മലപ്പുറം: മലപ്പുറം മമ്പാട് ദിവസങ്ങളോളം ഭക്ഷണം നൽകാതെ മുറിയിൽ പൂട്ടിയിട്ട കുട്ടികളെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. മമ്പാട് അങ്ങാടിയിൽ തമിഴ്‌നാട് സ്വദേശികളായ തൊഴിലാളികൾ താമസിക്കുന്ന ലോഡ്ജിൽ നിന്നാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. തമിഴ്‌നാട് സ്വദേശികളുടെ കുട്ടികളെയാണ് നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തിയത്.

അഞ്ചും മൂന്നും വയസ്സ് പ്രായമുള്ള ഒരു ആൺകുട്ടിയെയും ഒരു പെൺകുട്ടിയെയുമാണ് മുറിയുടെ വാതിൽ ചവിട്ടി തുറന്ന് നാട്ടുകാർ രക്ഷപ്പെടുത്തിയത്. കുട്ടികളുടെ രക്ഷിതാക്കൾ നേരത്തെ മരണപ്പെട്ടിട്ടുണ്ട്. അമ്മയുടെ അനിയത്തിയും ഭർത്താവുമാണ് കുട്ടികളെ ഭക്ഷണം നൽകാതെ പീഡിപ്പിച്ചത്. തൊട്ടടുത്ത മുറിയിലെ ഒരു തൊഴിലാളി ഈ വിവരമറിഞ്ഞ് കുട്ടികൾക്ക് ഭക്ഷണം നൽകാൻ ശ്രമിച്ചെങ്കിലും കുട്ടികളുടെ അമ്മയുടെ അനിയത്തിയും ഭർത്താവും ചേർന്ന് തടയുകയും ഭക്ഷണം നൽകാനെത്തിയ ആളെ അസഭ്യം പറയുകയുമായിരുന്നു. ഇതോടെ ഇയാൾ അങ്ങാടിയിലെത്തി നാട്ടുകാരോട് വിവരം പറഞ്ഞു.

നാട്ടുകാർ പറഞ്ഞതനുസരിച്ച് മമ്പാട് പഞ്ചായത്ത് പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും അടക്കമുള്ള ജനപ്രതിനിധികളും ഐസിഡിഎസ് ജീവനക്കാരും എത്തി നാട്ടുകാർക്കൊപ്പം കുട്ടികളെ മുറിയിൽ നിന്നും പുറത്തെടുക്കുകയായിരുന്നു. കുട്ടികളുടെ അമ്മയുടെ അനിയത്തിയും ഭർത്താവും എല്ലാ ദിവസവും രാവിലെ ജോലിക്ക് പോകുമ്പോൾ കുട്ടികളെ മുറിയിൽ പൂട്ടിയിടാറാണ് പതിവ്. ഇരുവരും പുറത്ത് നിന്നും ഭക്ഷണം കഴിച്ച് വരാറാണ് പതിവ്. കുട്ടികൾക്ക് ഭക്ഷണം ലഭിക്കാറില്ല. അമ്മ അടിക്കാറുണ്ടെന്നും ലോഡ്ജിലെ റൂമിലേക്ക് പോകേണ്ടെന്നും മൂത്തകുട്ടി നാട്ടുകാരോട് പറഞ്ഞു.

ഒരു കുട്ടിയുടെ കണ്ണിന് പരിക്ക് പറ്റിയതിന്റെ അടയാളമുണ്ട്. മതിയായ ചികിത്സയും ഈ കുട്ടിക്ക് ലഭിച്ചിട്ടില്ല. ദിവസങ്ങളോളമായി കുട്ടികൾക്ക് ഭക്ഷണം ലഭിച്ചിട്ട് എന്നാണ് തൊട്ടടുത്ത മുറിയിലുള്ളവർ പറയുന്നത്. ഇരു കുട്ടികളുടെയും ദേഹത്ത് അടിയേറ്റതിന്റെ പാടുകളുമുണ്ട്. നിലമ്പൂർ പൊലീസ് സ്ഥലത്തെത്തി കുട്ടികളെ ആദ്യം മമ്പാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് വിദഗ്ധ ചികിത്സക്കായി നിലമ്പൂർ ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കുട്ടികളുടെ സംരക്ഷണത്തിനായി ഐസിഡിഎസ് ജീവനക്കാരെ പഞ്ചായത്ത് ചുമതലപ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ രക്ഷിതാക്കളെന്ന് അവകാശപ്പെടുന്നവരെ നിലമ്പൂർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലമ്പൂർ ആശുപത്രിയിലെ ചികിത്സക്ക് ശേഷം കുട്ടികളെ ചൈൽഡ് ലൈനിന്റെ കീഴിൽ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. മമ്പാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടിപി ഉമൈമത്ത് കുട്ടികൾക്കൊപ്പം ആശുപത്രിയിലുണ്ട്. ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. നിലമ്പൂർ പൊലീസ് കേസെടുത്തു