- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹരിതയുടെ മരണത്തിൽ ദുരൂഹതയില്ല; മുങ്ങി മരണമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കൈപ്പത്തി അറ്റുപോയത് നായയുടെ കടിയേറ്റ്; യുവതിക്ക് മാനസിക അസ്വാസ്ഥ്യമെന്നും പൊലീസ് കണ്ടെത്തൽ; പട്ടാമ്പിയിൽ എങ്ങനെ എത്തി എന്നതിൽ ഇപ്പോഴും അവ്യക്തത
തൃത്താല: ഭാരതപ്പുഴയിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. യുവതിയുടേത് മുങ്ങി മരണമാണ് എന്ന നിഗമനത്തിലാണ് പൊലീസ്. പോസ്റ്റുമോർട്ടം റിപ്പോർട്ടു പുറത്തുവന്നതോടെയാണ് ഇത്തരമൊരു നിഗമനത്തിലേക്ക് പൊലീസ് എത്തിയിരിക്കുന്നത്. കൈപ്പത്തി അറ്റുപോയത് തെരുവുനായയുടെ കടിയേറ്റാണെന്നും യുവതിയുടെ കൈയിൽ ജീവിയുടെ കടിയേറ്റതായാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയതെന്നും തൃത്താല പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് ഗുരുവായൂർ കാരക്കാട് കുറുവങ്ങാട്ടിൽ വീട്ടിൽ ഹരിതയെ (28) പട്ടാമ്പി പാലത്തിനുസമീപം ഭാരതപ്പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം കൈപ്പത്തിയറ്റ് അഴുകിയ നിലയിലായിരുന്നു. തൃത്താല സ്റ്റേഷൻ ഹൗസ് ഓഫീസർ സി. വിജയകുമാർ, പേരാമംഗലം പൊലീസ് ഇൻസ്പെക്ടർ വി. അശോക് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് ഹരിതയുടെ ബാഗും രേഖകളടങ്ങിയ മറ്റൊരു കവറും തെരുവുനായകൾ കടിച്ചുപറിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അതേസമയം, ഇവരുടെ അറ്റുപോയ കൈപ്പത്തി കണ്ടെത്താനായില്ല.
യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി യുവതിയുടെ ബന്ധുക്കളും പൊലീസും പറയുന്നു. ഇവർ അസുഖത്തിന് ചികിത്സ തേടിയിരുന്നതായും പൊലീസ് പറഞ്ഞു. അതേസമയം, യുവതി പട്ടാമ്പിയിൽ എങ്ങനെ എത്തിയതെന്നതിനെക്കുറിച്ച് വ്യക്തതയില്ല. ആറരവർഷം മുമ്പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. വിവാഹത്തിനുശേഷം കൈപ്പറമ്പ് പോണോരിലെ ഭർത്താവിന്റെ വീട്ടിലാണ് താമസം.
ഇവരുടെ വീട്ടിൽനിന്ന് പട്ടാമ്പി ഭാഗത്തേക്ക് നേരിട്ടുള്ള ബസ് സർവീസുകളുണ്ട്. ഏതെങ്കിലും ബസിൽ കയറി പട്ടാമ്പിയിലെത്തിയതാകാമെന്നാണ് നിഗമനം. ഇതിൽ വ്യക്തത തേടി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. പേരാമംഗലം പൊലീസാണ് അന്വേഷണം നടത്തുന്നത്. ശനിയാഴ്ച കാലത്ത് ഒൻപതര മുതൽ യുവതിയെ കാണാതായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പേരാമംഗലം പൊലീസ് കേസെടുത്ത് അന്വേഷണവും ആരംഭിച്ചിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയെ കാണായാപ്പോൾ മുതൽ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം മുന്നോട്ടു പോയത്.
യുവതി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ പട്ടാമ്പി ശങ്കരമംഗലം ഭാഗത്ത് കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് ഈ ഭാഗത്ത് പരിശോധന നടത്തിയെങ്കിലും കൂടുതൽ വിവരങ്ങൾ അറിയാൻ സാധിച്ചിരുന്നില്ല. ശനിയാഴ്ച അർധരാത്രി വരെ മൊബൈൽ ഫോൺ ഇടക്കിടെ ഓൺ ആവുകയും പിന്നീട് ഓഫ് ആവുകയും ചെയ്തിരുന്നതായി ബന്ധുക്കൾ പറഞ്ഞു. തിങ്കളാഴ്ച കാലത്ത് ഒൻപതരയോടെ കാലിമേക്കാൻ പുഴയിൽ ഇറങ്ങിയ നാട്ടുകാരാണ് യുവതിയുടേതെന്ന് തോന്നിക്കുന്ന മൃതദേഹം പുഴയിൽ പുൽക്കാടുകളോട് ചേർന്ന് പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടത്.
ഇവിടെ നിന്നും കുറച്ച് മീറ്ററുകൾ മാറി ഇവരുടെ ബാഗും കുറച്ചകലെ രേഖകളും ഗുളികകളും അടങ്ങിയ മറ്റൊരു കവറും കണ്ടെത്തി. കവറിൽ നിന്നും കണ്ടെത്തിയ ബാങ്ക് രേഖയിലെ നമ്പറിൽ ബന്ധപ്പെട്ടപ്പോഴാണ് യുവതിയെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചത്.
മറുനാടന് മലയാളി ബ്യൂറോ