തിരുവനന്തപുരം: ഇടത് സർക്കാരിനെ അധികാരത്തിലെത്താൻ ഉലയൂതിയവരിൽ പ്രധാനികളായിരുന്നു കേരളത്തിലെ അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർ. ഇടത് വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങൾ സ്ഥിര ജോലിക്കു വേണ്ടിയും പങ്കാളിത്ത പെൻഷന് എതിരായും നടത്തിയ സമര പോരാട്ടങ്ങളായിരുന്നു വിദ്യാസമ്പന്നരായ ചെറുപ്പക്കാരെ ഇടത് മുന്നണിക്ക് അനുകൂലമായി നിലപാടെടുക്കാൻ പ്രേരിപ്പിച്ചത്. എന്നാൽ, പ്രതീക്ഷിച്ചിരുന്ന സ്ഥിര നിയമനം ലഭിച്ചില്ല എന്ന് മാത്രമല്ല, ഉള്ള കഞ്ഞിയിൽ കൂടി മണ്ണ് വാരിയിടുന്ന നിലപാടാണ് സംസ്ഥാനത്തെ ഇടത് സർക്കാർ സ്വീകരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ഓൺ ലൈൻ ക്ലാസുകളിലേക്ക് മാറിയതോടെയാണ് സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് കോളജുകളിലെ ​ഗസ്റ്റ് അദ്ധ്യാപകർക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യം സംജാതമായത്. ഇത് മൂലം ഉന്നത വിദ്യാഭ്യാസ യോ​ഗ്യതയുള്ള നാലായിരത്തോളം ​ഗസ്റ്റ് അദ്ധ്യാപകരാണ് ദുരിതത്തിലായത്.

പി.ജി ,എംഫിൽ ,പി എച്ച് ഡി ,നെറ്റ് ,ജെ ആർ.എഫ് തുടങ്ങിയ യോ​ഗ്യതകൾ ഉള്ളവരാണ് ഇത്തരത്തിൽ സംസ്ഥാന സർക്കാരിന്റെ വികലമായ നയത്തിന് ഇരകളാകുന്നത്. ബിരുദാനന്തര ബിരുദതല അദ്ധ്യാപനത്തിനുള്ള വെയ്‌റ്റേജ് നിർത്തലാക്കിയതിനെത്തുടർന്ന് പലർക്കും ജോലി സാധ്യത തന്നെ മങ്ങിയ അവസ്ഥയാണ്. ഒന്നോ രണ്ടോ സർക്കാർ കോളജുകളിലെ വിദ്യാർത്ഥികളെ ഒരുമിച്ച് ഓൺലൈൻ ക്ലാസിൽ പങ്കെടുപ്പിച്ചാണ് ​ഗസ്റ്റ് അദ്ധ്യാപകരുടെ അവസരം സർക്കാർ നിഷേധിക്കുന്നത്. ഇതുവഴി നിലവിലുള്ള അദ്ധ്യാപകരെ ഉപയോ​ഗിച്ച് ക്ലാസുകൾ എടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

ഇരുട്ടടിയായി കോളജ്‌ വിദ്യാഭ്യാസ ഡയറക്‌ടറുടെ ഉത്തരവും

കോവിഡ്‌ കഴിയുന്നതു വരെ കോളജുകളിൽ ഗസ്‌റ്റ്‌ അദ്ധ്യാപകരെ നിയമിക്കേണ്ടെന്ന കോളജ്‌ വിദ്യാഭ്യാസ ഡയറക്‌ടറുടെ അശാസ്‌ത്രീയമായ ഉത്തരവാണ്‌ ഇപ്പോൾ ​ഗസ്റ്റ് അദ്ധ്യാപകർക്ക് ഇരുട്ടടിയായിരിക്കുന്നത്. സംസ്‌ഥാനത്തെ ഭൂരിപക്ഷം കോളജുകളിലും ഈ അധ്യയന വർഷത്തേക്ക്‌ ഒഴിവുള്ള ഗസ്‌റ്റ്‌ അദ്ധ്യാപക തസ്‌തികകളിലേക്ക്‌ മെയ്‌‌-ജൂൺ മാസങ്ങളിലായി അഭിമുഖം നടത്തി റാങ്ക്‌ പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്‌തിരുന്നു.
എന്നാൽ കോവിഡ്‌ രൂക്ഷമായതോടെ കോളജുകളിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. ഇതോടെ ഓരോ പഠനവിഭാഗത്തിലും ഒരു സ്‌ഥിരം അദ്ധ്യാപകനെങ്കിലും ഉണ്ടെങ്കിൽ അവിടെ ഗസ്‌റ്റ്‌ അദ്ധ്യാപകരെ നിയമിക്കേണ്ടതില്ലെന്നും അവർ തന്നെ ക്ലാസുകൾ കൈകാര്യം ചെയ്‌താൽ മതിയെന്നുമുള്ള ഉത്തരവ്‌ എത്തിയത്‌. ഇവർക്ക്‌ പകരമായി ഇതേ വിഷയം കൈകാര്യം ചെയ്യുന്ന സമീപത്തെ മറ്റ്‌ കോളജുകളിൽ നിന്നുള്ള അദ്ധ്യാപകരുടെ ക്ലാസുകൾ പ്രയോജനപ്പെടുത്തിയാൽ മതിയെന്നും ഉത്തരവിൽ പറയുന്നുണ്ട്‌. ഇതോടെ ഗസ്‌റ്റ്‌ അദ്ധ്യാപക നിയമനം നടക്കാത്ത അവസ്‌ഥയിലായി.

