- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് ജിഎസ്ടി തട്ടിപ്പു സംഘങ്ങൾ വ്യാപകമാകുന്നു; തട്ടിപ്പ് പട്ടിണിപ്പാവങ്ങളുടെ പേരിൽ ജിഎസ്ടി രജിസ്ട്രേഷൻ നടത്തി; കേരളത്തിലെ ‘ബിനാമി ബിൽ ട്രേഡിങ്' രീതികൾ ഇങ്ങനെ
കൊച്ചി: സംസ്ഥാനത്ത് ജിഎസ്ടി തട്ടിപ്പു സംഘങ്ങൾ വ്യാപകമാകുന്നു. ജിഎസ്ടി എന്ന് കേട്ടിട്ട് പോലുമില്ലാത്ത പാവങ്ങളുടെ പേരിൽ രജിസ്ട്രേഷൻ എടുത്താണ് ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് ഇത്തരം സംഘങ്ങൾ നടത്തുന്നത്. ഇതിനായി വിപുലമായ ഒരു സംഘം തന്നെ കേരളത്തിൽ പ്രവർത്തിക്കുന്നു എന്ന് ജിഎസ്ടി വകുപ്പിലെ ഉദ്യോഗസ്ഥർ തന്നെ ചൂണ്ടിക്കാട്ടുന്നു. ‘ബിനാമി ബിൽ ട്രേഡിങ്' എന്ന പുതിയ ജിഎസ്ടി തട്ടിപ്പിൽ ബിനാമി ഡീലർമാരാക്കാൻ നോട്ടമിടുന്നത് റേഷൻ കാർഡിൽ 1000 രൂപ പോലും മാസവരുമാനം ഇല്ലാത്തവരെയാണ്.
വാറ്റ് നിയമത്തിന് വിഭിന്നമായി, ജി.എസ്.ടി. നിയമത്തിൽ കച്ചവടത്തിന് രജിസ്ട്രേഷൻ എടുക്കാനുള്ള ലളിതമായ നടപടിക്രമങ്ങളാണ് തട്ടിപ്പിന് സഹായകരമാകുന്നത്. ഇത്തരം മാഫിയ സംഘത്തിന് ഇരയായ കുന്ദംകുളം പെരുമ്പിലാവ് സ്വദേശി പ്രശാന്ത് നായാടിവളപ്പിൽ നികുതിയിനത്തിൽ അടയ്ക്കേണ്ടത് 42 ലക്ഷം രൂപയാണ്. വെറും രണ്ടര സെന്റ് ഭൂമിയുടെ ഉടമയായ പ്രശാന്തിന്റെ പേരിലെടുത്ത ജി.എസ്.ടി. രജിസ്ട്രേഷന്റെ മറവിൽ മാഫിയ സംഘം നാഗ്പുരിലേക്ക് കടത്തിയത് ലോഡു കണക്കിന് അടയ്ക്കായായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ കടത്ത് പിടികൂടാനായത്. ഹൈക്കോടതിയിൽ നേരിട്ട് ഹാജരായ പ്രശാന്ത്, താൻ തട്ടിപ്പിന് ഇരയായതാണെന്ന് വെളിപ്പെടുത്തി. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് ജി.എസ്.ടി. ഉദ്യോഗസ്ഥർ പറയുന്നത്.
ആധാർ കാർഡ്, പാൻ കാർഡ്, ഫോട്ടോ എന്നിവ സംഘടിപ്പിക്കുന്നതിലാണ് തുടക്കം. ഇതിനായി നിർധനനായ ഒരാളെ ഏജന്റുമാർ വലയിൽ വീഴിക്കും. ചെറിയ തുകയിലോ ‘കുപ്പി'യിലോ വീഴുന്ന പാവങ്ങളായിരിക്കും ഇവർ. ആധാർ കാർഡ് നൽകിയാൽ ബാക്കിയെല്ലാം ഏജൻുമാർ ചെയ്യും. ഇത് ഉപയോഗിച്ച് പാൻ കാർഡ്, മൊബൈൽ സിം എന്നിവ എടുക്കും. അതിനുശേഷം ആധാർ കാർഡ് തിരികെ നൽകും. ഇതിനു ശേഷമാണ് ജി.എസ്.ടി. രജിസ്ട്രേഷൻ എടുക്കുന്നത്. രജിസ്ട്രേഷനുള്ള രഹസ്യ പിൻ ഫോൺ നമ്പരിലേക്കാണ് വരുന്നത്. അതിനായാണ് പുതിയ സിം കാർഡ് എടുക്കുന്നത്.
