ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഫ്രണ്ടോടെംപോറൽ ഡിമെൻഷ്യ (എഫ്.ടി.ഡി.) രോഗികളിലൊരാളായ ആൻഡ്രെ യാർഹാം (24) അന്തരിച്ചു. ഡിസംബർ 27-ന് യുകെയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. 22-ാം വയസ്സിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങിയ യാർഹാമിന്, അപൂർവമായ ഈ രോഗം തലച്ചോറിനെ ഗുരുതരമായി ബാധിച്ച് ചുരുങ്ങാൻ കാരണമാവുകയായിരുന്നു.

രണ്ടുവർഷം മുമ്പാണ് യാർഹാമിന് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. കാര്യമായ ഓർമക്കുറവും പെരുമാറ്റത്തിലുണ്ടായ പ്രശ്‌നങ്ങളും അമ്മയുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ, 70 വയസ്സുള്ള ഒരാളുടെ തലച്ചോറിന് സമാനമായി യാർഹാമിന്റെ മസ്തിഷ്കം അസാധാരണമാംവിധം ചുരുങ്ങിയതായി കണ്ടെത്തി. കേംബ്രിഡ്ജിലെ ആഡൻബ്രൂക്ക്സ് ആശുപത്രിയിൽ വെച്ചാണ് അദ്ദേഹത്തിന് ഫ്രണ്ടോടെംപോറൽ ഡിമെൻഷ്യ സ്ഥിരീകരിച്ചത്.

മരണത്തിന് ഒരു മാസം മുമ്പ് യാർഹാമിന് സംസാരശേഷിയും പൂർണ്ണമായി നഷ്ടപ്പെട്ടിരുന്നു. സാധാരണയായി 45 നും 65 നും ഇടയിൽ പ്രായമുള്ളവരെ ബാധിക്കുന്ന ഒരു അപൂർവ തരം ഡിമെൻഷ്യയാണ് എഫ്.ടി.ഡി. വളരെ അപൂർവമായി മാത്രം ഈ രോഗം ചെറുപ്പക്കാരെയും ബാധിക്കാറുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഓർമയെ ബാധിക്കുന്ന അൽഷിമേഴ്സ് രോഗത്തിൽ നിന്ന് വ്യത്യസ്തമായി, ഫ്രണ്ടോടെംപോറൽ ഡിമെൻഷ്യ വ്യക്തികളുടെ പെരുമാറ്റത്തെയാണ് ആദ്യം ബാധിക്കുന്നത്.

അനുചിതമായി പ്രവർത്തിക്കുക, വ്യക്തിഗത ശുചിത്വവും സ്വയം പരിചരണവും അവഗണിക്കുക, ഭക്ഷണ ശീലങ്ങളിൽ മാറ്റം വരിക, വളരെ പതുക്കെ സംസാരിക്കുക, വാക്കുകളുടെ ക്രമീകരണത്തിലും സംസാരിക്കുന്നതിലും ബുദ്ധിമുട്ട്, തെറ്റായ വാക്കുകൾ ഉപയോഗിക്കുക, പേശീ ബലഹീനത എന്നിവയാണ് എഫ്.ടി.ഡി.യുടെ പ്രധാന ലക്ഷണങ്ങൾ. രോഗം ഗുരുതരമാകുമ്പോൾ ഭക്ഷണം വിഴുങ്ങുന്നതിലും ബുദ്ധിമുട്ട് അനുഭവപ്പെടാം. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എഫ്.ടി.ഡി. രോഗികളിലൊരാളായ യാർഹാമിന്റെ മരണം ഈ അപൂർവ രോഗത്തിന്റെ വ്യാപ്തിയും വെല്ലുവിളികളും ഓർമ്മിപ്പിക്കുന്നു.