കഴിഞ്ഞ വർഷം ജൂൺ മുതൽ ഈ വർഷം മാർച്ച്‌ വരെയുള്ള അക്കാദമിക്‌ വർഷം ജോലി ചെയ്‌തതിന്റെ ശമ്പളം പോലും ഇതുവരെ ഭൂരിപക്ഷം ഗസ്‌റ്റ്‌ അദ്ധ്യാപകർക്കും ലഭിച്ചിട്ടില്ല. ഇവർക്ക്‌ ഏപ്രിൽ-മെയ്‌‌ മാസങ്ങളിൽ ശമ്പളവുമില്ല. എന്നാൽ സെമസ്‌റ്റർ ആയതിനാൽ മുൻ വർഷങ്ങളിലെല്ലാം തന്നെ ഏപ്രിൽ-മെയ്‌‌ മാസങ്ങളിൽ റഗുലർ ക്ലാസുകൾ എടുത്താണ്‌ പാഠ്യഭാഗങ്ങൾ തീർക്കുന്നത്‌. കോവിഡിനെ തുടർന്ന്‌ ലോക്‌ഡൗൺ ആയതോടെ ഇത്തവണ ഓൺലൈൻ ക്ലാസുകൾ എടുത്താണ്‌ പാഠ്യഭാഗങ്ങൾ തീർത്തത്‌. മാർച്ചിലെ ആദ്യ ലോക്‌ഡൗൺ കാലത്ത്‌ രണ്ടാഴ്‌ചത്തെ ശമ്പളം എല്ലാ ജീവനക്കാർക്കും നൽകാൻ സർക്കാർ ഉത്തരവ്‌ ഉണ്ടായിരുന്നു. എന്നാൽ അത്‌ ഗസ്‌റ്റ്‌ അദ്ധ്യാപകർക്ക്‌ നൽകേണ്ടതില്ലെന്നാണ്‌ കോളജ്‌ വിദ്യാഭ്യാസ അധികൃതരുടെ നിലപാടെന്നും ഉദ്യോഗാർഥികൾ പറയുന്നു. ജൂൺ മുതൽ ഇങ്ങോട്ട്‌ ജോലിയില്ലാത്ത അവസ്‌ഥയാണ്‌.

വിദ്യാഭ്യാസമുള്ളവരെ ദ്രോഹിക്കുന്ന ഇടത് സർക്കാർ സമീപനം കോവിഡ് കാലത്ത് മാത്രം തുടങ്ങിയ ഒന്നല്ല. ഈ സർക്കാർ ആദ്യം മുതലേ സ്വീകരിക്കുന്ന നിലപാട് അതുതന്നെയാണ്. നേരത്തേ ഒറ്റ അദ്ധ്യാപക പോസ്റ്റുകളിൽ സ്ഥിര നിയമനം നടത്തിയിരുന്നു എങ്കിൽ ഈ സർക്കാർ അതും നിർത്തുകയായിരുന്നു. അതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ കോളജ് അദ്ധ്യാപക പോസ്റ്റിനുള്ള മാനദണ്ഡങ്ങളും കർശനമാക്കിയത്. ആഴ്ചയിൽ 16 മണിക്കൂർ അദ്ധ്യാപനത്തിന് ഒരു സ്ഥിരാധ്യാപക തസ്തിക എന്നതായിരുന്നു രീതി. കൂടാതെ അധികമായി വരുന്ന 9 മണിക്കൂറിന് മറ്റൊരു തസ്തിക കൂടി സൃഷ്ടിക്കപ്പെടും. അതിനൊപ്പം പി.ജി ക്ലാസുകളിലെ ഒരു മണിക്കൂർ അദ്ധ്യാപനം ഒന്നര മണിക്കൂറായി കണക്കാക്കുന്ന വെയ്റ്റേജ് സമ്പ്രദായവും നിലനിന്നിരുന്നു. എന്നാൽ ഏപ്രിൽ ഒന്നിന്റെ ഉത്തരവിലൂടെ സർക്കാർ വെയ്റ്റേജ് സമ്പ്രദായം റദ്ദാക്കിയിരിക്കുകയാണ്. ഇനി 16 മണിക്കൂർ അദ്ധ്യാപനമുണ്ടെങ്കിൽ മാത്രമേ പുതിയ തസ്തിക സൃഷ്ടിക്കുകയുള്ളൂ.

