തിരുവനന്തപുരം: ആരോഗ്യവകുപ്പ് ആസ്ഥാനത്തുനിന്ന് ഫയലുകൾ കാണാതായ വിഷയം ഇനിയും ഗൗരവത്തോടെ എടുക്കാതെ സർക്കാർ. പൊലീസ് ഇനിയും കാര്യമായ അന്വേഷണം തുടങ്ങിയിട്ടില്ല. ഉദ്യോഗസ്ഥരെ ചോദ്യം ചെയ്താൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. അഴിമതികൾ മറയ്ക്കാനാണ് ഫയൽ മുക്കൽ എന്നാണ് സൂചന. ഇ ഫയലുകൾ അടക്കം നഷ്ടമായി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

സെൻട്രൽ പർച്ചേസ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ നടന്ന മരുന്നിടപാടുകൾ വൻ അഴിമതിയാരോപണത്തിൽ കുരുങ്ങിയതോടെയാണ് 2007-ൽ മെഡിക്കൽ സർവീസസ് കോർപ്പറേഷന് രൂപംനൽകിയത്. എ.കെ. ആന്റണി സർക്കാരിന്റെ കാലത്ത് വി.കെ. രാജൻ ആരോഗ്യവകുപ്പ് ഡയറക്ടർ ആയിരിക്കെ പേപ്പട്ടിവിഷത്തിനെതിരായ മരുന്നും ശസ്ത്രക്രിയാ നൂലും വാങ്ങിയതുമായി ബന്ധപ്പെട്ട ആരോപണം ആയിരുന്നു ആദ്യ പ്രതിസന്ധി. പി.കെ. ശ്രീമതി ആരോഗ്യമന്ത്രി ആയിരിക്കെ മരുന്നും ഉപരണങ്ങളും വാങ്ങാനായി തമിഴ്‌നാട് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മാതൃകയിൽ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് രൂപംനൽകി.

ഉയർന്ന വിറ്റുവരവും ഉത്പാദന സൗകര്യവുമുള്ള കമ്പനികളിൽനിന്ന് മരുന്ന് നേരിട്ട് വാങ്ങുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ഫാർമ രംഗത്തെ ഇടനിലക്കാർ കോർപ്പറേഷൻ ഇടനാഴികളിൽ നിറഞ്ഞു. ഉത്തരേന്ത്യയിലെ കുടിൽവ്യവസായങ്ങളിൽനിന്ന് മരുന്ന് സംഭരിച്ച് വിൽക്കുന്ന കമ്പനികൾപോലും വിതരണക്കമ്പനികളുടെ കൂട്ടത്തിൽ ഇടംപിടിച്ചു. അടിക്കടി ആരോപണങ്ങളും ഉദ്യോഗസ്ഥർക്കെതിരേ ശിക്ഷാനടപടികളും കോർപ്പറേഷനിൽ പതിവായി.

സോഫ്റ്റ്‌വേർ അട്ടിമറി, കാലാവധി കഴിയാറായ മരുന്നിന്റെ തീയതി തിരുത്തൽ, കെട്ടിട നിർമ്മാണം ഇങ്ങനെ പല ആക്ഷേപങ്ങൾ. കോവിഡ് കാലത്ത അടിയന്തര സാഹചര്യം കണക്കിലെടുത്ത് ടെൻഡറില്ലാതെ മരുന്നുവാങ്ങാൻ സർക്കാർ അനുമതിനൽകിയ അവസരം ഉന്നതോദ്യോഗസ്ഥർ മുതലെടുക്കുകയായിരുന്നു. വിപണിവിലയെക്കാൾ മൂന്നിരട്ടി വിലയ്ക്ക് ഗ്ലൗസ് മുതൽ ശീതീകരണ സംവിധാനങ്ങൾ വരെ വാങ്ങിക്കൂട്ടിയെന്നാണ് ഏറ്റവും പുതിയ ആരോപണം.

തുടക്കം മുതൽ കരാർ ജീവനക്കാരെ നിയോഗിച്ചാണ് കോർപ്പറേഷൻ പ്രവർത്തനം. ആരോപണങ്ങൾ ഉയർന്നതോടെ നിയമനം പി.എസ്.സിക്കു വിടണമെന്ന് വിജിലൻസ് പലതവണ ശുപാർശ ചെയ്തു. ഇഷ്ടക്കാർക്ക് കരാർ നിയമനം നൽകിയും പിന്നീട് സ്ഥിരപ്പെടുത്തിയും അഴിമതി തുടരാനായിരുന്നു അധികാര കേന്ദ്രങ്ങിലുള്ളവരുടെ തീരുമാനം.