കോഴിക്കോട്: സിപിഎം പ്രവർത്തകർ പ്രതികളായ കേസ് നിയമസഭാ രേഖകളിൽ നിന്ന് മുക്കി സംസ്ഥാന സർക്കാർ. പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിൽ അതിക്രമിച്ച് കയറി ഡോക്ടറെ മർദ്ദിക്കുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്ത കേസാണ് നിയമസഭാ ചോദ്യത്തിനുള്ള മറുപടിയിൽ നിന്ന് ഒഴിവാക്കിയത്.

ആശുപത്രികളുടെ സുരക്ഷാകാര്യങ്ങളിലും, ആശുപത്രി ആക്രമണങ്ങളിലും ഉള്ള പരാതികൾ സംബന്ധിച്ച നടപടികൾ നിയമസഭയിൽ കെ.പി.എ മജീദ് എംഎ‍ൽഎയാണ് ചോദിച്ചത്. എന്നാൽ, മറുപടിയിൽ, സിപിഎം നിയന്ത്രണത്തിലുള്ള ഇ.എം.എസ് സഹകരണ ആശുപത്രി ആക്രമണ കേസ് സംബന്ധിച്ച പരാമർശങ്ങളില്ലെന്നാണ് പരാതി.

സംസ്ഥാനത്ത് 2021 ജൂൺ ഒന്ന് മുതൽ 2022 ജൂൺ 15 വരെ കേരള ഹെൽത്ത് കെയർ സർവീസ് പേർസൺ ആൻഡ് ഹെൽത്ത് കെയർ സർവീസ് ഇൻസ്റ്റിറ്റിയൂഷൻ പ്രിവൻഷൻ ആൻ വൈലൻസ് ആൻഡ് ഡാമേജ് ഓഫ് പ്രോപർറ്റി ആക്ട് പ്രകാരം 140 പരാതികളിൽ 138 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് മന്ത്രി വീണാ ജോർജ് മറുപടി നൽകിയത്.

എന്നാൽ കഴിഞ്ഞ ഫെബ്രുവരി 11ന് നടന്ന ഇ.എം.എസ് ആശുപത്രി അക്രമ സംഭവത്തിൽ ഡോക്ടറുടെ പരാതിയിലെടുത്ത കേസ് ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ആശുപത്രിയിൽ രോഗി മരണപ്പെട്ടത് ആശുപത്രി അധികൃതരുടെ അനാസ്ഥയിലാണെന്ന് ആരോപിച്ച് ഒരു സംഘം ന്യൂറോ സർജൻ ഡോ. ജയകൃഷ്ണനെ മർദ്ദിക്കുകയും ആശുപത്രിയിൽ നാശനഷ്ടമുണ്ടാക്കുകയും ചെയ്യുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിൽ ഫെബ്രുവരി 11 ന് 0145 നമ്പറിൽ എഫ്.ഐ.ആകർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 15 ഓളം പേരെ പ്രതിചേർത്തിട്ടുമുണ്ട്.

സിപിഎം നിയന്ത്രണത്തിലുള്ള ആശുപത്രിയിൽ സിപിഎമ്മുമായി ബന്ധമുള്ളവർ തന്നെ നടത്തിയ അക്രമം നടത്തിയ കേസ് ഒതുക്കി തീർക്കാൻ ശ്രമങ്ങൾ നടക്കുകയും പ്രതികളെ പിടികൂടുന്നത് വൈകുകയും ചെയ്തതോടെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സമരം നടത്തിയിരുന്നു. ഇതോടെ അഞ്ച് പേരെ പ്രതി ചേർക്കുകയും മൂന്ന് പേരെ റിമാന്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ കേസിൽ മുഴുവൻ പ്രതികളെയും പിടികൂടിയിട്ടില്ലെന്നാണ് വിവരം.

ഒരു വർഷത്തിനിടെ ആശുപത്രികൾക്കും ജീവനക്കാർക്കും നേരെ നടന്ന ആക്രമണങ്ങളിൽ കൂടുതലും എറണാകുളം (16), കോഴിക്കോട് (15) തൃശൂർ (13), ഇടുക്കി (12), തിരുവനന്തപുരം (12) മലപ്പുറം (10) ജില്ലകളിലാണ്.