ഉന്നത വിദ്യാഭ്യാസരംഗത്തെ വികസനത്തിന് 493 കോടി രൂപ അടങ്കൽ തുക പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ് അവതരിപ്പിച്ച ഒരു സംസ്ഥാനത്താണ് ഉയർന്ന വിദ്യാഭ്യാസ യോ​ഗ്യത നേടിയ ആയിരങ്ങൾ ഒരു രൂപ പോലും വരുമാനമുള്ള ഒരു ജോലിയില്ലാതെ വലയുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുതുതായി 60 ന്യൂജനറേഷൻ കോഴ്‌സുകൾ അനുവദിക്കുമെന്നും ബജറ്റ് അവതരണ വേളയിൽ ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. കൊച്ചി സർവകലാശാലയിൽ മുൻകാലങ്ങളിൽ അനുവദിച്ച കോഴ്‌സുകൾക്ക് ഇതുവരെ ആവശ്യമായ അദ്ധ്യാപക നിയമനം നടന്നിട്ടില്ലെന്നും ആഴ്ചയിൽ 16 മണിക്കൂർ അധ്യയന സമയം എന്ന മാനദണ്ഡപ്രകാരം മാർച്ച് മാസത്തിനുള്ളിൽ ഏതാണ്ട് 1000 തസ്തികകൾ സൃഷ്ടിച്ചുകൊണ്ട് ഉത്തരവ് ഇറക്കുന്നതാണെന്നും ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അറിയിച്ചിരുന്നു. എന്നാൽ, തോമസ് ഐസക്കിന്റെ പ്രഖ്യാപനങ്ങളെല്ലാം ജലരേഖയാകുന്ന കാഴ്‌ച്ചയാണ് കേരളം കണ്ടത്.

ആടിനെ പച്ചില കാണിക്കുന്ന ഇടത് നയം

ഈ സർക്കാർ വന്നതിന് ശേഷം വിവിധ സർക്കാർ കോളജുകളിൽ പുതിയ കോഴ്സ് അനുവദിക്കും എന്ന പേരിൽ കോളജുകളിൽ നിന്നും പ്രൊപ്പോസൽ ക്ഷണിച്ചിരുന്നു. കഴിഞ്ഞ നാല് വർഷമായി ഈ ഒരു കാര്യം തന്നെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നടന്നത്. പല ഘട്ടങ്ങളിലും ലിസ്റ്റ് തിരിച്ചയച്ചും ഉന്നതാധികാര സമിതിയെ വെച്ച് പഠിച്ചും എല്ലാം സമയം കളഞ്ഞതല്ലാതെ ഒരു സർക്കാർ കോളജിൽ പോലും പുതിയ ഒരു കോഴ്സ് പോലും കഴിഞ്ഞ നാല് വർഷത്തിനിടെ സൃഷ്ടിക്കപ്പെട്ടില്ല. വിവിധ സർക്കാർ കോളജുകളിൽ നിന്നും സമർപ്പിച്ച നൂറുകണക്കിന് രുതിയ കോഴ്സുകൾക്കുള്ള അപേക്ഷകൾ ഒടുവിൽ ഷോർട് ലിസ്റ്റ് ചെയ്യാനായി റൂസയെ ഏൽപ്പിക്കുകയായിരുന്നു. റൂസ 50 കോഴ്സുകൾ വിവിധ കോളജുകളിൽ അനുവദിക്കണം എന്ന വിശദമായ റിപ്പോർട്ട് സർക്കാരിന് നൽകി. എന്നാൽ, ഈ ലിസ്റ്റും റിപ്പോർട്ടും അകാലത്തിൽ ചരമമടഞ്ഞോ അതോ എവിടെയെങ്കിലും ചുവപ്പുനാടയിൽ കുടുങ്ങി കിടക്കുന്നോ എന്നും ഇന്നും കോളജ് അധികൃതർക്കോ ഉദ്യോ​ഗാർത്ഥികൾക്കോ അറിയില്ല.

