- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാരിന്റെ ഒരുകണക്കുപുസ്തകത്തിലും ഇല്ലാതെ 18 വർഷമായി ദുരിതജീവിതം; ഇടമലയാറിന്റെ തീരത്ത് മീൻപിടിച്ച് ജീവിക്കുന്ന മുതുവ സമുദായത്തിൽ പെട്ട നാലംഗ കുടുംബത്തിന്റെ ദുരവസ്ഥയിൽ വിശദാന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്; നടപടി മറുനാടൻ മലയാളി വാർത്തയെ തുടർന്ന്
കൊച്ചി: ആധാർ കാർഡോ റേഷൻ കാർഡോ വീടോ ഇല്ലാതെ ഇടമലയാറിന്റെ തീരത്ത് മീൻ പിടിച്ച് ജീവിക്കുന്ന മുതുവ സമുദായത്തിൽപ്പെട്ട ദമ്പതികളുടെ ദുരവസ്ഥയെ കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്ത വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.
എറണാകുളം ജില്ലാ കളക്ടറും കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
ഇടമലയാർ ജലാശയത്തിന്റെ തീരത്ത് കപ്പായത്താണ് ചെല്ലപ്പനും യശോധയും രണ്ട് മക്കളുംസർക്കാരിന്റെ കണക്കിലില്ലാതെ 18 വർഷമായി ജീവിക്കുന്നത്. സഹോദരന്മാരുടെ മക്കളായ ഇവർ ഒരുമിച്ച് ജീവിതം ആരംഭിച്ചതോടെ ഊരുകൂട്ടം വിലക്കേർപ്പെടുത്തി. ഇതോടെയാണ് ഇടമലയാർ തീരത്തെത്തി മീൻപിടുത്തം ആരംഭിച്ചത്. ആനയും കടുവയും ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ഇവർ താമസിക്കുന്ന പാറകൂട്ടത്തിന് താഴെ എത്താറുണ്ട്. 28 കിലോമീറ്റർ ചങ്ങാടത്തിൽ സഞ്ചരിച്ച് വടാട്ടുപാറയിൽ എത്തിയാൽ മാത്രമേ പിടിക്കുന്ന മീൻ തുച്ഛമായ വിലയ്ക്ക് വിൽക്കാൻ കഴിയുകയുള്ളു. മഴ ചെയ്താൽ ജീവൻ പണയംവച്ചാണ് ചങ്ങാടം തുഴയുക. വാഴച്ചാലിലെയും വെറ്റിലപാറയിലെയും ട്രൈബൽ സ്കൂളുകളിലാണ് ഇവരുടെ മക്കൾ പഠിക്കുന്നത്. സൗജന്യ റേഷനും കിറ്റും ഇവർക്ക് നിഷേധിക്കപ്പെട്ടു. പലപ്പോഴും പട്ടിണിയിലാണ് ജീവിക്കുന്നത്.
മറുനാടൻ ജനുവരി 7ന് നൽകിയ റിപ്പോർട്ട്
തദ്ദേശ തിരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടായപ്പോൾ സർക്കാരിന്റെ കരുതൽ ജനം തിരിച്ചറിഞ്ഞെന്നായിരുന്നു എൽഡിഎഫ് സർക്കാരിന്റെ അവകാശവാദം. കോവിഡ് കാലത്തെ സൗജന്യ കിറ്റടക്കം ഉള്ള ആനുകൂല്യ വിതരണം വലിയൊരു ശതമാനം വോട്ടായി മാറിയെന്നും വിലയിരുത്തലുകൾ വന്നു. എന്നാൽ, ഇതൊന്നും കിട്ടാത്ത ചില കുടുംബങ്ങൾ ഉണ്ടെന്ന് കൂടി അറിയണ്ടേ സർക്കാർ? ഇടമലയാർ ജലാശയത്തിന്റെ തീരത്ത് മീൻ പിടിച്ച് ജീവിക്കുന്ന മുതുവ സമുദായത്തിൽ പെട്ട ചെല്ലപ്പനും യശോധയും പറയും പട്ടിണിയുടെ കഥകൾ. ആധാർ കാർഡോ റേഷൻ കാർഡോ ഇല്ലാതെ സർക്കാരിന്റെ കണക്കിൽ പെടാതെ ജീവിക്കുന്നതിന്റെ വിഷമതകൾ. ചെല്ലപ്പൻ പറയട്ടെ ജീവിതം:
'അരകിലോ മീൻകിട്ടിയാൽ വിശപ്പടക്കാൻ പോലുമാവില്ല. പിന്നെ അതുകൊടുത്ത് പൈസവാങ്ങാമെന്നുവച്ചാലോ.. 56 കിലോമീറ്റർ പോണ്ടി തുഴയണം. പരലാണെങ്കിൽ 25-30 രൂപകിട്ടും. ഇതുകൊണ്ട് എന്ത് ചെയ്യാനാ...സത്യം പറഞ്ഞ പട്ടിണിയാ...ഇങ്ങനെയങ്ങ് പോയാൽ അധിക ദിവസം ഞങ്ങൾ ജീവനോടെ കാണില്ല'..തികട്ടിവന്ന ഗദ്ഗദം തൊണ്ടയിൽ ഒളിപ്പിച്ച് ചെല്ലപ്പൻ പറഞ്ഞൊപ്പിച്ചു. നിലവിൽ ഇടമലയാർ ജലാശയത്തിന്റെ തീരത്ത് കപ്പായത്താണ് മുതുവ സമുദായത്തിൽപ്പെട്ട ചെല്ലപ്പൻ ഭാര്യ യശോധയ്ക്കും രണ്ട് മക്കൾക്കുമൊപ്പം താമസിക്കുന്നത്.കഴിഞ്ഞ 18 വർഷമായുള്ള ഈ ദമ്പതികളുടെ ജീവിതം സിനിമക്കഥയെന്നപോലെ സംഭവ ബഹുലമാണ്. തങ്ങളുടെ ജീവിതത്തെക്കുറിച്ച് ഇവർ മറുനാടനോട് മനസ്സുതുറന്നു.
