- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിചിത്രമായ ചില ശബ്ദങ്ങൾ കേൾക്കും; ലക്ഷക്കണക്കിനു ചീവീടുകൾ ഒരേസമയം കരയുന്നതു പോലയുള്ള ശബ്ദം; അപരിചിതമായ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടും; ഒപ്പം ഛർദിയും തലവേദനയും ക്ഷീണവും; രഹസ്യ ആക്രമണ പദ്ധതിയായി ഹവാന സിൻഡ്രോം
ഹവാന സിൻഡ്രോം എന്ന അജ്ഞാത രോഗം വീണ്ടും വാർത്തകളിൽ നിറയുകയാണ്. നയതന്ത്ര ഉദ്യോഗസ്ഥർക്കിടയിൽ കണ്ടെത്തിയ രോഗം കഴിഞ്ഞ അഞ്ച് വർഷമായി അമേരിക്കയുടെ ഉറക്കം കെടുത്തുകയാണ്. 2016 മുതലാണ് ഹവാന സിൻഡ്രോമിനെ കുറിച്ച് കേട്ടുതുടങ്ങിയത്. ക്യൂബൻ തലസ്ഥാനം ഹവാനയിൽ പ്രവർത്തിച്ചിരുന്ന യുഎസ് നയതന്ത്ര പ്രതിനിധികൾക്കും എംബസിയിലെ ഏതാനും ജീവനക്കാർക്കുമാണ് ആദ്യമായി ഈ അജ്ഞാത രോഗത്തിന്റെ ആദ്യ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടത്.
അങ്ങനെയാണ് ഈ രോഗത്തിന് ഹവാന സിൻഡ്രോം എന്ന പേര് വന്നത്. വിചിത്രമായ ചില ശബ്ദങ്ങൾ കേൾക്കുക, അപരിചിതമായ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുക തുടങ്ങിയ പ്രശ്നങ്ങളാണ് ഇവർക്ക് ഉണ്ടായത്. ഇതിനു പുറമേ ഛർദി,ശക്തമായ തലവേദന,ക്ഷീണം, തലകറക്കം, ഉറക്കപ്രശ്നങ്ങൾ, കേൾവിക്കുറവ്, ഓർമപ്രശ്നങ്ങൾ എന്നിവയും അനുഭവപ്പെട്ടു.ലക്ഷണങ്ങൾ തീവ്രമാകുന്നതോടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകാതെ മിക്ക ഉദ്യോഗസ്ഥരും സ്വമേധയാ വിരമിക്കുകയാണ് പതിവ്.
ശത്രുരാജ്യങ്ങൾ പദ്ധതിയിട്ട് തയാറാക്കി നടപ്പാക്കുന്ന രഹസ്യ ആക്രമണമാണ് ഹവാന സിൻഡ്രമെന്ന് അമേരിക്ക കരുതുന്നു. സോണാർ, ലേസർ അല്ലെങ്കിൽ മൈക്രോവേവ് രൂപത്തിലുള്ള ഊർജ്ജ ആയുധങ്ങളാണ് ഇവയെന്നാണ് വിശ്വസിക്കപ്പെടുന്നത്. രോഗ ലക്ഷണങ്ങൾ തുടങ്ങുന്നതിനു മുമ്പ് അതിതീവ്രതയിലുള്ള ശബ്ദം ചെവിയിൽ തുളച്ചുകയറുന്നതായി അനുഭവപ്പെട്ടെന്ന് ക്യൂബൻ എംബസിയിലെ അമേരിക്കൻ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. ലക്ഷക്കണക്കിനു ചീവീടുകൾ ഒരേസമയം കരയുന്നതു പോലയുള്ള ശബ്ദമായിരുന്നു അത്. ഒരു വിൻഡോ ഗ്ലാസ് പകുതി തുറന്ന കാറിൽ അതിവേഗത്തിൽ പോകുമ്പോൾ അനുഭവിക്കുന്നതു പോലെയുള്ള സമ്മർദവും ഉണ്ടായതായി അവർ സാക്ഷ്യപ്പെടുത്തി.
