- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനവിഭവങ്ങൾ ശേഖരിക്കാൻ ഭാര്യയെയും കൂട്ടി ഉൾവനത്തിലേക്ക് പോയത് കഴിഞ്ഞ ബുധനാഴ്ച; ശനിയാഴ്ച രാവിലെ വയണപ്പൂ ശേഖരിക്കുന്നതിനിടെ മരത്തിൽ നിന്നു വീണു; ഭാര്യയും കൂടെയുള്ളവരും ശ്രമിച്ചിട്ടും എടുത്തു കൊണ്ടു വരാൻ കഴിഞ്ഞില്ല: കോന്നി ഉൾവനത്തിൽ ആദിവാസിക്ക് ദാരുണാന്ത്യം
കോന്നി: ഉൾവനത്തിൽ വനവിഭവങ്ങൾ ശേഖരിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് ആദിവാസിക്ക് ദാരുണാന്ത്യം. ഉൾവനത്തിൽ നിന്ന് പുറത്തെത്തിക്കാൻ മാർഗമില്ലാതെ പോയതാണ് മരണകാരണമായത്. അരുവാപ്പുലം ഗ്രാമപഞ്ചായത്ത് ആവണിപ്പാറ ആദിവാസി കോളനിയിലെ കണ്ണൻ(53) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒൻപതോടെ ആവണിപ്പാറ കോളനിയിൽ നിന്നും 15 കിലോമീറ്ററോളം അകലെ ഉൾവനത്തിൽ പേരള അഞ്ച് സെന്റ് മുത്തൻതോട് ഭാഗത്താണ് സംഭവം. ഇവിടെ വയണ മരത്തിൽ കയറി പൂ ശേഖ രിക്കുന്നതിനിടെ കണ്ണൻ കാൽ വഴുതി വീഴുകയായിരുന്നു.
നിലവിളി കേട്ട് സമീപത്ത് വനവിഭവങ്ങൾ ശേഖരിച്ചു കൊണ്ടിരുന്ന ഭാര്യ ഷീല ഓടിയെത്തി. ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് സ്ത്രീകളും കൂടി പരിശ്രമിച്ചിട്ടും കണ്ണനെ എടുത്തു കൊണ്ടുവരാൻ കഴിഞ്ഞില്ല. ഷീല കോളനിയിലേക്ക് നടന്നു പോയി കോളനിക്കാരെയും ഫോൺ ചെയ്ത് വനപാലകരെയും വിവരം അറിയിച്ചു. രാവിൽ 11 ന് ചേമ്പാല ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ. സുദർശൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജിജോ വർഗീസ്, ബീറ്റ്ഫോറസ്റ്റ് ഓഫീസർമാരായ ജോൺസൺ ജോഷ്വാ, എച്ച്.ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘം കോളനി വാസികളോടൊപ്പം സംഭവസ്ഥലത്ത് എത്തി. മൃതദേഹം മുളയിൽ വച്ച് കെട്ടി ആദ്യം കോളനിയിൽ എത്തിച്ചു. നിറഞ്ഞൊഴുകുന്ന അച്ചൻ കോവിലാറിന് കുറുകേ മൃതദേഹം ബോട്ടിൽ കയറ്റിയാണ് മറുകര എത്തിച്ചത്. കെയു ജനീഷ് കുമാർ എംഎൽഎയുടെ നിർദേശാനുസരണം ഗ്രാമ പഞ്ചായത്തംഗം സിന്ധുവിന്റെ നേതൃത്വത്തിൽ ആംബുലൻസ് ഇവിടെ എത്തിച്ചിരുന്നു.
ആദ്യം കോന്നി പൊലീസ് സ്റ്റേഷനിൽ എത്തിച്ച മൃതദേഹം അവിടെ നിന്ന് പോസ്റ്റുമോർട്ടത്തിനായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് ടെസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു നൽകും. കഴിഞ്ഞ ബുധനാഴ്ചയാണ് കണ്ണനും ഭാര്യയുമടക്കം ആറ് പേർ വനവിഭവങ്ങൾ ശേഖരിക്കാനായി കോളനിയിൽ നിന്നും പോയത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്