കോട്ടയം: മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ ഓഫീസിലെ എൻവയൺമെന്റൽ എൻജിനീയർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിൽ. പന്തളം മങ്ങാരം മദീനയിൽ എ എം ഹാരിസി(51) നെയാണ് കോട്ടയം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ യൂണിറ്റ് ഡിവൈഎസ്‌പിമാരായ കെഎ വിദ്യാധരൻ, എകെ വിശ്വനാഥൻ എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ ഓഫീസിൽ വച്ച് അറസ്റ്റ് ചെയ്തത്.

പാലാ പ്രവിത്താനത്ത് പ്രവർത്തിക്കുന്ന പിജെ ട്രെഡ് എന്ന ടയർ റീട്രേഡിങ് സ്ഥാപന ഉടമ ജോബിൻ സെബാസ്റ്റ്യനിൽ നിന്ന് കൈക്കൂലി വാങ്ങുമ്പോഴായിരുന്നു വിജിലൻസിന്റെ കൈയിൽ അകപ്പെട്ടത്. സ്ഥാപനത്തിനെതിരേ അയൽവാസി ശബ്ദമലിനീകരണത്തിന് മലിനീകരണ നിയന്ത്രണ ബോർഡിൽ പരാതി ഉന്നയിച്ചിരുന്നു.

റീട്രേഡിങിനുള്ള മെഷിനറികൾ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം അസഹനീയമാണെന്നായിരുന്നു പരാതി. പരിശോധന നടത്തിയ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തി. 60 ഡെസിബെല്ലിൽ താഴെയായിരുന്നു സ്ഥാപനത്തിലെ യന്ത്രങ്ങളുടെ ശബ്ദം. ഇത് മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമല്ല.

സ്വാഭാവികമായി സ്ഥാപനത്തിന് ലൈസൻസ് പുതുക്കി കൊടുക്കമായിരുന്നു. നേരത്തേയുള്ള ഉദ്യോഗസ്ഥർ ലൈസൻസ് പുതുക്കുന്നതിന് ഒരു ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്ന് പരാതിക്കാരൻ പറയുന്നു. അവർക്ക് ശേഷം വന്ന ഹാരീസ് 25,000 രൂപ തന്നാൽ ലൈസൻസ് നൽകാമെന്ന് അറിയിച്ചു.

സ്ഥാപനം ഉടമ വിജിലൻസ് എസ്‌പി വി.ജി വിനോദ് കുമാറിന് പരാതി നൽകി. അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം ഡിവൈഎസ്‌പിമാരും ഇൻസ്പെക്ടർമാരായ റെജി എംകുന്നിപ്പറമ്പിൽ, നിസാം, രതീന്ദ്രകുമാർ എന്നിവരും ചേർന്നാണ് കെണിയൊരുക്കിയത്. ഉദ്യോഗസ്ഥർ നൽകിയ മാർക്ക് ചെയ്ത പണം ഇന്ന് രാവിലെ ഓഫീസിൽ വച്ച് പണം കൈപ്പറ്റുന്നതിനിടെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.