- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലീഗ് നേതൃത്വത്തെ വീണ്ടും തള്ളി ഹരിത; എം.എസ്.എഫ്-ഹരിത വിവാദം ഒത്തുതീർപ്പാക്കിയെന്ന വാദം തെറ്റ്; അത് ലീഗ് നേതാക്കളുടേത് മാത്രം അഭിപ്രായം; കൂടിയാലോചിച്ച് ഹരിത തീരുമാനം എടുക്കുമെന്ന് ഫാത്തിമ തഹ്ലിയ; നവാസ് മാപ്പു പറഞ്ഞെങ്കിലും നടപടി എടുക്കാതെ പിന്നോട്ടില്ലെന്ന് സൂചന നൽകി ഹരിത നേതാക്കൾ
മലപ്പുറം: എം.എസ്.എഫ്-ഹരിത വിവാദം ഒത്തുതീർപ്പാക്കിയെന്ന വാദം തെറ്റെന്നും അത് ലീഗ് നേതാക്കളുടേത് മാത്രമാണെന്നും ഹരിത നേതാക്കൾ. ഹരിതയുമായി കൂടിയാലോചിച്ച് തീരുമാനം എടുക്കുമെന്ന് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ്കൂടിയായ ഫാത്തിമ തഹ്ലിയ പറഞ്ഞു. വിവാദം ഒത്തു തീർപ്പായെന്നും പ്രശ്നങ്ങൾ പരിഹരിച്ചെന്നും ലീഗ് നേതൃത്വം പത്രക്കുറിപ്പ് ഇറക്കിയതിന് പിന്നാലെയാണ് ഹരിത നേതാക്കൾ പരാതി പിൻവലിച്ചിട്ടില്ലെന്നും ഇക്കാര്യത്തിൽ തീരുമാനം ആയിട്ടില്ലെന്നും ഹരിത നേതാക്കൾ പ്രതികരിച്ചത്. കാര്യങ്ങൾ കൂടുതൽ പഠിച്ച ശേഷം പത്ര സമ്മേളനം നടത്തുമെന്നും അപ്പോൾ കൂടുതൽ കാര്യങ്ങൾ പറയാമെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു.
ഇന്നലെ ഇ.ടി മുഹമ്മദ് ബഷീർ എംപിയുടെ നേതൃത്വത്തിൽ എം.എസ്.എഫ് നേതാക്കളുമായും ഹരിത നേതാക്കളുമായും ചർച്ച നടന്നിരുന്നു. എന്നാൽ ഹരിതയുമായി കൂടിയാലോചിച്ചാണ് തീരുമാനം എടുത്തതെന്ന് ലീഗ് നേതാക്കൾ പറയുകയും സ്ത്രീ വിരുദ്ധ പ്രസ്താവനയിൽ എംഎസ്എഫ് നേതാക്കൾ ഖേദം പ്രകടിപ്പിക്കുമ്പോഴും പരാതിയിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിണിപ്പോൾ ഹരിത നേതൃത്വം എടുത്തിട്ടുള്ളത്. പുറത്ത് വന്നിരിക്കുന്നത് മുസ്ലിം ലീഗിന്റെ അഭിപ്രായം മാത്രമാണെന്നും പരാതി പിൻവലിക്കാൻ തീരുമാനിച്ചിട്ടില്ലെന്നുമാണ് ഹരിതയുമായി ചേർന്ന് പ്രവർത്തിക്കുന്നവരുടെ പ്രതികരണം.
ആരോപണ വിധേയരായ എംഎസ്എഫ് നേതാക്കൾ ഖേദം പ്രകടിപ്പിക്കുന്നതിന് പിന്നാലെ ഹരിത നേതാക്കൾ വനിത കമ്മീഷന് നൽകിയ പരാതി പിൻവലിക്കുമെന്നുമാണ് ലീഗ് നേതൃത്വം പത്രക്കുറിപ്പിറക്കിയത്. ഇതിന് പിന്നാലെ ഹരിതാ ഭാരവാഹികൾക്കെതിരായ പരാമർശത്തിൽ എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പികെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡണ്ട് കബീർ മുതുപറമ്പ്, ജനറൽ സെക്രട്ടറി വിഎ വഹാബ് എന്നിവർ ഇതിനകം ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. മാപ്പ് പറഞ്ഞതോടെ ഹരിതാ ഭാരവാഹികൾ വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിക്കുമെന്നും ലീഗിന്റെ പ്രസ്താവനയിൽ പറയുന്നുണ്ട്.
ഹരിതയും എംഎസ്എഫും ഒരു മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളായതുകൊണ്ട് കൂടുതൽ യോജിച്ച് പോകുന്നതിന് ആവശ്യമായ ചർച്ചകളും പരാതി പരിഹാര സംവിധാനങ്ങളും ആവശ്യമാണെന്നുമാണ് ലീഗിന്റെ പക്ഷം. വിവാദ പരാമർശത്തിൽ എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പികെ നവാസ് ഉൾപ്പെടെയുള്ള നേതാക്കൾ മാപ്പുപറയാനും പരാതി പിൻവലിക്കാനുമുള്ള തീരുമാനം ഉണ്ടായത് ഹരിത നേതാക്കളുമായി ഉൾപ്പെടെ കൂടിയാലോചിച്ച ശേഷമാണെന്നു ലീഗ് നേതാവ് ഡോ. എം കെ മുനീർ പറഞ്ഞു. ഹരിത വിവാദത്തിൽ നടപടി വ്യക്തമാക്കി മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം പത്രക്കുറിപ്പ് പുറത്തിറക്കിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് എം കെ മുനീർ എംഎൽഎ ഇക്കാര്യം അറിയിച്ചത്. ഹരിത നേതാക്കൾ സംസ്ഥാന വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിക്കും.
ഇനിയുള്ളത് ആഭ്യന്തര നടപടി ക്രമം മാത്രമാണെന്നും എംകെ മുനീർ ചൂണ്ടിക്കാട്ടി. ഹരിതാ നേതാക്കൾക്കെതിരെയുള്ള പരാമർശം ദുരുദ്ദ്യേശത്തോടെയല്ലെന്നും 'എങ്കിലും' നിർവ്യാജം ഖേദം പ്രകടിപ്പിക്കുകയാണെന്നും നേതാക്കൾ അറിയിച്ചു. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പുറത്ത് വിട്ട കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ, സ്ത്രീ വിരുദ്ധ പ്രസ്താവനയിൽ എംഎസ്എഫ് നേതാക്കൾ ഖേദം പ്രകടിപ്പിക്കുമ്പോഴും പരാതിയിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിൽ ഹരിത നേതൃത്വം. പുറത്ത് വന്നിരിക്കുന്നത് മുസ്ലിം ലീഗിന്റെ അഭിപ്രായം മാത്രമാണെന്നും പരാതി പിൻവലിക്കാൻ തീരുമാനിച്ചിട്ടില്ലെന്നുമാണ് ഹരിതയുമായി ചേർന്ന് പ്രവർത്തിക്കുന്നവരുടെ പ്രതികരണം.