കണ്ണൂർ: സ്വന്തം ജീവനക്കാരെ കൊണ്ട് കയറ്റിറക്കു നടത്താൻ ഹൈക്കോടതി വിധിയുണ്ടായിട്ടും സി. ഐ.ടി.യു ചുമട്ടു തൊഴിലാളികൾ അനിശ്ചിതകാല സമരം നടത്തിയ മാതമംഗലത്തെ എസ്. ആർ. ഹാർഡ് വെയർപൂട്ടി. മാതമംഗലത്തെ ഒരുകൂട്ടം യുവാക്കൾ ചേർന്നു തുടങ്ങിയ സംരഭമാണ് എസ്. ആർ ഹാർഡ് വെയർസ്. ഇതോടെ ഇവിടെ ജോലി ചെയ്തിരുന്ന തൊഴിലാളികൾ പെരുവഴിയിലായി എന്നാൽ മാതമംഗലത്ത് കടപൂട്ടിയത് പഞ്ചായത്ത് ലൈസൻസ് പുതുക്കാത്തതുമായി ബന്ധപ്പെട്ടാണെന്നും തൊഴിൽ തർക്കമല്ലെന്ന വിശദീകരണവുമായി മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു.

എന്നാൽ സി. ഐ.ടി.യു യൂനിയൻ തൊഴിലാളികൾ നടത്തിയ അനിശ്ചിതകാലസമരത്തിനെ തുടർന്നാണ് കടപൂട്ടിയതെന്ന വിശദീകരണമാണ് ഉടമയായ റബീൽ മുഹമ്മദ് കുട്ടി പറഞ്ഞു. ഹൈക്കോടതി സ്വന്തമായി കയറ്റിറക്കുമതി നടത്താൻ അനുവദിച്ചു കൊണ്ടു വിധിയുണ്ടായിട്ടും മാതമംഗലത്ത് ഇതൊന്നും നടപ്പിലാവില്ലെന്നാണ് സി. ഐ. ടി.യു ചുമട്ടുതൊഴിലാളികൾ പറയുന്നത്. ഈ പ്രശ്നത്തിൽ തനിക്ക് മർദ്ദനമേറ്റിട്ടുണ്ട്.കടയിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവരെ തിരിച്ചയക്കുകയാണ്. പൊലിസ് കാവലുണ്ടെങ്കിലും കാഴ്‌ച്ചക്കാരായി നിൽക്കുകയാണെന്നും ഒരുതരത്തിലും കച്ചവടം നടക്കില്ലെന്നു തോന്നിയതുകൊണ്ടാണ് പൂട്ടിയതെന്നും റബീൽ വ്യക്തമാക്കി.

നേരത്തെ ഇവിടെ സാധനങ്ങൾ വാങ്ങാനെത്തുന്നവരെ സി. ഐ.ടി.യു പ്രവർത്തകർ തടഞ്ഞുനിർത്തിഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ടായിരുന്നു. ഇതുകാരണം എഴുപതുലക്ഷം രൂപ മുതൽ മുടക്കമുള്ള സംരഭമാണ് പൂട്ടിയത്. ഈ കടയിൽ നിന്നും സാധനങ്ങൾ വാങ്ങാൻ പാടില്ലെന്നു വിലക്കിയിട്ടുംസാധനങ്ങൾ വാങ്ങിയതിന്റെ പേരിൽ യൂത്ത് ലീഗ്പ്രവർത്തകൻ അഫ്സലിനെതിരെ സി. ഐ.ടി.യു അക്രമം നടന്നിരുന്നു.

ഇതിനു ശേഷവും അഫ്സലിനെതിരെ ഭീഷണിയുയർന്നതായി പയ്യന്നൂർ ഡി.വൈ. എസ്‌പിക്ക് നൽകിയ പരാതിയിൽ പറയുന്നു. അഫ്സൽ മാതമംഗലത്ത് നടത്തിയ എ,ജെ സെക്യൂർ ടെക് ഐ.ടി സൊല്യൂഷൻസെന്ന കടയും സി. ഐ.ടി.യുക്കാർ ഭീഷണിപ്പെടുത്തിയതിനാൽ പൂട്ടിയിട്ടുണ്ട്. തന്റെ ജീവനുനേരെ ഭീഷണിയുണ്ടെന്നും പൊലിസ് സംരക്ഷണം നൽകാൻ തയ്യാറല്ലെന്നും അഫ്സൽ കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിലൂടെ ആരോപിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് എസ്. ആർ ഹാർഡ്വെയറും പൂട്ടിയത്. എന്നാൽ ആരുടെയെങ്കിലും തൊഴിൽസ്ഥാപനം പൂട്ടിക്കുക തങ്ങളുടെ നയമല്ലെന്നും തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾക്കായി തൊഴിൽ നിഷേധത്തിനായി സമരം ചെയ്യുക മാത്രമേ ചെയ്തിട്ടുള്ളുവെന്ന് സി. ഐ.ടി.യു പ്രാദേശിക നേതൃത്വം വിശദീകരിച്ചു.