ഇരുവരും സഹോദരന്മാരുടെ മക്കളായിരുന്നു. 18 വർഷം മുമ്പ് ഒരുമിച്ച് ജീവിതം ആരംഭിച്ചതോടെ ഊരുചട്ടങ്ങൾ ലംഘിച്ചതായി ആരോപിച്ച് ഊരുകൂട്ടം വിലക്ക് ഏർപ്പെടുത്തി. പിന്നാലെ കോളനിയിൽ നിന്നും പുറത്താക്കി. പിന്നീട് നീണ്ട നെട്ടോട്ടത്തിലായിരുന്നു. കുടിൽകെട്ടി താമസിക്കാൻ ഒരിടമായിരുന്നു ആവശ്യം. ആരും സഹായിക്കാൻ തയ്യാറായില്ല. ഒറ്റയ്ക്ക് കാട്ടിൽ കുടിൽകെട്ടി താമസിക്കുന്നതിന് വനംവകുപ്പുധികൃതരുടെ ഇടപെടൽ തടസ്സമായി.
ഒരുപാട് ദിവസം കാട്ടിലൂടെ അലഞ്ഞു. കാട്ടുകിഴങ്ങുകളും മറ്റും കഴിച്ച് വിശപ്പടക്കി.വിസ്്തൃതിയിൽ പരന്നുകിടക്കുന്ന ഇടമലയാർ ജലാശയമായിരുന്നു കാടിന്റെ അതിർത്തി. മീൻപിടുത്തമായിരുന്ന പിന്നീടുള്ള പ്രധാന തൊഴിൽ. കിട്ടുന്ന മീൻ വടാട്ടുപാറയിൽ കൊണ്ടുപോയി വിൽക്കും. ഇതുവഴി ലഭിക്കുന്ന തുകയ്ക്ക് അരിസാമാനങ്ങൾ വാങ്ങി മടങ്ങും.
മീൻപിടുത്തത്തിനുള്ള സൗകര്യം കണക്കിലെടുത്ത് താമസം ജലാശയത്തിന്റെ തീരത്തെ കപ്പായത്ത് പാറക്കെട്ടിന് മുകളിലായി. ആനയും കടുവയും പുലിയുമുൾപ്പെടെയുള്ള വന്യമൃഗങ്ങൾ പാറക്കൂട്ടത്തിന് താഴെ എത്തുമ്പോൾ ആദ്യമൊക്കെ വല്ലാതെ ഭയപ്പെട്ടിരുന്നു. ഇപ്പോൾ ഇത് ്ഒരു സാധാരണ കാഴ്ചയായി മാറിക്കഴിഞ്ഞു. വടാട്ടുപാറയിൽ എത്തണമെങ്കിൽ പോണ്ടിയിൽ (ഇല്ലികൾ ചേർത്തുകെട്ടിയ ചങ്ങാടം) 28 കിലോമീറ്റർ സഞ്ചരിക്കണം. 4-5 മണിക്കൂർ തുുടർച്ചയായി തുഴയണം.ചിലപ്പോഴൊക്കെ ചങ്ങാടം കാറ്റിൽപ്പെടും. അപ്പോൾ നിയന്ത്രിക്കുക പ്രയാസമാണ്. മഴ പെയ്താൽ കാര്യങ്ങൾ കൈവിട്ട അവസ്ഥയിലുമാവും. പലപ്പോഴും ജീവൻ രക്ഷപെട്ടിട്ടുള്ളത് തലനാരിഴയ്ക്കാണ്. ചിലപ്പോൾ ലക്ഷ്യസ്ഥാനത്തെത്താൻ സാധാരണ സമയത്തേക്കാൾ കൂടുതൽ സമയം തുഴയേണ്ടിയും വരാറുണ്ട്.
