പത്തനംതിട്ട: കാപ്പ നിയമപ്രകാരം കൊല്ലം ജില്ലയിൽ നിന്നും പുറത്താക്കപ്പെട്ട നിരവധി ക്രിമിനൽ കേസുകളിലെ പ്രതി മാറിത്താമസിച്ച ജില്ലകളിലെല്ലാം കാമുകിമാരെ സമ്പാദിച്ചു. സാമൂഹിക മാധ്യമങ്ങൾ വഴി പെൺകുട്ടികളെ വളച്ച് ഗോപാലകൃഷ്ണനായി വിലസിയ ഗുണ്ടാ നേതാവ് ഒടുവിൽ പോക്സോ കേസിൽപ്പെട്ടു. പിന്തുടർന്നെത്തിയ പൊലീസിൽ നിന്ന് രക്ഷപ്പെടാൻ സഹായിച്ചത് ഏറ്റവും പുതിയ കാമുകി. തമിഴ്‌നാട്ടിലേക്ക് കാമുകിക്കൊപ്പം പാഞ്ഞ ഗുണ്ടയെ തേടി പൊലീസിന്റെ സിനിമ സ്റ്റെൽ ചേസിങ്. പിടിയിലായ പ്രതിയുടെ കാമുകിമാരെ കണ്ട് കണ്ണു തള്ളി അന്വേഷണ സംഘം.

കൊല്ലം അറയ്ക്കൽ ചന്ദ്രമംഗലത്ത് അനുലാൽ (25) ആണ് അടൂർ പൊലീസിന്റെ പിടിയിലായത്. സാമൂഹിക മാധ്യമങ്ങൾ വഴി സൗഹൃദത്തിലായ ഏനാത്ത് സ്വദേശിയായ പതിനഞ്ചുകാരിയെ ഫെബ്രുവരി ആദ്യം അടൂർ കെഎസ്ആർ ടിസി ജങ്ഷനിൽ നിന്നും ബൈക്കിൽ കയറ്റി കൊണ്ടു പോയി ആലപ്പുഴ ബീച്ചിന് സമീപമുള്ള ലോഡ്ജിലെത്തിച്ച് ലൈംഗിക പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.

കഴിഞ്ഞ ആറിനാണ് പെൺകുട്ടി ഇതു സംബന്ധിച്ച് അടൂർ പൊലീസിൽ മൊഴി നൽകിയത്. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ നിർദ്ദേശപ്രകാരംഡിവൈഎസ്‌പി ആർ. ബിനുവിന്റെ മേൽനോട്ടത്തിൽ പൊലീസ് ഇൻസ്പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ചാലക്കുടിയിൽ സിനിമാ സ്റ്റൈൽ ചേസിങ്ങിനൊടുവിൽ പ്രതിയെ പിടികൂടി.

അഞ്ചൽ, പുനലൂർ, കൊട്ടാരക്കര പൊലീസ് സ്റ്റേഷനുകളിലായി പന്ത്രണ്ടോളം ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ തിരുവനന്തപുരം റേഞ്ച് ഡിഐജിയുടെ ഉത്തരവ് പ്രകാരം കൊല്ലം ജില്ലയിൽ നിന്നും നാടുകടത്തിയിരുന്നു. എറണാകുളത്തേക്ക് കടന്ന ഇയാൾ, പോക്സോ കേസിൽ പൊലീസ് തെരയുന്നതറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് അറസ്റ്റിലായത്.

ഇയാളുടെ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം തുടർന്നുവെങ്കിലും ആ ഫോൺ ഉപയോഗത്തിലില്ലെന്ന് വ്യക്തമായി. വിശദാംശം പരിശോധിച്ചപ്പോൾ സ്ഥിരമായി ഒരു നമ്പരിലേക്ക് വിളിച്ചിരുന്നതായി കണ്ടെത്തി. ഈ നമ്പർ ഇയാളുടെ എറണാകുളത്തെ കാമുകിയുടേതായിരുന്നു. നമ്പറിന്റെ ലൊക്കേഷൻ സൈബർ സെല്ലിന്റെ സഹായത്തോടെ തിരിച്ചറിഞ്ഞ ശേഷം പൊലീസ് സംഘം കാക്കനാട്ട് എത്തി. ഒരു ഹോസ്റ്റലിൽ ഇയാളും കാമുകിയും ഉണ്ടെന്ന് മനസിലാക്കിയ പൊലീസ് രാത്രി ഹോസ്റ്റൽ വളഞ്ഞ് കാത്തിരുന്നു.

വെളുപ്പിന് പുറത്തിറങ്ങിയ ഇയാൾ പൊലീസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞു. കൂടെയുണ്ടായിരുന്ന കാമുകിയുമായി ഇരുചക്രവാഹനത്തിൽ ചാലക്കുടിയിലേക്ക് പാഞ്ഞു. ആതിരപ്പള്ളി, വാൽപ്പാറ വഴി തമിഴ്‌നാട്ടിൽ കടക്കുകയായിരുന്നു ലക്ഷ്യം. പൊലീസ് ഇൻസ്പെക്ടറും സംഘവും പിന്തുടർന്ന് ചാലക്കുടിക്കും ആതിരപ്പള്ളിക്കും ഇടയിൽ വച്ച് സാഹസികമായ വാഹനചേസിങ്ങിലൂടെ പിടികൂടുകയാണുണ്ടായത്.

വീടുകയറി ആക്രമണം, സ്ത്രീകൾക്കു നേരെ അതിക്രമം, വധശ്രമം, പൊലീസിനെ ആക്രമിക്കൽ തുടങ്ങിയ ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. എസ്‌ഐ എം. മനീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ് ,രതീഷ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.
എസ്‌ഐ ബിജു ജേക്കബ്, സിവിൽ പൊലീസ് ഓഫീസർമാരായ റോബി ഐസക്, ശ്രീജിത്ത് എന്നിവരും അന്വേഷണത്തിൽ പങ്കെടുത്തു.