അടൂർ: ഹൈസ്‌കൂൾ ജങ്ഷനിൽ ഉണ്ടായ സിപിഐ-സിപിഎം സംഘട്ടനം മൊബൈൽ കാമറയിൽ പകർത്തിയതിന് സിഐടിയുവിന്റെ നേതാക്കൾ തങ്ങളുടെ യൂണിയനിൽപ്പെട്ട ചുമട്ടുതൊഴിലാളിയെ മർദിച്ചു. മനം നൊന്ത ചുമട്ടു തൊഴിലാളി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാളുടെ പരാതിയിന്മേൽ നേതാക്കളെ പ്രതികളാക്കി പൊലീസ് കേസെടുത്തു.

ഏനാത്തുകൊല്ലന്റയ്യത്ത് കിഴക്കേതിൽ സുൽത്താനാണ്(38) ഇന്നലെ രാവിലെ 11 ന് അരളിക്കായ കഴിച്ചത്. സിഐടിയു യൂണിയനിൽപ്പെട്ട ചുമട്ടു തൊഴിലാളിയാണ്. വീട്ടിൽ വച്ചാണ് ഇയാൾ വിഷക്കായ കഴിച്ചത്. തുടർന്ന് അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇയാൾ സുഖം പ്രാപിച്ചു വരുന്നതായി പൊലീസ് പറഞ്ഞു.

ഇന്നലെ രാവിലെ അടൂർ ഹൈസ്‌കൂൾ ജങ്ഷനിൽ നടന്ന സിഐടിയു-എഐടിയുസി സംഘർഷം പിന്നീട് ഉന്തിലും തള്ളിലും കലാശിച്ചു. സംഘർഷം മാതൃസംഘടനകളായ സിപിഐയും സിപിഎമ്മും ഏറ്റെടുത്തതോടെയാണ് ഉന്തും തള്ളും പൊലീസ് ലാത്തിച്ചാർജുമുണ്ടായത്. അവിടെ വച്ച് സംഭവങ്ങളുടെ ഫോട്ടോ എടുത്തു കൊണ്ടിരുന്ന സുൽത്താനെ സിഐടിയു അടൂർ ഏരിയ സെക്രട്ടറി ഉദയഭാനു, വിശ്വംഭരൻ എന്നിവർ തടഞ്ഞുവെന്നും ഫോൺ തട്ടിക്കളഞ്ഞുവെന്നും മർദിച്ചുവെന്നുമാണ് പരാതി.

മർദനമേറ്റതിലുള്ള മനോവിഷമം മൂലമാണ് താൻ ഏനാത്ത് ശിവക്ഷേത്രത്തിൽ നിന്നും അരളിക്കായ പറിച്ച് തിന്ന് മരിക്കാൻ ശ്രമിച്ചതെന്ന് സുൽത്താൻ മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ അടൂർ പൊലീസ് കോട്ടയം മെഡിക്കൽ കോളജിലെത്തി സുൽത്താന്റെ മൊഴി എടുത്തു. ദേഹോപദ്രവമേറ്റ സ്ഥലം അടൂർ പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ ഇവിടെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.