തട്ടിപ്പിന്റെ വഴി
- ഏജന്റുമാർ വഴി സാമ്പത്തിക ബുദ്ധിമുട്ടുള്ളവരെ കണ്ടെത്തി, രേഖകൾ ഉപയോഗിച്ച് ജിഎസ്ടി രജിസ്റ്റ്രേഷൻ എടുക്കുന്നു.
- പ്രതിഫലം പറ്റി, തിരിച്ചറിയൽ രേഖകളും ഒപ്പിട്ട കടലാസുകളും കൈമാറുന്നതോടെ ‘ബിനാമി' ഡീലറുടെ റോൾ തീർന്നു. പിന്നീടുള്ള ബിസിനസ് ഇടപാടുകളോ തട്ടിപ്പോ അവർ അറിയുന്നില്ല.
- രജിസ്റ്റ്രേഷൻ അപേക്ഷയ്ക്കൊപ്പം നൽകുന്ന ഫോൺ നമ്പർ പോലും ഏജന്റ്/ബിസിനസുകാർ ദുരുപയോഗിക്കുന്നു.
- പിറ്റേമാസം 20നു നികുതി അടയ്ക്കേണ്ട ബാധ്യത വരും മുൻപേ കോടികളുടെ ബിസിനസ് നടത്തി തട്ടിപ്പുകാർ സ്ഥലംവിടും. അന്വേഷണങ്ങൾ ചെന്നെത്തുക ബെനാമി ഡീലറിൽ.
- ∙തട്ടിപ്പുകാർ രജിസ്റ്റ്രേഷൻ റദ്ദാക്കിയാൽ ഇടപാടുകൾ കണ്ടെത്തുക തന്നെ ദുഷ്കരം
ഒരു ലോഡ് അടക്കയ്ക്ക് നഷ്ടം രണ്ടര ലക്ഷം രൂപ
പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകൾ കേന്ദ്രീകരിച്ച് അടയ്ക്ക കടത്താണു വ്യാപകം. കാർഷിക ഉൽപന്നമെന്ന നിലയിൽ ജിഎസ്ടി ഇളവോടെ കടത്തുന്ന അടയ്ക്കയ്ക്കു വിൽപന മാർജിൻ കൂടുതലാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പാന്മസാലയും രുചിവർധക വസ്തുക്കളും ഉണ്ടാക്കാൻ അടയ്ക്കയ്ക്കു വൻഡിമാൻഡാണ്. വലിയ ലോറിയിൽ 22 ടൺ സാധനം വരെ കൊണ്ടുപോകാം. ഒരു ലോഡ് അടയ്ക്ക 50 ലക്ഷം രൂപയുടെ ഇടപാടാണ്. ഇതിന്റെ അഞ്ച് ശതമാനമാണ് നികുതി. ഒരു ലോഡ് കൊണ്ടുപോകുമ്പോൾ നികുതിയായി 2.5 ലക്ഷം രൂപ അടയ്ക്കണം. 10 ലോഡ് കൊണ്ടുപോയാൽ നികുതിയായി അടയ്ക്കേണ്ടത് 25 ലക്ഷം. ഇതാണ് വെട്ടിക്കുന്നത്. വില കൂടിയ സാധനമാണെങ്കിൽ നികുതി ഇതിലേറെയാകും. ദിവസം പിന്നിട്ടാൽ പൂട്ടിക്കെട്ടും
രജിസ്ട്രേഷൻ എടുത്ത് 50 ദിവസം പിന്നിടുന്നതോടെ ഇത്തരം രജിസ്ട്രേഷനിലുള്ള ഇടപാടുകൾ നിലയ്ക്കും. നികുതി അടയ്ക്കാത്ത ആളേത്തേടി ഉദ്യോഗസ്ഥർ എത്തുമ്പോൾ കാണുക ജി.എസ്.ടി. എന്ന് കേട്ടിട്ടു പോലുമില്ലാത്ത ഒരു പഞ്ചപാവത്തിനെ. നികുതി വെട്ടിപ്പ് ക്രിമിനൽ കുറ്റമൊന്നുമല്ല. തട്ടിപ്പിന് ഇരയായ ആളുടെ പേരിലെ സിവിൽ കേസ് നടത്തിപ്പും മാഫിയ സംഘം ഏറ്റെടുക്കും.
രജിസ്ട്രേഷൻ എടുത്ത ആളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണമൊന്നും എത്തിയിട്ടില്ലാത്തതിനാൽ കേസ് കോടതിയിലും നിലനിൽക്കില്ല. രേഖകൾ നൽകിയവർക്ക് ഏജന്റിനെയോ ഏജന്റുമാർക്ക് അവർക്ക് മുകളിലുള്ളവരെയോ അറിയില്ല എന്നതാണ് ഈ ഇടപാടിന്റെ യഥാർഥ വസ്തുത.
മറുനാടന് ഡെസ്ക്