തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ സസ്പെൻഷൻ പിൻവലിച്ചു. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങി. ശിവശങ്കറിന്റെ സസ്പെൻഷൻ കാലാവധി ഇന്ന് അർധരാത്രിയോടെ അവസാനിക്കാനിരിക്കെയാണ് നടപടി. എന്നാൽ ശിവശങ്കറിന്റെ തസ്തിക സംബന്ധിച്ച കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇക്കാര്യത്തിൽ നാളെ വിജ്ഞാപനം ഉണ്ടായേക്കാം. ഒരുവർഷത്തിനും അഞ്ച് മാസത്തിനും ശേഷമാണ് സസ്പെൻഷൻ പിൻവലിക്കുന്നത്.

സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതിയുമായി ബന്ധത്തെ തുടർന്ന് 2019 ജൂലൈയിൽ ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്തത്.സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ സംബന്ധിച്ച് ആറ് മാസം കൂടുമ്പോൾ റിവ്യൂ നടക്കാറുണ്ട്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കുന്നത്. രണ്ട് തവണ റിവ്യൂ നടന്നപ്പോഴും ശിവശങ്കറിനെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിരുന്നില്ല.

സ്വർണക്കടത്ത് കേസിലെ അവ്യക്തത ഇപ്പോഴും തുടരുകയുമാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ തിരിച്ചെടുക്കണമെന്ന് സമിതി ശുപാർശ നൽകിയിക്കുന്നത്.ശിവശങ്കറിനെതിരെ ഏറ്റവും പ്രധാനപ്പെട്ട കേസ് രജിസ്റ്റർ ചെയ്തത് കസ്റ്റംസായിരുന്നു. ഡോളർ കടത്തുമായി ബന്ധപ്പെട്ട ഈ കേസ് സംബന്ധിച്ച വിശദാംശങ്ങൾ ഡിസംബർ 30നകം നൽകണമെന്ന് സമിതി കസ്റ്റംസിനോട് ആവശ്യപ്പെട്ടു. എന്നാൽ കസ്റ്റംസ് ഇതിനോട് ഒരു തരത്തിലും പ്രതികരിച്ചില്ല. ഈ സാഹചര്യവും സമിതി വിലയിരുത്തി. പിന്നാലെയാണ് ശിവശങ്കറിന്റെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന ആവശ്യം സമിതി ഉന്നയിച്ചത്

ഒന്നാം പിണറായി സർക്കാരിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ തന്നെ നിയന്ത്രിച്ചിരുന്ന പ്രധാനികളിൽ ഒരാളാണ് അദേഹം. 2023 ജനുവരി വരെയാണ് ശിവശങ്കറിന് സർവ്വീസ് കാലാവധിയുള്ളത്. അറസ്റ്റിന് ശേഷം 98 ദിവസം ജയിൽ വാസം അനുഭവിച്ചു. 2020 ഫെബ്രുവരി നാലിന് ശിവശങ്കർ ജാമ്യത്തിൽ ഇറങ്ങി. സ്വപ്ന അനധികൃതപണമിടപാടുകൾ നടത്തിയത് ശിവശങ്കറിന് വേണ്ടിയെന്നാണ് ഇ.ഡി നിഗമനം.

എന്നാൽ വേണ്ടത്ര തെളിവുകൾ കണ്ടെത്താൻ ഇ.ഡിക്ക് ആയില്ല. സ്വപ്നയുടെ ലോക്കറിൽ കണ്ടെത്തിയ പണം ലൈഫ് മിഷനിൽ ശിവശങ്കറിന് കിട്ടിയ കമ്മിഷനെന്നാണ് ഇ.ഡി പറയുന്നത്. അതും ഫലം കണ്ടില്ല. മുഖ്യമന്ത്രി ഇതുവരെ കടുത്ത ഭാഷയിൽ ശിവശങ്കറിനെ വിമർശിച്ചിട്ടില്ല. ശിവശങ്കറിനെതിരേ ഉയർന്ന ആരോപണങ്ങൾ സർക്കാർ വിശ്വസിച്ചിട്ടുമില്ലെന്നും മംഗളം റിപ്പോർട്ടിൽ വിശദീകരിക്കുന്നു. എന്നാൽ കേസിന്റെ വിചാരണ ഉടൻ തുടങ്ങുമെന്നതാണ് യാഥാർത്ഥ്യം.

ആരോപണങ്ങൽ സർക്കാർ വിശ്വസിക്കാത്തതു കൊണ്ടാണ് ഇ.ഡിക്കെതിരേ നിയമ നടപടി സ്വീകരിക്കാൻ സർക്കാർ ഒരുങ്ങിയതും കോടതി ഇടപെടലുകൾ ഉണ്ടായതും. കഴിഞ്ഞ ജൂലായ് 16നായിരുന്നു ആദ്യ സസ്‌പെൻഷൻ. പിന്നീട് രണ്ടാമതും. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ഓക്ടോബർ 28 ന് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ തലസ്ഥാനത്തെ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ നിന്ന് ശിവശങ്കറിനെ ഗൂഢാലോചന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.