അഹമദാബാദ്​: കോവിഡ് പ്രതിരോധത്തിനായി ലോകം തീവ്രപരിശ്രമത്തിലാണ്. അതിനിടെ ഇന്ത്യയിൽ വൈഫസ് പ്രതിരോധത്തിനായി പല മാർ​ഗങ്ങളുമുണ്ടെന്ന പ്രചാരണം ശക്തമായിരുന്നു. അതിൽ ഏറ്റവും കൂടുതൽ പ്രചാരം നേടിയത് ​ഗോമൂത്രം ആയിരുന്നു. ഗോമൂത്രം കുടിച്ചാൽ കൊറോണ വരില്ലെന്ന വിധത്തിലാണ് ചിലർ പ്രചരണങ്ങൾ അഴിച്ചുവിട്ടത്. ഇങ്ങനെ ഗോമൂത്രപാർട്ടി അടക്കം കൊറോണയെ പ്രതിരോധിക്കാൻ വേണ്ടി നടത്തി.ഭക്ഷണം കഴിക്കാൻ എത്തിയ വ്യക്തിയുടെ ദേഹത്ത് വൈറസ് ശുചീകരണത്തിന്റെ പേരിൽ ഗോമൂത്രം തളിച്ച വിചിത്ര സംഭവവും ഉണ്ടായി. ഇപ്പോഴിതാ, ഗുജറാത്തിൽ കോവിഡ്​ പ്രതിരോധത്തിനായി ഗോമൂത്രം കൊണ്ട്​ സാനിറ്റൈസർ നിർമ്മിച്ചിരിക്കുകയാണ്. ഗോമൂത്ര സാനിറ്റൈസർ ലൈസൻസ്​ ലഭിച്ചശേഷം അടുത്തയാഴ്​ച വിപണിലെത്തിക്കുമെന്ന്​ ഗുജറാത്ത്​ ആസ്​ഥാനമായി പ്രവർത്തിക്കുന്ന കാമധേനു ദിവ്യ ഔഷധി മഹിള മന്ദാലി അറിയിച്ചു.

മിഷൻ വിഷൻ ഓഫ്​ രാഷ്​ട്രീയ കാമധേനു ആയോഗ്​ സംഘടിപ്പിച്ച ദേശീയ വെബിനാറിൽ രാഷ്​ട്രീയ കാമധേനു ആയോഗ്​ ചെയർമാൻ വല്ലഭ്​ കതിരിയ ഉൽപ്പന്നം പരിചയപ്പെടുത്തി. ഗോ സെയ്​ഫ്​ എന്ന ബ്രാൻഡിലാണ്​ ഉൽപ്പന്നം പുറത്തിറക്കുക. ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസറിന്​ ബദലായി പ്രകൃതി ദത്തമായി നിർമ്മിക്കുന്നതാണ് ഗോമൂത്ര സാനിറ്റൈസർ.

ജാംനഗർ ആസ്​ഥാനമായി പ്രവർത്തിക്കുന്ന വനിത കോർപറേറ്റീവ്​ സൊസൈറ്റിയായ കാമധേനു ദിവ്യ ഔഷധി മഹിള മന്ദാലിയാണ്​ ഹാൻഡ്​ സാനിറ്റൈസർ നിർമ്മിക്കുന്നത്​​. ഗോ​ സേയ്​ഫിന്​ അടുത്തയാഴ്​ചയോടെ ലൈസൻസ്​ ലഭിക്കുമെന്ന്​ കോഓപറേറ്റീവ്​ സൊസൈറ്റി ഡയറക്​ടർ മനീഷ ഷാ പറഞ്ഞു. ഗോമുത്രത്തിനൊപ്പം തുളസിയും വേപ്പിലയും ചേർത്താണ്​ സാനിറ്റൈസർ നിർമ്മിക്കുന്നത്​. ഈ കോർപറേറ്റീവ്​ സൊസൈറ്റിതന്നെ ലോക്​ഡൗൺ സമയത്ത്​ ഗോമൂത്രം ഉപയോഗിച്ച്​ തറ വൃത്തിയാക്കുന്ന സാനിറ്റൈസർ ഗോ പ്രൊട്ടക്​റ്റും മുറി വൃത്തിയാക്കുന്ന ലിക്വിഡ്​ ഗോ ക്ലീനും പുറത്തിറക്കിയിരുന്നു.

ഗുജറാത്തിൽ ഗോമൂത്രം കൊണ്ടുള്ള അണുനാശനം പ്രാവർത്തകമാക്കിക്കൊണ്ടിരിക്കുകയാണെന്ന് രാഷ്ട്രീയ കാമധേനു ആയോഗ് അധ്യക്ഷൻ വല്ലഭ് കതിരിയ മുമ്പ് പറഞ്ഞിരുന്നു. ഗോമൂത്രത്തിന്റെ പ്രതിദിന ഉപഭോഗം സംസ്ഥാനത്ത് 6,000 ലിറ്റർ ആയെന്നും മുൻകേന്ദ്രമന്ത്രി കൂടിയായ ബിജെപി നേതാവ് വല്ലഭ് കതിരിയ നേരത്തേ വ്യക്തമാക്കിയിരുന്നു. ഗുജറാത്തിൽ കൊറോണ കാലത്ത് സാനിറ്റൈസർ എന്ന വിളിപ്പേര് കൂടി ഗോമൂത്രത്തിന് നൽകി കഴിഞ്ഞു. വൈറസ് പ്രതിരോധത്തിനായി ഡൽഹിയിൽ ഗോമൂത്ര സത്കാരം വരെ നടത്തിയിരുന്നു. എന്നാൽ ഗോമൂത്ര ഉപഭോഗത്തിൽ ഡൽഹിയെ കടത്തിവെട്ടിയിരിക്കുകയാണ് ഗുജറാത്ത്.

ആന്റിഓക്‌സിഡന്റുകളാൽ നിറഞ്ഞ ഗോമൂത്രം ദഹനത്തിന് നല്ലതാണെന്ന് വല്ലഭ് പറയുന്നു. കൂടാതെ രോഗ പ്രതിരോധശേഷി കൂട്ടാൻ വേണ്ടിയും ആളുകൾ ഗോമൂത്രം കുടിക്കുന്നുണ്ട്. എന്നാലും സംസ്‌കരിച്ച ഗോമൂത്രത്തിനാണ് ഇപ്പോൾ ആവശ്യക്കാർ ഏറിയിരിക്കുന്നതെന്നും വല്ലഭ്. ഗുജറാത്തിൽ 4000ൽ അധികം ഗോശാലകളുണ്ടെങ്കിലും 500 എണ്ണം മാത്രമാണ് ഗോമൂത്രം ശേഖരിക്കുന്നത്. എന്നാൽ ഗോമൂത്രത്തിന്റെ ആവശ്യകത വർധിക്കുകയാണെങ്കിൽ ഗോശാലകൾ നടത്താൻ അത് മാത്രം മതിയെന്നും വല്ലഭ് കതിരിയ വ്യക്തമാക്കിയിരുന്നു.