കോട്ടയം: ഗുണ്ട അക്രമങ്ങളുമായി ബന്ധപ്പെട്ട് രണ്ട് കേസുകളിലായി ഏഴുപേരെ ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കരയിൽ വീടിനുനേരെ പെട്രോൾ ബോംബെറിഞ്ഞ കേസിൽ ഒളിവിലായിരുന്ന അഞ്ച്പ്രതികളും പിടിയിലായി.

ആർപ്പൂക്കര വില്ലൂന്നി പിഷാരത്ത് വീട്ടിൽ വിഷ്ണു ദത്തൻ (21), ആർപ്പുക്കര കോലേട്ടമ്പലം ഭാഗത്ത് ചക്കിട്ടപറമ്പിൽ അഖിൽ രാജ് (24), തെള്ളകം അടിച്ചിറ വലിയകാല കോളനിയിൽ തടത്തിൽപറമ്പിൽ നാദിർഷ നിഷാദ് (21), പെരുമ്പായിക്കാട് മള്ളുശ്ശേരി തേക്കുംപാലം പതിയിൽപറമ്പിൽ തോമസ് എബ്രഹാം (26), ഏറ്റുമാനൂർ കൈപ്പുഴ വില്ലേജ് പിള്ളക്കവല ഇല്ലിച്ചിറയിൽ ഷൈൻ ഷാജി (23) എന്നിവരെ അടിമാലിയിൽനിന്നാണ് പിടികൂടിയത്.

ഗുണ്ടസംഘങ്ങൾ തമ്മിലെ കുടിപ്പകയിൽ എതിർസംഘത്തിൽപെട്ടയാളുടെ ആർപ്പൂക്കരയിലെ വീട്ടിലേക്ക് പെട്രോൾ ബോംബ് എറിയുകയായിരുന്നു. ഈ കേസിലെ അഞ്ച് പ്രതികൾ നേരത്തേ അറസ്റ്റിലായിരുന്നു.

കഴിഞ്ഞ ദിവസം ഗാന്ധിനഗർ ബസ്‌സ്റ്റാൻഡിൽ മുളകുപൊടിയെറിഞ്ഞ് ആക്രമണം നടത്തിയ കേസിലെ പ്രതികളായ ആർപ്പൂക്കര തൊമ്മൻകവല താഴപ്പള്ളിയിൽ ഹരിക്കുട്ടൻ സത്യൻ (22), ആർപ്പൂക്കര തൊണ്ണംകുഴി കണിച്ചേരിൽ ആൽബിൻ ബാബു (20) എന്നിവരും അറസ്റ്റിലായി. ഈ കേസിലെ മൂന്ന് പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

ഇൻസ്‌പെക്ടർ കെ. ഷിജി, എഎസ്ഐ മനോജ് കുമാർ, സി.പി.ഒമാരായ അനീഷ്, രാഗേഷ്, പ്രവീൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.