയ്യേണ്ടത് എന്ന് ഞാൻ തുറന്നു പറഞ്ഞു.
ഇത്രയധികം സിനിമ ചെയ്ത എന്ന ആളെന്ന നിലയിൽ ഞാൻ പറയുകയാണ് ഒരു പ്രിപ്പറേഷനുമില്ലാതെയാണ് നാം സിനിമയെടുക്കുന്നത്. ഒരു മുൻ പരിചയവുമില്ലാത്ത ആളാണെങ്കിൽ സമ്മതിക്കാം. എത്രയോ സിനിമയെടുത്ത സംവിധായകനും ക്യാമറാനും ഇതേ രീതി തുടർന്നാലോ. ഇപ്പോഴും അവർ അങ്ങനെ തന്നെയാണ് ചെയ്യുന്നത്. അതൊരു പാർട്ട് ഓഫ് സിനിമ മേക്കിങ്ങ് ആയി. '- ആർ മോഹൻ ചൂണ്ടിക്കാട്ടുന്നു.
പത്തുശതമാനം സിനിമയിലെ കളവുകൾക്ക്
മലയാളത്തിലടക്കം ഇന്ത്യൻ സിനിമയിൽ അടിമുടി തട്ടിപ്പും വെട്ടിപ്പുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. '' ഏറ്റവും അധികം കള്ളത്തരങ്ങൾ ഉള്ളത് സിനിമയിലാണ്. പ്രൊഡക്ഷൻ, ഫുഡ്, ആർട്ട്, ട്രാൻസ്പോർട്ടേഷൻ തുടങ്ങി എല്ലാ ഫീൽഡിലും കള്ളത്തരം ഉണ്ട്. ഇത് നിർത്താൻ ആരൊക്കൊണ്ടും പറ്റില്ല. അപ്പോൾ ഞങ്ങൾ സിനിമയുടെ ബഡ്ജറ്റ് ഇടുമ്പോൾ, മൊത്തം എക്സ്പെൻസ് കൂട്ടിയിട്ട് ഒരു പത്തു പെർസെന്റ് ആഡ് ചെയ്യും. അത് ഇതിനാണ്. സിനിമയിലെ കളവുകൾ എന്ന് പറഞ്ഞ് മാറ്റിവെക്കാൻ.
ഇതിൽ ആരെയും കുറ്റം പറയാൻ കഴിയില്ല. ഒരു എംപ്ലോയർ എംപ്ലോയി റിലേഷൻഷിപ്പ് സിനിമയിലില്ല. അപ്പോൾ അവരുടെ ലോയലിറ്റി ആത്രയേ ഉണ്ടാവൂ. എന്റെ ആദ്യ സിനിമയായ ഇസബെല്ലയിൽ ഊട്ടിയിൽ ഞങ്ങൾക്ക് ഒരാൾ വീട് ഷൂട്ട്ചെയ്യാൻ സൗജന്യമായി തന്നു. ബാലചന്ദ്രമേനോനും സുമലതയുമൊക്കെയുള്ള പടമാണ്. ഞങ്ങളുടെ വീട്ടിൽ വന്ന് ഷൂട്ട് ചെയ്യൂവെന്ന് ആളുകൾ ക്ഷണിക്കയാണ്. പൈസയൊന്നും വേണ്ട, ഞങ്ങളുടെ വീട് സിനിമയിൽ വരുന്നതിൽ സന്തോഷമേയുള്ളൂവെന്നാണ് വീട്ടുടമസ്ഥൻ പറഞ്ഞത്. ഷൂട്ടിങ്ങ് കഴിഞ്ഞ് പായ്്ക്കപ്പ് ആയപ്പോഴാണ് ഒരു സീൻ വിട്ടുപോയൊ എന്ന് ഡയറക്ടർ മോഹന് സംശയമായി. ഉടനെ അവിടെ പോയി ഷൂട്ട് ചെയ്യാൻ അനുമതി തേടിയപ്പോൾ പ്രൊഡക്ഷൻ മാനേജർ പറയുന്നത് അവർ ഷൂട്ട് ചെയ്യാൻ സമ്മതിക്കുന്നില്ല എന്നാണ്. ഇപ്പോൾ വീട്ടുടമസ്ഥൻ പറയുന്നത് അന്നത്തെയും ഇന്നത്തെയും ചേർത്ത് അയാൾക്ക് ഇരുപത്തി അയ്യായിരം രൂപ വേണമെന്നാണത്രേ. നേരത്തെ സൗജന്യമായി തന്നയാണ്. പക്ഷേ ഇപ്പോൾ നിങ്ങൾക്ക് ഇത്ര രൂപ ചോദിച്ചാൽ കിട്ടുമെന്ന് ഈ സിനിമക്ക് അകത്തുള്ളവർ തന്നെയാണ് ആ വീട്ടുകാരെ പറഞ്ഞ് ബോധ്യപ്പെടുത്തിയത്. എന്നിട്ട് നമ്മൾ വിലപേശി ചെയ്ത് കുറച്ച് കുറപ്പിച്ച് പണം കൊടുത്ത് ആ ഭാഗം ഷൂട്ട് ചെയ്ത് എടുക്കയായിരുന്നു. നമ്മുടെ ഉള്ളിലുള്ള ആളുകൾ ഇൻഫർമേഷൻ കൊടുത്തിട്ടാണ് അങ്ങനെ സംഭവിക്കുന്നത്.''- ഗുഡ്നൈറ്റ് മോഹൻ ചൂണ്ടിക്കാട്ടി.