ക്യൂബയിലെ അമേരിക്കൻ നയതന്ത്രജ്ഞർക്കാണ് ആദ്യം ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടതെങ്കിലും പിന്നീട് ലോകത്തിന്റെ പലഭാഗത്തുള്ള അമേരിക്കൻ ഉദ്യോഗസ്ഥർക്കും സമാനമായ ലക്ഷണങ്ങൾ കണ്ടുതുടങ്ങി.ചെറിയ സമയത്തിനുള്ളിൽ ഇരുന്നൂറോളം യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരാണ് ഹവാന സിൻഡ്രോമിന് ഇരയായതെന്ന് സിഐഎ ഡയറക്ടർ വില്ല്യം ബേൺസ് പറഞ്ഞു.സമർഥരായ ഉദ്യോഗസ്ഥരിൽ പലരും അജ്ഞാത രോഗത്തിനിരയാവുന്നത് രാജ്യത്തിന്റെ നയതന്ത്രപദ്ധതികളെ തെല്ലൊന്നുമല്ല ബാധിച്ചത്.
വിദേശ ദൗത്യവുമായി ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള യുഎസ് ഉദ്യോഗസ്ഥർക്ക് നേരെയുള്ള രഹസ്യാക്രമണമായാണ് ഇതിനെ കണക്കാക്കുന്നത്. യുഎസ് തന്നെ ഇത്തരം ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ട്. റഷ്യക്കെതിരെയുള്ള രഹസ്യ നീക്കങ്ങൾക്കായി വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്ന നയതന്ത്ര ഉദ്യോഗസ്ഥരിൽ പലർക്കും രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതോടെ റഷ്യൻ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് സംശയം ശക്തമായി.
അമേരിക്കയും ക്യൂബയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ പാളിച്ചകളും അന്വേഷണത്തിനിടയ്ക്ക് ഉയർന്നതോടെ ക്യൂബയും ചൈനയും അമേരിക്കയുടെ സംശയ വലയത്തിനുള്ളിലായി. വ്യക്തമായി തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് യുഎസ് ഉദ്യോഗസ്ഥർക്ക് നേർക്കുള്ള ഈ 'രഹസ്യാക്രമണ'മെന്നാണ് ഈ പ്രതിഭാസത്തെക്കുറിച്ച് അമേരിക്ക തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്. 2017ൽ യുഎസ് പ്രസിഡന്റ് ആയിരുന്ന ട്രംപ് ആരോപിച്ചത് യുഎസ് ഉദ്യോസ്ഥർക്കെതിരേ ക്യൂബയും റഷ്യയും ചേർന്ന് അജ്ഞാത ആക്രമണം നടത്തിയെന്നാണ്.ക്യൂബയ്ക്ക് പുറമേ റഷ്യ, ചൈന, ഓസ്ട്രിയ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിലും രോഗലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു.
രാജ്യത്ത് ഇത്തരത്തിലുള്ള മുന്നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്ന സ്ഥിതിവിശേഷം ഉന്നത ഉദ്യോഗസ്ഥർ പ്രസിഡന്റ് ജോ ബൈഡനെ അറിയിച്ചിട്ടുണ്ട്.നിരവധി ഉദ്യോഗസ്ഥർക്ക് ഹവാന സിൻഡ്രോം എന്ന വിചിത്രമായ അസുഖത്തിന്റെ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ വിയറ്റ്നാം സന്ദർശനം റദ്ദാക്കിയിരുന്നു. സെപ്റ്റംബറിൽ മാസം ഇന്ത്യ സന്ദർശിച്ച സിഐഎ ഡയറക്ടർ വില്യം ബേൺസിന്റെ സംഘത്തിലെ ഒരുദ്യോഗസ്ഥനാണ് ഈ അജ്ഞാത രോഗം അവസാനമായി റിപ്പോർട്ട് ചെയ്തത്.
ഹവാന സിൻഡ്രം രോഗത്തിന്റെ യഥാർഥ കാരണമോ ചികിത്സയോ ഇതുവരെ കണ്ടു പിടിച്ചിട്ടില്ല. ഏതായാലും നയതന്ത്ര ഉദ്യോഗസ്ഥർക്കിടയിൽ കണ്ടെത്തിയ രോഗം കഴിഞ്ഞ അഞ്ച് വർഷമായി അമേരിക്കയുടെ ഉറക്കം കെടുത്തുകയാണ്.