- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
‘ഡൽഹി ചലോ' പ്രക്ഷോഭത്തിന് മുന്നേ ഹരിയാനയിൽ കർഷക നേതാക്കൾ അറസ്റ്റിൽ; സമരത്തിന് മാറ്റമില്ലെന്ന് സംഘടനകൾ
ചണ്ഡീഗഡ്: ഹരിയാനയിൽ കർഷക നേതാക്കളെ പൊലീസ് കൂട്ടമായി അറസ്റ്റ് ചെയ്തു. കേന്ദ്ര സർക്കാറിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ആൾ ഇന്ത്യ കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ച ‘ഡൽഹി ചലോ' പ്രക്ഷോഭം നടക്കാനിരിക്കെയാണ് അറസ്റ്റ്. സംസ്ഥാനത്തൊട്ടാകെയുള്ള 32 കർഷക നേതാക്കളെയാണ് ഹരിയാന പൊലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച്ച രാത്രിമുതൽ ചൊവ്വാഴ്ച്ച വരെയാണ് ഇത്രയു നേതാക്കളെ അറസ്റ്റ് ചെയ്തത്.
നവംബർ 26, 27 തിയ്യതികളിലാണ് ‘ഡൽഹി ചലോ' പ്രക്ഷോഭം ആഹ്വാനം ചെയ്തത്. അറസ്റ്റുകളെ തുടർന്ന് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വിവിധ കർഷക കൂട്ടായ്മകളും തൊഴിലാളി യൂണിയനുകളും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. നേതാക്കളെ അറസ്റ്റ് ചെയ്തെങ്കിലും സമരത്തിൽ നിന്ന് പിന്മാറില്ലെന്നും ഡൽഹി ചലോ പ്രക്ഷോഭം പ്രഖ്യാപിക്കപ്പെട്ടതുപോലെ തന്നെ നടക്കുമെന്നും കർഷക സംഘടനകൾ അറിയിച്ചു.
രാജ്യത്തൊട്ടാകെയുള്ള അഞ്ഞൂറിലധികം കർഷക സംഘടനകൾ ചേർന്നാണ് ആൾ ഇന്ത്യ കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റിയുടെ മുൻകൈയിൽ ദ്വിദിന പ്രതിഷേധം ജന്തർ മന്തറിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചത്. ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ നവംബർ 26 ന് രാവിലെ അഞ്ച് പോയിന്റുകളിൽ ഒത്തുകൂടി ഡൽഹിയിലേക്ക് മാർച്ച് നടത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.
മറുനാടന് ഡെസ്ക്