ആലപ്പുഴ: മന്ത്രി സജി ചെറിയാന്റെ ഗൺമാന് സസ്പെൻഷൻ. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തതിനാണ് നടപടി. ഗൺമാൻ അനീഷ് മോനെ സസ്പെൻഡ് ചെയ്തുകൊണ്ട് ഇന്റലിജൻസ് ഐജിയാണ് ഉത്തരവിറക്കിയത്. അനീഷ് മോനെതിരെ വകുപ്പുതല അന്വേഷണം നടത്താനും ഉത്തരവിൽ പറയുന്നു.

ശനിയാഴ്ച രാത്രി 11.45ന് മെഡിക്കൽ കോളജിലെ പതിനാറാം വാർഡിലായിരുന്നു സംഭവം. ഗൺമാൻ കയ്യേറ്റം ചെയ്തതായി ഹൗസ് സർജൻ അമ്പലപ്പുഴ പൊലീസിൽ പരാതി നൽകുകയായിരുന്നു. അനീഷിന്റെ പിതാവ് കുഞ്ഞുകുഞ്ഞിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ രോഗിയുടെ നില ഗുരുതരമായിരുന്നുവെന്ന് ഡോക്ടർമാർ പറയുന്നു. രോഗി മരിച്ചതോടെ ചികിത്സാ പിഴവാണെന്ന് ആരോപിച്ച് കൂടെയുണ്ടായിരുന്നവർ ഡോക്ടർമാരോടും നേഴ്സുമാരോടും തട്ടിക്കയറി. വാക്കേറ്റത്തിനിടെ ഗൺമാൻ വനിതാ ഹൗസ് സർജനെ മർദ്ദിച്ചെന്നാണ് ജീവനക്കാർ പറയുന്നത്.

സംഭവത്തിൽ ഗൺമാൻ കുറ്റം ചെയ്തതായി കണ്ടെത്തിയതായി അമ്പലപ്പുഴ പൊലീസ് കണ്ടെത്തി. അമ്പലപ്പുഴ പൊലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.