കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. രോഗബാധ കണ്ടെത്തിയ നാല് പഞ്ചായത്തുകളിലും നല്ലളം ഡിവിഷനിലും ഇന്നലെ വളർത്തു പക്ഷികളെ കൊന്നൊടുക്കി. റാപ്പിഡ് റെസ്പോൺസ് ടീമിന്റെ (ആർആർടി) നേതൃത്വത്തിലാണ് ഈ ദൗത്യം പൂർത്തിയാക്കിയത്.

മൃഗസംരക്ഷണ വകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായാണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. വളർത്തുപക്ഷികളുമായി നേരിട്ട് ഇടപഴകുന്നവരും സാധാരണക്കാരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. പക്ഷിപ്പനിയുടെ രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ മൃഗസംരക്ഷണ വകുപ്പിനെയോ ജില്ലാ ഭരണകൂടത്തിന്റെ കൺട്രോൾ റൂമിലോ വിവരമറിയിക്കാൻ നിർദ്ദേശമുണ്ട്.

രോഗത്തിന്റെ പ്രഭവകേന്ദ്രത്തിൽനിന്ന് പത്ത് കിലോമീറ്റർ ചുറ്റളവിൽ കോഴി, കാട, താറാവ് തുടങ്ങിയ വളർത്തു പക്ഷികളുടെ വിപണനത്തിനും ഉപയോഗത്തിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിനുള്ള കർശന നടപടികളാണ് ജില്ലയിൽ നടന്നുവരുന്നത്.