- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വാമനൻ ഒന്നാം നമ്പർ ചതിയനാണ്; പുരാണ വ്യാഖ്യാനത്തിന്റെ പേറ്റന്റ് എന്നു മുതലാണ് സംഘപരിവാറിനും കുഴലൂത്ത് സ്വാമിമാർക്കും പതിച്ചു കിട്ടിയത്? സംഘപരിവാറിന് കുഴലൂതുന്ന വർഗ്ഗീയ വിഷം പരത്തുന്ന ചിദാനന്ദപുരിയായാലും ബിജെപിയുടെ സുരേന്ദ്രൻ ആയാലും രാഷ്ട്രീയം കളിക്കാൻ ഹിന്ദുവിന്റെ പേര് ദുരൂപയോഗിക്കുന്നത് അവസാനിപ്പിക്കണം': ഓണസന്ദേശത്തിന്റെ പേരിൽ കന്യാസ്ത്രീയെ കൊണ്ട് ഹിന്ദു ഐക്യവേദി മാപ്പ് പറയിപ്പിച്ച സംഭവത്തിൽ കടുത്ത പ്രതികരണവുമായി ഹരീഷ് വാസുദേവൻ
തിരുവനന്തപുരം: കോട്ടയം നെടുങ്കുന്നം സെന്റ് തെരേസ സ്‌കൂൾ പ്രഥമാധ്യാപിക സിസ്റ്റർ റീത്താമ്മ വാട്ട്സാപ്പിലൂടെ പങ്കുവച്ച ഓണ സന്ദേശംഹിന്ദു ഐക്യവേദി വിവാദമാക്കുകയും പൊലീസിൽ പരാതിപ്പെട്ട് മാപ്പ് പറയിക്കുകയും ചെയ്തത് വിവാദമായിരുന്നു. ഓണം ചവിട്ടേൽക്കുന്നവന്റെ സുവിശേഷമാണ്. കൊടുത്തവനെ വാങ്ങുന്നവൻ ചവിട്ടുന്ന കഥയാണ്.' എന്നുതുടങ്ങുന്ന വീഡിയോയിൽ ലോകചരിത്രത്തിൽ ആരെങ്കിലും കൊടുത്തിട്ടോ അവർക്കെല്ലാം ചവിട്ടേറ്റിട്ടുണ്ടെന്നും മഹാബലിയെപ്പോലെ മറ്റുള്ളവർക്ക് വേണ്ടിയാണ് ഇവരെല്ലാം ജീവിച്ചതെന്നും പറയുന്നു. ഇതിന് ഉദാഹരണമായി മഹാബലിയെപ്പോലെ ക്രിസ്തു, മഹാത്മ ഗാന്ധി, മാർട്ടിൻ ലൂഥർ കിങ്, നെൽസൺ മണ്ടേല, മാക്സ്മില്യൻ കോൾബേ, മദർ തെരേസ, ഇറോം ശർമിള തുടങ്ങിയവരുടെ പേരുകളും സിസ്റ്റർ റീത്താമ്മ വീഡിയോയിൽ പറഞ്ഞിരുന്നു.
മതസ്പർധ വളർത്തുന്ന തരത്തിൽ നടത്തിയ പ്രസംഗം എന്നാരോപിച്ച് ചങ്ങനാശ്ശേരി ഹിന്ദു ഐക്യവേദി ജനറൽ സെക്രട്ടറി അഭിജിത്ത് വി.കെ കറുകച്ചാൽ പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഹിന്ദുദൈവങ്ങളെ മനപ്പൂർവ്വം അപമാനിച്ച പ്രധാനധ്യാപിക സി.റീത്താമ്മക്കെതിരെ കേസ് ചാർജ് ചെയ്ത് നിയമനടപടികൾ സ്വീകരിക്കണമെന്നാണ് പരാതിയിൽ ആവശ്യമുന്നയിച്ചത്. തുടർന്ന് സ്റ്റേഷനിലെത്തിയ സിസ്റ്റർ റീത്താമ്മ മാപ്പെഴുതി നൽകി. എന്നാൽ ഇത് വായിച്ചുകേൾപ്പിക്കണമെന്ന് പരാതിക്കാർ ആവശ്യപ്പെട്ടു. മാപ്പ് വായിക്കുന്ന വീഡിയോ എടുത്ത് ഐക്യവേദി പ്രവർത്തകർ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. വീഡിയോയിൽ വാമനമൂർത്തിയെക്കുറിച്ച് പറഞ്ഞത് തന്റെ അറിവില്ലായ്മയാണെന്നും അതുമൂലം ഹിന്ദുക്കൾക്ക് മനോവേദനയുണ്ടായതിൽ മാപ്പ് ചോദിക്കുന്നെന്നും സിസ്റ്റർ റീത്താമ്മ പറയുന്നുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമുണ്ടായി. അതേസമയം തന്നെ ന്യായീകരണ പോസ്റ്റുകളും അനവധിയാണ്. ഈ വിഷയത്തിൽ ഹരീഷ് വാസുദേവൻ ഫേസ്‌ബുക്കിൽ ഇട്ട പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. 