കൊച്ചി: രാഹുൽ ചക്രപാണിയുടെ ഉടമസ്ഥതയിൽ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ഇംഗ്ലീഷ് കോച്ചിങ് സെന്ററായ മെഡ് സിറ്റി ഇന്റർനാഷണൽ അക്കാഡമിയിൽ കോടികളുടെ ജി.എസ്.ടി വെട്ടിപ്പുനടന്നതായി കണ്ടെത്തി. കേരളത്തിലെ 14 ബ്രാഞ്ചുകളിൽ ജി.എസ്.ടി ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് നടത്തിയ മിന്നൽ പരിശോധനയിലാണ് വെട്ടിപ്പ് കണ്ടെത്തിയത്. ഇപ്പോഴും ഈ സ്ഥാപനങ്ങളിൽ റെയ്ഡ് തുടരുകയാണ്. കൃത്യമായ കണക്കുകൾ രാത്രിയോടെ പുറത്ത് വിടുമെന്നാണ് കരുതുന്നത്.

ഇന്ന് രാവിലെ 10 മണിയോടെയാണ് ജി.എസ്.ടി വകുപ്പിന്റെ റെയ്ഡ് ആരംഭിച്ചത്. ജോയിന്റ് കമ്മിഷണർ (ഐ.ബി.) സാജു നമ്പാടന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. റെയ്ഡിൽ കണക്കിൽപ്പെടാത്ത നിരവധി ബില്ലുകളും മറ്റും കണ്ടെത്തിയിട്ടുണ്ട്. ബില്ലിൽ തിരിമറി നടത്തിയാണ് ജി.എസ്.ടി തട്ടിപ്പ് നടത്തിവന്നത്. ഇക്കാര്യങ്ങൾ രഹസ്യമായി മനസ്സിലാക്കിയ ശേഷമായിരുന്നു റെയ്ഡ് നടന്നത്. സ്ഥാപനങ്ങളിൽ നടന്ന തട്ടിപ്പിന്റെ കണക്കുകൾ ലഭിച്ചതിന് ശേഷം നികുതി തിരിച്ചടയ്ക്കാനായി നോട്ടീസ് ഇഷ്യൂ ചെയ്യും. നികുതിക്ക് പുറമേ പിഴയും ഉണ്ടാകും. കോടികൾ തട്ടിപ്പ് നടത്തിയതായാണ് അനൗദ്യോഗികമായി ലഭിച്ചിരിക്കുന്ന വിവരം. തൃശൂരിലാണ് റെയ്ഡ് ആരംഭിച്ചത്. കണ്ണൂരിലെ ഹെഡ് ഓഫീസിലടക്കം റെയ്ഡ് നടന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം സംസ്ഥാന ചരക്ക്, സേവന നികുതിവകുപ്പ് ഇൻവെസ്റ്റിഗേഷൻ വിഭാഗം 'ഓപ്പറേഷൻ മൂൺലൈറ്റ്' എന്ന പേരിൽ ഹോട്ടലുകളിൽ റെയ്ഡ് നടത്തിയതിന്റെ പിന്നാലെയാണ് മെഡ്‌സിറ്റി ഇന്റർനാഷണൽ അക്കാഡമിയിൽ പരിശോധന നടക്കുന്നത്.

