തിരുവനന്തപുരം: പുതുപ്പള്ളിയിൽ നിന്ന് മത്സരിക്കുന്ന മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ അഡ്വ.ഹരീഷ് വാസുദേവന്റെ പോസ്റ്റ്. ഉമ്മൻ ചാണ്ടി സമർപ്പിച്ച സത്യവാങ്മൂലത്തിലെ സ്വത്ത് വിവരക്കണക്കുകൾ എടുത്തുപറഞ്ഞാണ് വിമർശനം. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലയളവിലെ വരുമാന നികുതി റിട്ടേൺ വിവരങ്ങളാണ് പരാമർശവിഷയം.

തെരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെ സമർപ്പിച്ച സ്വത്ത് വിവര രേഖകൾ പ്രകാരം ഉമ്മൻ ചാണ്ടിയുടെ കൈവശം 2.99 ലക്ഷം രൂപയാണുള്ളത്. പാരമ്പര്യ സ്വത്തായി ലഭിച്ച 3.41 കോടി രൂപ വിലമതിക്കുന്ന കൃഷി ഭൂമി പുതുപ്പള്ളിയിലുണ്ട്. തിരുവനന്തപുരം കാനറ ബാങ്കിൽ അദ്ദേഹത്തിന് 25 ലക്ഷം രൂപയുടെ വായ്പയുണ്ട്. ഭാര്യ മറിയാമ്മയുടെ പേരിൽ തിരുവനന്തപുരത്ത് 40 ലക്ഷം രൂപ വിലമതിക്കുന്ന വീടും കൂടാതെ സ്വർണവും ബാങ്ക് നിക്ഷേപവുമായി 53 ലക്ഷം രൂപയും ഒരു സ്വിഫ്റ്റ് കാറുമുണ്ട്.

ഉമ്മൻ ചാണ്ടി കേരളത്തിന്റെ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് അവസാനമായി അദ്ദേഹം വരുമാന നികുതി റിട്ടേൺ നൽകിയത്. ഈ വിവരം ചൂണ്ടിക്കാട്ടിയ ഹരീഷ് വാസുദേവൻ ഒരു മുഖ്യമന്ത്രിക്ക് ലഭിക്കുന്ന ശമ്പളം എത്രയാണെന്ന് അറിയാമല്ലോ എന്നും ചോദിക്കുന്നു.

2014-15ൽ മുഖ്യമന്ത്രിയായിരിക്കേ നികുതി റിട്ടേണിൽ വാർഷിക വരുമാനമായി ഉമ്മൻ ചാണ്ടി കാണിച്ചത് 3,42,230 രൂപയാണ്. അതായത് മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ അദ്ദേഹത്തിന്റെ പ്രതിമാസ വരുമാനം കണക്ക് പ്രകാരം 28,600 രൂപ. 50 വർഷമായി പുതുപ്പള്ളി എംഎ‍ൽഎ കൂടിയാണ് ഉമ്മൻ ചാണ്ടി. 50 വർഷത്തെ എംഎ‍ൽഎ പെൻഷൻ ഒരാൾക്ക് പ്രതിമാസം ഏതാണ്ട് 50,000 രൂപ കിട്ടുമെന്ന് നിയമസഭാ വെബ്സൈറ്റിനെ ഉദ്ധരിച്ച് ഹരീഷ് വാസുദേവൻ ചൂണ്ടിക്കാട്ടി.

ഇതോടൊപ്പം ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ വക്കീലാണ്. 2020 റിട്ടേൺ അനുസരിച്ച് അദ്ദേഹത്തിന്റെ പ്രതിമാസ വരുമാനം 11,811 രൂപയെന്നാണ് രേഖയിൽ കാണിച്ചിരിക്കുന്നത്. അരിയാഹാരം കഴിക്കുന്നവരിൽ എത്രപേർ ഈ കണക്ക് വിശ്വസിക്കുമെന്ന് ഹരീഷ് ചോദ്യം ചെയ്യുന്നു.