'ചവിട്ടി താഴ്‌ത്തപ്പെട്ടവന്റെ സുവിശേഷമാണ് ഓണം' എന്നു പറഞ്ഞ സിസ്റ്ററിനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തിയ പൊലീസുകാർക്ക് എതിരെ നടപടി എടുക്കാൻ കെൽപ്പില്ലെങ്കിൽ ആഭ്യന്തര വകുപ്പ് സംഘികളെ ഏൽപിക്കുന്നതാണ് ഉചിതം. സംഘപരിവാറിന് കുഴലൂതുന്ന, വർഗ്ഗീയ വിഷം പരത്തുന്ന ചിദാനന്ദപുരിയായാലും BJP യുടെ സുരേന്ദ്രൻ ആയാലും രാഷ്ട്രീയം കളിക്കാൻ ഹിന്ദുവിന്റെ പേര് ദുരൂപയോഗിക്കുന്നത് അവസാനിപ്പിക്കണം. ഹിന്ദുവിന്റെ പേരും പറഞ്ഞു അധികാരത്തിലേറി ഈ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തച്ചു തകർത്ത കേന്ദ്രസർക്കാറിനെതിരായ എല്ലാ മതക്കാരുടെയും രോഷം ചർച്ചായാവാതിരിക്കാൻ, ഓരോരോ തട്ടിപ്പുമായി ഇറങ്ങിയിരിക്കുകയാണ് ഇവർ. അത് മനുഷ്യർ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു.-ഹരീഷ് വാസുദേവൻ കുറിച്ചു
ഹരീഷിന്റെ പോസ്റ്റിന്റെ പൂർണരൂപം
വാമനൻ ഒന്നാം നമ്പർ ചതിയനാണ്
മഹാവിഷ്ണുവിന്റെ അവതാരമാണെങ്കിലും ദാനധർമ്മിഷ്ഠനായ മഹാബലിയോട് ഒന്നാംതരം ചതിയാണ് വാമനൻ കാണിച്ചത്. വേഷംമാറി വന്നു മൂന്നടി ദാനം ചോദിച്ചിട്ട് ചവുട്ടി താഴ്‌ത്തി. എന്നിട്ടതിനു ന്യായീകരണമായി ഓരോരോ കഥയുണ്ടാക്കുകയല്ലേ? മഹാബലിയെ ചതിച്ചാണ് വാമനൻ പാതാളത്തിലേക്ക് പറഞ്ഞയച്ചത്. ചതിക്കുന്നവനെ ചതിയനെന്ന് വിളിച്ചാൽ എന്താണ് കുഴപ്പം?
സത്യം സത്യമായി അംഗീകരിക്കാൻ വിശ്വാസികൾക്ക് എന്താണ് മടി?
കൃഷ്ണഭക്തരായ ലക്ഷക്കണക്കിന് പേര് സ്നേഹപൂർവം കള്ളക്കണ്ണൻ എന്നാണ് കൃഷ്ണനെ വിളിക്കുന്നത്. അതിനർത്ഥം ഭക്തി ഇല്ലാതായെന്നു ആണോ? പന്നിയെ കറിവെച്ചു തിന്നുന്ന ഹിന്ദുക്കളെ ഇനി വരാഹ അവതാരത്തിന്റെ പേരും പറഞ്ഞു ഈ മൂരാച്ചി സ്വാമി ഹിന്ദുവിരുദ്ധർ ആക്കുമോ? മത്സ്യം തിന്നാൻ പാടില്ലെന്ന് തിട്ടൂരം ഇറക്കുമോ? പുരാണ വ്യാഖ്യാനത്തിന്റെ പേറ്റന്റ് എന്നു മുതലാണ് സംഘപരിവാറിനും കുഴലൂത്ത് സ്വാമിമാർക്കും പതിച്ചു കിട്ടിയത്??
സത്യം പറഞ്ഞാൽ ഏത് ഹിന്ദുവിന്റെ വികാരമാണ് വ്രണപ്പെടുന്നത് എന്നു ഒന്നു അറിയണമല്ലോ. അങ്ങനെ പൊട്ടിയൊലിക്കുന്ന വികാരങ്ങളൊക്കെ പൊട്ടിയൊലിക്കട്ടെ. ഞാനും ഹിന്ദുവാണ്. ഈശ്വരവിശ്വാസിയായ ഹിന്ദു. ഒരു കള്ളസ്വാമിയെയും ഹിന്ദുവിന്റെ വക്താവായി ഞാൻ അംഗീകരിച്ചിട്ടില്ല.
സംഘപരിവാറിന് കുഴലൂതുന്ന, വർഗ്ഗീയ വിഷം പരത്തുന്ന ചിദാനന്ദപുരിയായാലും BJP യുടെ സുരേന്ദ്രൻ ആയാലും രാഷ്ട്രീയം കളിക്കാൻ ഹിന്ദുവിന്റെ പേര് ദുരൂപയോഗിക്കുന്നത് അവസാനിപ്പിക്കണം. ഹിന്ദുവിന്റെ പേരും പറഞ്ഞു അധികാരത്തിലേറി ഈ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തച്ചു തകർത്ത കേന്ദ്രസർക്കാറിനെതിരായ എല്ലാ മതക്കാരുടെയും രോഷം ചർച്ചായാവാതിരിക്കാൻ, ഓരോരോ തട്ടിപ്പുമായി ഇറങ്ങിയിരിക്കുകയാണ് ഇവർ. അത് മനുഷ്യർ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു.
'ചവിട്ടി താഴ്‌ത്തപ്പെട്ടവന്റെ സുവിശേഷമാണ് ഓണം' എന്നു പറഞ്ഞ സിസ്റ്ററിനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തിയ പൊലീസുകാർക്ക് എതിരെ നടപടി എടുക്കാൻ കെൽപ്പില്ലെങ്കിൽ ആഭ്യന്തര വകുപ്പ് സംഘികളേ ഏൽപിക്കുന്നതാണ് ഉചിതം.
https://www.facebook.com/harish.vasudevan.18/posts/10158762300612640