വീണ്ടും ഉന്നതാധികാര സമിതി

ബജറ്റ് പ്രഖ്യാപനത്തെ തുടർന്ന് പുതിയ കോഴ്സുകൾ അനുവദിക്കുന്നത് സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മറ്റൊരു ഉന്നതാധികാര സമിതിയെ സംസ്ഥാന സർക്കാർ നിയോ​ഗിച്ചിരുന്നു. എംജി സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. സാബു തോമസ്‌ അധ്യക്ഷനായ സമിതിയെ ആണ് കോളേജുകളിൽ ആരംഭിക്കാവുന്ന പുതിയ കോഴ്‌സുകളെക്കുറിച്ച്‌ പഠിക്കാൻ നിയോഗിച്ചത്. കോളേജുകളിൽ മൂന്നു വർഷ ബിരുദത്തിനുശേഷം ഒരു വർഷ സ്‌പെഷ്യലൈസേഷൻ, ബിരുദത്തോടൊപ്പം മറ്റൊന്നിൽ മൈനർ ബിരുദം, ട്രിപ്പിൾ മെയിൻ ബിരുദ കോഴ്‌സ്‌, ബിരുദത്തോടൊപ്പം ബിരുദാനന്തര ബിരുദ (ഇന്റഗ്രേറ്റഡ്‌ ) കോഴ്‌സ്‌ തുടങ്ങിയവയും ആരംഭിക്കാൻ സർക്കാരിന്‌ വിദഗ്‌ധസമിതി ‌ശുപാർശ നൽകിയിരുന്നു.

റിപ്പോർട്ടിലെ പ്രധാന ശുപാർശകൾ

കോഴ്സുകൾ: എപ്പിഡിയമോളജി, വൈറോളജി, ഇമ്മ്യൂണോളജി, ക്ലൈമറ്റ് മോണിറ്ററിങ് ആൻഡ് ഫ്ളഡ് മാനേജ്മെന്റ്, പ്ലാന്റേഷൻ മാനേജ്മെന്റ്, ഫുഡ് ക്വാളിറ്റി അഷ്വറൻസ്, ഓർഗാനിക് ഫാമിങ്, പെട്രോകെമിക്കൽ സയൻസസ്, നാനോ സയൻസസ്, ഫൊറൻസിക് സയൻസസ്, എനർജി കൺസർവേഷൻ, റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിസാസ്റ്റർ മാനേജ്മെന്റ്, ക്രിമിനോളജി, ക്രിട്ടിക്കൽ ഹെറിറ്റേജ് സ്റ്റഡീസ്, ആർക്കൈവൽ സ്റ്റഡീസ്.

ട്രിപ്പിൾ മെയിൻ ബി എസ് സി

മോഡേൺ ബയോളജി (സുവോളജി, ബോട്ടണി എന്നിവയും മൈക്രോബയോളജി/ ബയോ കെമിസ്ട്രി/ബയോ ടെക്നോളജി/ ബയോ ഇൻഫർമാറ്റിക്സ് എന്നിവയിൽ ഒരു വിഷയവും). കെമിസ്ട്രി, ഫിസിക്സ് എന്നിവയും കണക്ക്/നാനോ സയൻസ്/അസ്ട്രോ ഫിസിക്സ്/അസ്ട്രോണമി/സ്പേസ് സയൻസ് എന്നിവയിൽ ഒരു വിഷയവും. ഡിസാസ്റ്റർ മാനേജ്മെന്റ് എൻവയോൺമെന്റൽ സ്റ്റഡീസ്, സസ്റ്റെയ്നബിലിറ്റി സയൻസ്. സൈക്കോളജിക്കൽ ആൻഡ് ബിഹേവിയറൽ സയൻസസ്(സൈക്കോളജി, ബിഹേവിയറൽ സയൻസ്, കൗൺസലിങ്). ബി.എ. ഫോറിൻ ലാംഗ്വേജസ് (ഇംഗ്ലീഷ്, ഫ്രഞ്ച്, ചൈനീസ്). ഇന്റർനാഷണൽ റിലേഷൻസ് (ഇന്റർനാഷണൽ റിലേഷൻസ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി/എക്കണോമിക്സ്)

ഓണേഴ്സ് ബിരുദം

എക്കണോമിക്സ്/എക്കണോമെട്രിക്സ്, ഫിസിക്സ്, സൈക്കോളജി, ജിയോളജി.