18 വർഷത്തെ ദാമ്പത്യത്തിനിടയിൽ രണ്ട് ആൺമക്കൾ പിറന്നു.1 2 ഉം 9 ഉം വയസുള്ള ഇവർ വെറ്റിലപ്പാറയിലെയും വാഴച്ചാലിലെയും ട്രൈബൽ സൂക്ൂളികളിലാണ് പഠിക്കുന്നത്. കോവിഡ് കാരണം ഈ വർഷത്തെ ക്ലാസ്സ് നടന്നില്ല.ഒരു ചെറിയ മൊബൈലുണ്ട്. മലമുകളിൽ റെയിഞ്ച് കിട്ടുന്ന ഒന്നുരണ്ട് സ്ഥലങ്ങളുണ്ട് .അവിടെ നിന്നാണ് അത്യവശ്യം ആളുകളെ വിളിക്കുന്നത്. മക്കൾക്ക് ആധാർ കാർഡ് ഉണ്ട്. എന്നാൽ ഞങ്ങൾക്ക് ആധാർ കാർഡ് അടക്കം ഒരു സർക്കാർ രേഖകളും ഇതുവരെ കിട്ടിയിട്ടില്ല.
ആവശ്യമായ രേഖകളില്ലാത്തതിനാൽ സൗജന്യറേഷനടക്കം ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല. സർക്കാർ ഓഫീസുകൾ കയറി ഇറങ്ങി മടുത്തു. സൗജന്യകിറ്റുണ്ടെന്നറിഞ്ഞ് ചെന്നപ്പോൾ റേഷൻകാർഡില്ലെന്ന് പറഞ്ഞ് അതും തന്നില്ല. വല്ലാത്ത വിഷമമായിപ്പോയി. ഇപ്പോൾ ജീവിക്കാൻ ഒരുമാർഗ്ഗവുമില്ല. മീനൊന്നും കിട്ടുന്നില്ല. പട്ടിണികിടക്കേണ്ടിവരുന്നു. ഞങ്ങൾ എന്തും സഹിക്കും. ഈ കുഞ്ഞുങ്ങൾ..വിതുമ്പലിൽ ദമ്പതികളുടെ വാക്കുകൾ മുറിഞ്ഞു.
ഇനിയെങ്കിലും ഞങ്ങളുടെ ബുദ്ധിമുട്ടുകൾ സാറന്മാർ അറിയണം...അടച്ചുറപ്പുള്ള വീട് വേണം,പട്ടിണി കൂടാതെ കഴിയണം. ഇതിനുവേണ്ടി എല്ലാവരും സഹായിക്കണം. ഈ അവസ്ഥ തുടർന്നാൽ അധികനാൾ ഞങ്ങൾക്ക് പിടിച്ചുനിൽക്കാനാവില്ല.ഇരുവരും വാക്കുകൾ ചുരുക്കി.വടാട്ടുപാറയിലെ പൊതുപ്രവർത്തകരിൽ ചിലരാണ് ഈ കുടംബത്തിന്റെ ദുരിത ജീവിതത്തെക്കുറിച്ച് മറുനാടനെ അറിയിച്ചത്.
ഇന്ന് രാവിലെ ഇവർ വടാട്ടുപാറയിൽ എത്തുന്നുണ്ടെന്നറിഞ്ഞാണ് അവിടേയ്ക്കെത്തിയത്. തുടർന്നുനടന്ന കൂടിക്കാഴ്ചയിലാണ് ചെല്ലപ്പനും യശോധയും ജീവിത കഥ മറുനാടനുമായി പങ്കിട്ടത്. ഇവരോട് വിവരങ്ങൾ ശേഖരിക്കുന്നതിനിടെ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഇടമലയാർ ഡിവിഷൻ അംഗം ജെയിംസ് കോറമ്പേലും പൊതുപ്രവർത്തകനായ ജയൻ കെ നാരായണനും സ്ഥലത്തെത്തി.ചെല്ലപ്പൻ-യശോധ ദമ്പതികൾ പറഞ്ഞ മുഴുവൻ കാര്യങ്ങളും വാസ്തവമാണെന്നും ഇവരുടെ ആവശ്യങ്ങൾ നടപ്പിലാക്കാൻ പരമാവധി പരിശ്രമിക്കുമെന്നും ഇരുവരും വ്യക്തമാക്കി.