'ഒരേ സമയം സ്വന്തം ജനതയോട് കള്ളം പറയുകയും, അതേസമയം നികുതി വെട്ടിക്കുകയും ചെയ്യുന്ന ഒരാൾ മാന്യനായി, ഒരു വലിയ ജനതയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഒക്കെയായി മാറുന്നെങ്കിൽ, ആ ജനത അടിസ്ഥാനപരമായി തട്ടിപ്പിന് കൂട്ടുനിൽക്കുന്ന, ഇന്റഗ്രിറ്റി ഇല്ലാത്ത ജനത ആയിരിക്കണം. അല്ലെങ്കിൽ അയാളുടെ ഈ മുഖം ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാട്ടാൻ മറ്റു പാർട്ടികൾ പരാജയപ്പെട്ടതുകൊണ്ടാവണം. പൊതുജീവിതത്തിൽ അടിസ്ഥാന സത്യസന്ധത കാണിക്കാത്ത മനുഷ്യരെങ്ങനെയാണ് ഒരു സംസ്ഥാനത്തെ സത്യത്തിന്റെ മാർഗ്ഗത്തിൽ നയിക്കുന്നത്' ഹരീഷ് വാസുദേവൻ ഫേസ്‌ബുക്കിൽ കുറിച്ചു.

ഹരീഷ് വാസുദേവന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഉമ്മൻ ചാണ്ടിയുടെ വരുമാനം

2014-15 വർഷം ഉമ്മൻ ചാണ്ടി കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ആ വർഷമാണ് അദ്ദേഹം വരുമാന നികുതി റിട്ടേൺ അവസാനമായി നൽകിയത്. ഒരു മുഖ്യമന്ത്രിക്ക് ശമ്പളം എത്രയാണെന്ന് അറിയാമല്ലോ. എന്നാൽ അദ്ദേഹം 2014-15 ലെ റിട്ടേണിൽ വാർഷിക വരുമാനമായി കാണിച്ചത് വെറും 3,42,230 രൂപ !

അതായത്, മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പ്രതിമാസ വരുമാനം വെറും 28,600 രൂപ !

50 വർഷമായി അദ്ദേഹം പുതുപ്പള്ളി MLA ആണ്. 50 വർഷത്തെ MLA പെൻഷൻ ഒരാൾക്ക് പ്രതിമാസം ഏതാണ്ട് 50,000 രൂപ കിട്ടുമെന്നു നിയമസഭാ വെബ്സൈറ്റ് പറയുന്നു.

2015 നു ശേഷം ഉമ്മൻ ചാണ്ടി വരുമാന നികുതി അടയ്ക്കുകയോ റിട്ടേൺ സമർപ്പിക്കുകയോ ചെയ്തിട്ടില്ല

മകൻ ചാണ്ടി ഉമ്മൻ വക്കീലാണ്. 2020 റിട്ടേൺ അനുസരിച്ച് പ്രതിമാസ വരുമാനം 11,811 രൂപ

മലയാളമനോരമ എത്ര തള്ളിയാലും, ഉടുപ്പ് കീറി നടന്നാലും, വസ്തുതകൾ സ്വന്തം ഒപ്പുള്ള സത്യവാങ്മൂലമായി ഇലക്ഷൻ കമ്മീഷന്റെ വെബ്സൈറ്റിൽ വരും. സത്യം നമ്മെ നോക്കി പല്ലിളിക്കും

അരിയാഹാരം കഴിക്കുന്നവരിൽ എത്രപേർ ഈ കണക്ക് വിശ്വസിക്കും

ഒരേ സമയം സ്വന്തം ജനതയോട് കള്ളം പറയുകയും, അതേസമയം നികുതി വെട്ടിക്കുകയും ചെയ്യുന്ന ഒരാൾ മാന്യനായി, ഒരു വലിയ ജനതയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഒക്കെയായി മാറുന്നെങ്കിൽ, ആ ജനത അടിസ്ഥാനപരമായി തട്ടിപ്പിന് കൂട്ടുനിൽക്കുന്ന, ഇന്റഗ്രിറ്റി ഇല്ലാത്ത ജനത ആയിരിക്കണം. അല്ലെങ്കിൽ അയാളുടെ ഈ മുഖം ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാട്ടാൻ മറ്റു പാർട്ടികൾ പരാജയപ്പെട്ടതുകൊണ്ടാവണം.

പൊതുജീവിതത്തിൽ അടിസ്ഥാന സത്യസന്ധത കാണിക്കാത്ത മനുഷ്യരെങ്ങനെയാണ് ഒരു സംസ്ഥാനത്തെ സത്യത്തിന്റെ മാർഗ്ഗത്തിൽ നയിക്കുന്നത്?

അഡ്വ.ഹരീഷ് വാസുദേവൻ