നൂതനമേഖല -ബിരുദം

ഡിസൈൻ, സ്പോർട്സ് മാനേജ്മെന്റ്, അപ്ലൈഡ് ലിങ്വിസ്റ്റിക്സ് ആൻഡ് ലാംഗ്വേജ് ടീച്ചിങ്, ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി, ഫുഡ് സയൻസ് ആൻഡ് ക്വാളിറ്റി കൺട്രോൾ.

ഇന്റഗ്രേറ്റഡ് പി.ജി.

കെമിസ്ട്രി, ഫിസിക്സ്, കണക്ക്, ബയോളജി എന്നിവയിൽ ഇന്റഗ്രേറ്റഡ് എം.എസ്സി.യും എക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നിവയിൽ ഇന്റഗ്രേറ്റഡ് എം.എ.യും.

പി.ജി. കോഴ്സുകൾ

എം.എസ്സി.- ജിയോളജി/പെട്രോളിയം ജിയോളജി, സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്സ്,/ഡേറ്റാ അനാലിസിസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബോട്ടിക്സ്, സ്പേസ് സയൻസ്. എം.എ.- ഗ്ലോബൽ ഹിസ്റ്ററി എം.എസ്.ഡബ്ള്യു. -ഡിസാസ്റ്റർ മാനേജ്മെന്റ്

എം.ടെക്.

എജ്യുക്കേഷണൽ ടെക്നോളജി, എനർജി ആൻഡ് എൻവയോൺമെന്റൽ എൻജിനിയറിങ്, എൻജിനിയറിങ് ഇന്നവേഷൻ ആൻഡ് ഓൺട്രപ്രണർഷിപ്പ്, മീഡിയ എൻജിനിയറിങ് ആൻഡ് ടെക്നോളജി.

സർവകലാശാലകളിൽ തുടങ്ങേണ്ടവ

എം.ടെക്: നാനോസയൻസ് ആൻഡ് നാനോടെക്നോളജി (എം.ജി., കേരള, കുസാറ്റ് സർവകലാശാലകൾ ചേർന്ന് നടത്താം), ഫുഡ് സയൻസ് ആൻഡ് ടെക്നോളജി.

എം.എസ്സി.: ഡേറ്റാ അനാലി സിസ്, ജെൻഡർ സ്റ്റഡീസ് ആ ൻഡ് സെക്ഷ്വാലിറ്റി, എനർജി മെറ്റീരിയൽസ് ആൻഡ് സസ്റ്റെയ്നബിൾ ഡെവലപ്മെന്റ്.

എം.എ.: ആർക്കിയോളജി ആൻഡ് മെറ്റീരിയൽ കൾച്ചർ സ്റ്റഡീസ്, കമ്പാരറ്റീവ് ലിറ്ററേച്ചർ, പോപ്പുലേഷൻ സ്റ്റഡീസ്.

സമയബന്ധിതമായി ഉന്നതാധികാര സമിതി റിപ്പോർട്ട് നൽകിയെങ്കിലും സംസ്ഥാനത്ത് ഒന്നും നടന്നില്ല. ബിരുദ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ച് സർവകലാശാലകൾ മുന്നോട്ട് പോകുകയാണ്. ഈ വർഷം കോഴ്സ് തുടങ്ങുന്നത് സംബന്ധിച്ച് യാതൊരു നടപടികളും ഉന്നത വിദ്യാഭ്യാസ വകുപ്പ് കൈക്കൊണ്ടില്ല. സംസ്ഥാന സർക്കാരിന്റെ ഈ നയങ്ങൾക്കെതിരെ സമൂഹ മാധ്യമ കൂട്ടായ്മകളിൽ പ്രതിഷേധം പുകയുകയാണ്. തങ്ങളുടെ കൂടി അധ്വാനത്തിന്റെ ഫലമായി നിലവിൽ വന്ന സർക്കാർ തികച്ചും യുവജന വിരുദ്ധമായ നടപടികളാണ് സ്വീകരിക്കുന്നത് എന്ന് വിവിധ കൂട്ടായ്മകളിൽ സജീവ ചർച്ചയായിട്ടുണ്ട്.