ട്രിപ്പിൾ ഫൈവ് സിഗരറ്റിന്റെ തട്ടിപ്പ്
''അതുപോലെ ഇസബല്ല സിനിമയിൽ ബാലചന്ദ്രമേനേന്റെ കണ്ടിന്യൂവിറ്റി എന്ന് പറയുന്നത് ട്രിപ്പിൾ ഫൈവ് സിഗരറ്റ് വലിക്കുന്നതാണ്. സിനിമ അവസാനിക്കാൻ എതാനും ഷോട്ടുകൾ മാത്രം ബാക്കി നിൽക്കേ സിഗരറ്റ് തീർന്നു. ഊട്ടി മുഴവൻ തപ്പിയിട്ടും ട്രിപ്പിൾ ഫൈവ് സിഗരറ്റ് കിട്ടാനില്ല. അവസാനം പ്രൊഡക്ഷനിലെ ഒരു പയ്യൻ പറഞ്ഞു, ഞാൻ ഊട്ടി ഗേറ്റിന്റെ അവിടെ എവിടെയോ ഉള്ള ഒരു ഗേറ്റിൽ ഈ സിഗരറ്റ് കണ്ടിട്ടുണ്ടെന്ന്. അവിടെ വണ്ടിയെടുത്ത് പോയാണ് സിഗരറ്റ് കിട്ടിയത്. അന്ന് 50രൂപയുള്ള സിഗരറ്റിന് ഒരു പാക്കറ്റിന് 175 രൂപയായി. അവർ മൂന്നാല് പാക്കറ്റ് വാങ്ങിച്ചുവെച്ചു.
പക്ഷേ അവർ പറഞ്ഞതെല്ലാം കള്ളമായിരുന്നു. ഊട്ടി ഗേറ്റിന്റെ അടുത്തുനിന്ന് അവർ വാങ്ങിച്ചുവെന്നൊക്കെ പറയുന്നത് എന്റെ റൂമിൽനിന്ന് കട്ടുകൊണ്ടുപോയ സിഗരറ്റാണ്. ഇങ്ങനെ ഓരോ ഫീൽഡിലും തട്ടിപ്പും വെട്ടിപ്പുമാണ്.
ഒരു ക്രൗഡിന്റെ സീൻ എടുക്കാൻ നാൽപ്പത് ജൂനിയർ ആർട്ടിസ്റ്റുകളെ ഉള്ളൂ എന്ന് വെക്കുക. 60 പേരുടെ ബില്ല് വരും. കുടിക്കാനുള്ള വെള്ളത്തിൽവരെ പറ്റിക്കും. ഒരു ലൊക്കേഷനിൽ പോയി നോക്കിയപ്പോൾ, ഞാൻ കണ്ടത് അവിടുത്ത പ്രൊഡക്ഷൻ ബോയ്, മിനറർ വാട്ടർ ബോട്ടിൽ എടുത്ത് പൈപ്പിൽനിന്ന് വെള്ളം നിറയ്ക്കയാണ്. ഇതിന് വൈകുന്നേരം ആകുമ്പോൾ മിനറൽ വാട്ടറിന്റെ ബില്ല് വരും. ഇങ്ങനെ സിനിമയിലെ കള്ളത്തരങ്ങൾ പറഞ്ഞാൽ തീരില്ല.
