- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവല്ലയിൽ അറസ്റ്റിലായ ഇറാനിയൻ പൗരന്റെ മൂന്നു തട്ടിപ്പുകൾ കണ്ടെത്തി; തുടക്കം വടക്കേക്കര സ്റ്റേഷൻ പരിധിയിൽ നിന്ന്; പിന്നെയുള്ളത് പത്തനംതിട്ടയിലും തമിഴ്നാട്ടിലും: അതൊന്നും താനല്ലെന്ന് ഹാദി അബ്ബാസി: തെളിവായി സിസിടിവി ദൃശ്യങ്ങൾ
തിരുവല്ല: മണി എക്സ്ചേഞ്ച് സ്ഥാപനത്തിൽ മോഷണത്തിന് ശ്രമിക്കുന്നതിനിടെ പിടിയിലായ ഇറാനിയൻ പൗരൻ ഹാദി അബ്ബാസിയുടെ മൂന്നു തട്ടിപ്പുകൾ കേരളാ പൊലീസ് കണ്ടെത്തി. രണ്ടെണ്ണം കേരളത്തിലും മറ്റൊന്ന് തമിഴ്‌നാട്ടിലുമാണ്. വടക്കൻ പറവൂർ വടക്കേക്കര പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ബേക്കറിയിൽ നിന്ന് 2018 ജൂലൈ 30 ന് 25,000 രൂപയാണ് ഇയാൾ തട്ടിയെടുത്തത്. ഉടമയായ സ്ത്രീയെ കബളിപ്പിച്ചാണ് പണം കൈക്കലാക്കിയത്.
കടയിൽ എത്തിയ ഹാദിയും സഹായിയും ഉടമയുമായി പരിചയം സ്ഥാപിച്ചു. തുടർന്നാണ് ഇവരിൽ നിന്ന് പണം വാങ്ങി എണ്ണുകയും തട്ടിപ്പ് നടത്തുകയും ചെയ്തത്. ഇയാൾ പോയി കഴിഞ്ഞിട്ടാണ് ഉടമയ്ക്ക് തട്ടിപ്പ് തിരിച്ചറിയാൻ കഴിഞ്ഞത്. സിസിടിവി ദൃശ്യങ്ങൾ അടക്കം ഉടമ പരാതി നൽകിയെങ്കിലും ആളെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിന്റെ പിറ്റേന്നാണ് ഇയാൾ പത്തനംതിട്ട റോയൽ ഡ്യൂട്ടി പെയ്ഡ് ഷോപ്പിൽ നിന്ന് 60,000 രൂപ മോഷ്ടിച്ചത്. ഇവിടെയും സമാനതന്ത്രം തന്നെയാണ് പ്രയോഗിച്ചത്.
നോട്ടെണ്ണി നോക്കാൻ വാങ്ങി കൈയടക്കത്തിലൂടെയാണ് മോഷണം നടത്തുന്നത്. 2018 ഓഗസ്റ്റ് രണ്ടിനാണ് തമിഴ്‌നാട്ടിൽ ഇയാൾ ഇതേ രീതിയിൽ തട്ടിപ്പ് നടത്തിയതും പിടിയിലായതും. അന്ന് ഒറ്റ വരവിന് മൂന്നു തട്ടിപ്പുകളാണ് ഒരേ റൂട്ടിൽ ഇയാൾ നടത്തിയത്. എന്നാൽ, അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിൽ ദൃശ്യങ്ങളിൽ കാണുന്നത് താനല്ലെന്നാണ് ഇയാൾ പറഞ്ഞിട്ടുള്ളത്. തട്ടിപ്പിന് ഇരയായവർക്ക് ഹാദിയുടെ പടം അയച്ചു കൊടുത്തിരുന്നു. അവർ ഇയാളെ തിരിച്ചറിയുകയും ചെയ്തു.
വടക്കേക്കരയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് സഹായിയുടെ പടവും ലഭിച്ചിട്ടുണ്ട്. ഇയാൾ വടക്കേ ഇന്ത്യാക്കാരനാണെന്നാണ് ഹാദി അബ്ബാസ് പറഞ്ഞിരിക്കുന്നത്. പക്ഷേ, പടത്തിൽ കാണുന്നയാൾ വിദേശിയാണെന്ന് സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു. തിരുവല്ലയിൽ ഹാദി പൊലീസ് പിടിയിലായതോടെ മുങ്ങിയ ഇയാൾക്ക് വേണ്ടിയും അന്വേഷണം നടക്കുന്നുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
ഇയാൾക്ക് മറ്റെന്തെങ്കിലും ഉദ്ദേശ്യമുണ്ടായിരുന്നോയെന്ന് റോയും ഇന്റലിജൻസ് ബ്യൂറോയും അന്വേഷിച്ച് വരികയാണ്. രാജ്യത്ത് മറ്റെവിടെയെങ്കിലും ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന വിവരവും പരിശോധിക്കുന്നുണ്ട്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്