രാഹുൽ ചക്രപാണി മുൻപ് തട്ടിപ്പ് കേസിൽ പ്രതിയായി അറസ്റ്റിലായിട്ടുണ്ട്. ജോലിക്കെന്ന പേരിലും വമ്പൻ ബിസിനസ് സാമ്രാജ്യത്തിലെ നിക്ഷേപം എന്ന പേരിലും കോടികൾ പിരിച്ചുകൂട്ടിയ രാഹുലിനെതിരെ ബിസിനസ് പങ്കാളികൾ തന്നെ പൊലീസിനെ സമീപിച്ചതിനെ തുടർന്നാണ് 2018ൽ ഇയാൾ അറസ്റ്റിലാകുന്നത്. യുകെ അടക്കം വിദേശ രാജ്യത്തു പോകാം എന്ന പ്രലോഭനം നൽകി വ്യാജ സർട്ടിഫിക്കറ്റുകൾ അടിച്ചു നൽകിയിരുന്നതായും മുൻപ് പരാതിയുണ്ട്. യുകെയിൽ പോകാൻ സിബിടി എന്ന പേരിൽ ഹ്രസ്വകാല കോഴ്‌സ് നടത്തിയിരുന്ന രാഹുൽ ഈ വകയിലും ലക്ഷങ്ങൾ സമ്പാദിച്ചു കൂട്ടിയതായി സൂചനയുണ്ട്. കടലാസ്സ് വിലയില്ലാത്ത കോഴ്‌സുകളുടെ സർട്ടിഫിക്കറ്റിനായി 5000 ഉം 6000 ഉം ഒക്കെ തരാതരം പോലെയാണ് ഇയാൾ വാങ്ങിയിരുന്നത്. ഇപ്പോൾ ജി.എസ്.ടി തട്ടിപ്പ് കേസിലും ഇയാൾ പ്രതിയായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ 81.7 കോടി രൂപയുടെ വിറ്റുവരവ് വെട്ടിപ്പ് ജി.എസ്.ടി ഇൻവെസ്റ്റിഗോഷൻ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതിലൂടെ 4.08 കോടിയുടെ നികുതിനഷ്ടമാണ് സംസ്ഥാനത്തിനുണ്ടായത്. സംസ്ഥാനവ്യാപകമായായിരുന്നു പരിശോധന. 12 ജില്ലകളിലെ 32 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. പലസ്ഥാപനങ്ങളും വ്യാപാരത്തിന്റെ വിവരങ്ങൾ ഒരുദിവസത്തിൽ കൂടുതൽ സൂക്ഷിക്കാറില്ല എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പരമാവധി ബില്ലുകൾ സ്ഥാപനത്തിൽനിന്ന് ശേഖരിക്കാനാണ് പരിശോധന നടത്തിയത്. ഹോട്ടലുകളിൽ ശരാശരി ഒരുദിവസം നടക്കുന്ന വിറ്റുവരവും ജി.എസ്.ടി. റിട്ടേണിൽ വെളിപ്പെടുത്തുന്ന വിറ്റുവരവും തമ്മിലുള്ള അന്തരം കണ്ടെത്താനായിരുന്നു പരിശോധന. യഥാർഥ വിറ്റുവരവ് കാണിക്കാതെയും രജിസ്‌ട്രേഷൻ എടുക്കാതെയും റിട്ടേണുകൾ സമർപ്പിക്കാതെയുമാണ് പല ഹോട്ടലുകളും നികുതിവെട്ടിപ്പ് നടത്തിയിരുന്നത്.

ഉപഭോക്താവിന്റെ കൈയിൽനിന്ന് പിരിച്ചശേഷം സർക്കാരിലേക്ക് അടയ്ക്കാത്ത നികുതിയുടെ തോതും നികുതിപിരിക്കാൻ അനുവാദമില്ലാത്ത ഹോട്ടലുകൾ നികുതി പിരിച്ചിട്ടുണ്ടോ എന്നകാര്യവും വകുപ്പ് പരിശോധിക്കുന്നുണ്ട്. ഒരുവർഷം 20 ലക്ഷം രൂപയിൽ കൂടുതൽ വിറ്റുവരവുള്ള എല്ലാ ഹോട്ടലുകളും ജി.എസ്.ടി. നിയമപ്രകാരം രജിസ്‌ട്രേഷൻ എടുക്കുകയും അഞ്ചുശതമാനം നികുതിയടയ്ക്കുകയുംവേണം. വർഷം 365 ദിവസം പ്രവർത്തിക്കുന്ന ഒരു ഹോട്ടലിൽ പ്രതിദിനം ശരാശരി 5479 രൂപയിൽ കൂടുതൽ വിറ്റുവരവ് ഉണ്ടെങ്കിൽ രജിസ്‌ട്രേഷൻ എടുക്കണം.