കൊച്ചി: വലിയ ഭാരം തലച്ചുമടായി കൊണ്ടുപോവുന്നത് മാനുഷിക വിരുദ്ധമാണെന്ന് ഹൈക്കോടതി. ഇതിന് അനുമതി നൽകുന്ന ഹെഡ് ലോഡ് വർക്കേഴ്സ് ആക്ട് പഴയ കാലത്തിന്റെ അവശിഷ്ടമാണെന്നും കോടതി പറഞ്ഞു. ഇത്തരം തൊഴിൽ ചെയ്യുന്നവരുടെ ദുരിതത്തിന് അറുതി വരുത്താൻ സർക്കാർ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഹെഡ്ലോഡ് വർക്കേഴ്സ് ആക്ടുമായി ബന്ധപ്പെട്ട ഒരു കേസിലാണ് കോടതിയുടെ ഈ നിർദ്ദേശം.

വലിയ ഭാരം തലയിലോ ശരീരത്തിലോ ദീർഘകാലം ചുമക്കുന്നത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. പേശികളെയും അസ്ഥികളെയും അതു ബാധിക്കും. നട്ടെല്ലിനു വരെ അതു ക്ഷതമുണ്ടാക്കും. ലോകത്ത് എവിടെയും സ്വന്തം പൗരന്മാരെക്കൊണ്ട് ഇത്തരം പ്രവൃത്തി ചെയ്യിക്കുന്നുണ്ടാവില്ല. അവർ ഒന്നുകിൽ യന്ത്രങ്ങൾ ഉപയോഗിക്കും, അല്ലെങ്കിൽ പുറത്തുനിന്ന് ആളെ കൊണ്ടുവരും.- കോടതി പറഞ്ഞു.

''തലച്ചുമട് എടുക്കൽ അവസാനിപ്പിക്കേണ്ടതാണ്, അതൊരു മനുഷ്യ വിരുദ്ധമായ പ്രവൃത്തിയാണ്. പൗരന്മാരെ ഈ ദുരിതത്തിലേക്കു വിട്ടുനൽകാൻ നമുക്കെങ്ങനെ കഴിയും? - ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. 

രാഷ്ട്രീയ പാർട്ടികൾ ചുമട്ടുതൊഴിലിനെ പ്രോത്സാഹിപ്പിക്കുകയാണ്. രാഷ്ട്രീയ പാർട്ടിയിൽ അംഗമായാൽ ആർക്കും ചുമട്ടുതൊഴിലാളിയാവാം എന്ന സാഹചര്യമാണ്. അടിപിടിയും ഗുണ്ടാപ്രവർത്തനവുമല്ല ചുമട്ടുതൊഴിൽ. കൃത്യമായ പരിശീലനം അക്കാര്യത്തിൽ ആവശ്യമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

പരിഷ്‌കൃതമായ ഒരു സമൂഹത്തിന് അംഗീകരിക്കാവുന്ന കാര്യമാണോ ഇത്? നമ്മൾ വിചാരിക്കുന്നത്രയൊന്നും പരിഷ്‌കൃതരല്ല. നമ്മൾ ഇത് അംഗീകരിക്കുന്നു, നമ്മുടെ നിയമവും ഇത് അംഗീകരിക്കുന്നു. അൻപതു വർഷം പഴക്കമുള്ളതാണ് ഈ നിയമം. അതു മാറിയേ തീരൂ. തൊഴിലാളികളുടെ ദുരിതം ഇല്ലാതാക്കാൻ സർക്കാർ ഇടപെടണമെന്ന് കോടതി നിർദേശിച്ചു.

ലോഡിങ് പണി ചെയ്യുന്നതിന് തൊഴിലാളികൾക്ക് ആധുനിക യന്ത്രങ്ങൾ ലഭ്യമാക്കുകയും അതിന് പരിശീലനം നൽകുകയും വേണമെന്ന് കോടതി പറഞ്ഞു. തൊഴിലാളികളുടെ ജോലി ഇല്ലാതാക്കുക എന്നത് കോടതിയുടെ ഉദ്ദേശ്യമല്ലെന്ന് ബെഞ്ച് വിശദീകരിച്ചു.

പാവപ്പെട്ടവരാണ് ലോഡിങ് തൊഴിലാളികളായി വരുന്നത്. അവർക്കു മറ്റു ജോലികൾ ചെയ്യാനാവില്ല. ഇത് നിക്ഷിപ്ത താത്പര്യക്കാർ മുതലാക്കുകയാണ്. രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെ ഇങ്ങനെ ചെയ്യുന്നുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.

ചുമട്ടുതൊഴിൽ അവസാനിപ്പിക്കേണ്ട സമയമായി ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മനുഷ്യനെ ചുമടെടുപ്പിക്കുന്നത് നാടിന് ഭൂഷണമല്ല. സ്വന്തം പൗരന്മാരെ ചുമട്ടുതൊഴിലെടുപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ഹൈക്കോടതി ആവർത്തിച്ചു വ്യക്തമാക്കി.

ചുമട്ടുതൊഴിൽ അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞെന്നും സമൂഹത്തിൽ അടിമകളെപ്പോലെ പണിയെടുക്കുന്ന ഇക്കൂട്ടരെ പുനരധിവസിപ്പിക്കേണ്ടതാണെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു. നോക്കുകൂലി സംബന്ധിച്ച ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വാക്കാലുള്ള ഈ അഭിപ്രായപ്രകടനം.