എന്റെ ഒരു സിനിമയിൽ തന്നെ പൊലീസ് സ്റ്റേഷൻ സീനിൽ കുറേ ബോക്സ് ഫയൽസ് വേണം. ഒരു ബോക്സ് ഫയലിന് ഒരു ദിവസം ഒരു രൂപ വാടക. അങ്ങനെ നൂറ് ബോക്സ് ഫയൽ ഉണ്ട് അവിടെ. നൂറുരുപവെച്ച് 30 ദിവസത്തെക്ക് മൂവായിരം രൂപ വാടക. എന്നാൽ അത് മൊത്തം വാങ്ങാൻ വെറും രണ്ടായിരം രൂപയെ വിലയുള്ളൂ. അത് പിന്നെ ആർക്കെങ്കിലും കൊടുക്കുകയെങ്കിലും ചെയ്യാമായിരുന്നു. പക്ഷേ അവർ അത് ചെയ്യില്ല. ഇത് അവരുടെ തന്നെ ഫയലാണ്. മിക്കവാറും സിനിമയിൽ ഉപയോഗിക്കുന്ന ഒബ്ജറ്റുകൾ ഒക്കെ ഈ ആർട്ട് ഡിപ്പാർട്ട്മെന്റിലെ ആളുകളുടേത് ആയിരിക്കും. പക്ഷേ അവർ അത് അവിടെനിന്ന് കൊണ്ടുവന്നും ഇവിടെ നിന്ന് കൊണ്ടുവന്നു എന്ന് പറഞ്ഞ് വൻ വാടക പ്രൊഡ്യൂസറുടെ കൈയിൽനിന്ന് വാങ്ങിക്കും. ഇതൊന്നും നൂറുശതമാനവും ചെക്ക് ചെയ്യാൻ പറ്റില്ല.
കോസ്റ്റിയൂമിന്റെ തട്ടിപ്പ് ഒരിക്കൽ ഞാൻ പിടിച്ചിട്ടുണ്ട്. എന്റെ ഹിന്ദി സിനിമയിൽ. 90 രൂപക്ക് വാങ്ങിയ ടീ ഷർട്ടിന് അവർ ബില്ലിടുക 900 രൂപയെന്നാണ്. ഒരിക്കൽ അവർ സ്റ്റിക്കർ മാറ്റാൻ മറന്നുപോയതാണ് ഇത് ഞാൻ കണ്ടുപിടിക്കാൻ കാരണം. പക്ഷേ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല. അവർ വഴക്കടിച്ച് പോയാൽ പടം നിൽക്കും. '' ഗുഡ് നൈറ്റ് മോഹൻ പറയുന്നു.
വളരെ സൂക്ഷിച്ച് മാത്രം സിനിമയെടുക്കുക
'' ഞാൻ എടുത്ത ചിത്രങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടതാണ് കൃഷ്ണഗുഡിയിൽ ഒരു പ്രണയാകാലത്ത് എന്ന കമൽ ചിത്രം. പക്ഷേ അത് പ്രതീക്ഷിച്ച രീതിയിൽ കളക്റ്റ് ചെയ്തില്ല. അന്ന ആ സിനിമയെ ബാധിച്ചത് ഒരു ബസ് സമരമായിരുന്നു. സിനിമ വളരെ സെൻസിറ്റീവാണ്. എന്ത് സംഭവിച്ചാലും എവിടെ സംഭവിച്ചാലും സിനിമയെ ബാധിക്കും. യുദ്ധം വന്നാലും അരിക്ക് വിലകൂടിയാലും ഡീസലിന് വില കൂടിയാലും അത് സിനിമയെ ബാധിക്കും. '- ഗുഡ് നൈറ്റ് മോഹൻ ചൂണ്ടിക്കാട്ടി.
പുതിയ പ്രെഡ്യുസർമാർക്ക് വളരെ സൂക്ഷിച്ചുമാത്രം സിനിമയെടുക്കുക എന്ന ഒരു ഉപദേശം നൽകിയാണ് അദ്ദേഹം സഫാരി ടീവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടി അവസാനിപ്പിക്കുന്നത്. 'സിനിമ എടുക്കാൻ വരുന്നവർ വളരെ സൂക്ഷിച്ച് മാത്രം ചെയ്യുക. സിനിമക്ക് അങ്ങനെ ഒരു അഡിക്ഷൻ ഉണ്ട്. ഒരിക്കൽ ഇതിൽ വന്നാൽ പിന്നെ പുറത്തുപോകാൻ വലിയ ബുദ്ധിമുട്ടാണ്. ഞാൻ എങ്ങനെയോ പുറത്തുവന്നു. ബാക്കിയുള്ള അഡിക്ഷനെപ്പോലെ ഈ അഡിക്ഷനും മാറ്റി. ഇനി സിനിമ ചെയ്യില്ല എന്നില്ല. ഞാനേ അല്ലെങ്കിൽ മകനോ വീണ്ടും സിനിമ ചെയ്തേക്കാം.'- ഇങ്ങനെയാണ് ഗുഡ്നൈറ്റ് മോഹൻ തന്റെ അഭിമുഖ പരമ്പര അവസാനിപ്പിക്കുന്നത്.
കടപ്പാട്: സഫാരി ടിവി
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