- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രീയ നേതാക്കൾക്കെതിരെ ഊഹാപോഹങ്ങൾ പുറത്തുവിടുന്നു; പിന്നിൽ രഹസ്യ അജണ്ട; ക്രൈംബ്രാഞ്ച് കേസിനെതിരായ ഇഡിയുടെ ഹർജി തള്ളണം; സ്വപ്നയുടെ ശബ്ദരേഖയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടത് ഇഡി എന്നും സത്യവാങ്മൂലത്തിൽ സർക്കാർ; കേസ് നാളെ ഹൈക്കോടതി പരിഗണിക്കും
കൊച്ചി: ക്രൈംബ്രാഞ്ച് കേസിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച ഹർജി തള്ളണമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഇ.ഡിക്ക് രഹസ്യ അജൻഡയുണ്ടെന്നും ഇ.ഡിയുടെ കസ്റ്റഡിയിൽ ഇരുന്നപ്പോഴാണ് ശബ്ദം റെക്കോഡ് ചെയ്തതെന്ന് സ്വപ്ന സമ്മതിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി. നൽകിയ ഹർജിയിലാണ് സംസ്ഥാന സർക്കാർ മറുപടി സത്യവാങ്മൂലം നൽകിയത്.
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചെന്ന സ്വപ്നയുടെ മൊഴിയുടെ അധികാരികത പരിശോധിച്ചതായും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷമാണ് ഇ.ഡിക്കെതിരേ കേസെടുത്തത്. ഇ.ഡിയുടെ കസ്റ്റഡിയിലുള്ളപ്പോഴാണ് മുഖ്യമന്ത്രിക്കെതിരേ മൊഴി നൽകാൻ നിർബന്ധിച്ചെന്ന ശബ്ദരേഖ റെക്കോഡ് ചെയ്തതെന്ന് സ്വപ്ന സമ്മതിച്ചിട്ടുണ്ട്. സ്വന്തം കൈപ്പടയിലെഴുതിയ കത്തിലും സ്വപ്ന ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇ.ഡിയുടെ ഹർജിയിൽ ഉന്നയിച്ച ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണ്. ഇ.ഡിക്ക് രഹസ്യ അജൻഡയുണ്ടെന്നും സത്യവാങ്മൂലത്തിൽ സർക്കാർ പറയുന്നു. സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്കെതിരെ ഊഹാപോഹങ്ങളും അഭ്യൂഹങ്ങളും പുറത്തുവിടുന്നത് ഇതിന്റെ ഭാഗമാണെന്നും സർക്കാർ കോടതിയിൽ പറഞ്ഞു.
ഇ.ഡി. അഡീഷണൽ ഡെപ്യൂട്ടി ഡയറക്ടറായ പി. രാധാകൃഷ്ണനെതിരേയും സത്യവാങ്മൂലത്തിൽ പരാമർശമുണ്ട്. ഇദ്ദേഹം പ്രതികളുടെ മൊഴികൾ ദുരുപയോഗം ചെയ്തെന്നും ഉന്നതർക്കെതിരേ ഊഹാപോങ്ങൾ പുറത്തുവിടുക എന്ന ഉദ്ദേശ്യത്തോടെയാണ് ഹർജിക്കൊപ്പം മറ്റുരേഖകളും ഹാജരാക്കിയതെന്നും സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്തമാക്കി.
ക്രൈംബ്രാഞ്ചിന്റെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി. നൽകിയ ഹർജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ ഹരിൻ പി.ലാവലാകും ചൊവ്വാഴ്ച സർക്കാരിന് വേണ്ടി ഹൈക്കോടതിയിൽ ഹാജരാവുക.
അതേ സമയം സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന ഇഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് സംഘം വീണ്ടും കേസെടുത്തിരുന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
സ്വർണക്കടത്ത് കേസിൽ പിടിയിലായി തടവിലുള്ള സന്ദീപ് നായരുടെ അഭിഭാഷകനാണ് പരാതിക്കാരൻ. സന്ദീപ് നായർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അഭിഭാഷകൻ ഡിജിപിക്ക് പരാതി നൽകിയത്. ഇഡിക്കെതിരെ സന്ദീപ് നായർ നേരെത്തെ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കത്ത് നൽകിയിരുന്നു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചന കുറ്റം അടക്കമുള്ളവ ചുമത്തി നേരത്തെയും കേസെടുത്തിരുന്നു. ഇതോടെ കേന്ദ്ര ഏജൻസികളും സംസ്ഥാന സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ പുതിയ തലത്തിലേക്ക് കടന്നിരുന്നു. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ സ്വപ്ന സുരേഷിനെ നിർബന്ധിച്ചെന്ന പരാതിയിലാണ് ഉദ്യോഗസ്ഥർക്കെതിരെ കേരള പൊലീസ് കേസെടുത്തത്.
മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തിയതിനാണ് കേസ്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശത്തെ തുടർന്നായിരുന്നു അന്ന് കേസെടുത്തത്.
സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖയെ കുറിച്ചുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് അനുസരിച്ചാണ് നടപടി. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചുവെന്ന സ്വപ്നയുടെ ശബ്ദരേഖ നേരത്തെ പുറത്തുവന്നിരുന്നു. ഇത് തന്റെ ശബ്ദമാണെന്ന് സ്വപ്ന ക്രൈംബ്രാഞ്ചിനോട് സമ്മതിക്കുകയും ചെയ്തു. സ്വപ്നയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന നാല് വനിതാ പൊലീസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിക്കെതിരെ മൊഴിനൽകാൻ സ്വപ്നയെ ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തിയതായി അന്വേഷണ സംഘത്തോട് പറഞ്ഞു. സ്വപ്നയെ ഇഡി ചോദ്യം ചെയ്യുമ്പോൾ ഇവരും ഒപ്പമുണ്ടായിരുന്നു. ഡി വൈ എസ് പി രാധാകൃഷ്ണൻ മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാൽ മാപ്പ് സാക്ഷിയാക്കാമെന്ന് സ്വപ്നയ്ക്ക് വാഗ്ദാനം നൽകിയതായും മൊഴിയുണ്ട്.
തെറ്റായി ഒരാളെ കേസിൽ ഉൾപ്പെടുത്താൻ ഗൂഢാലോചന നടത്തുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നത് ഔദ്യോഗിക കൃത്യനിർവ്വഹണത്തിന്റെ ഭാഗമല്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസുമായി ബന്ധമില്ലാത്തവരുടെ പേര് പറയിക്കാനുള്ള ശ്രമം ഗുരുതര നിയമലംഘനമാണ്. കേസ് അട്ടിമറിക്കാനും വഴി തിരിച്ചുവിടാനുമാണിതെന്നായിരുന്നു സർക്കാരിന്റെ വാദം.
മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിക്കുന്നുവെന്നായിരുന്നു സ്വപ്നയുടെ ശബ്ദരേഖ. ശബ്ദരേഖയിൽ അന്വേഷണം ആവശ്യപ്പെട്ട് ഇ ഡി 2020 നവംബർ 20ന് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം. ഈ അന്വേഷണത്തിലാണ് ഇ ഡിക്കെതിരെ സാക്ഷിമൊഴികൾ ലഭിച്ചത്. തുടർന്ന് നിയമോപദേശം അനുകൂലമായതിനെ തുടർന്നാണ് കേസെടുത്തത്.