കട്ടപ്പന: കട്ടപ്പനയില്‍ ഒന്നര വയസ്സുകാരിക്ക് അപൂര്‍വ്വമായ കവാസാക്കി രോഗം റിപ്പോര്‍ട്ട് ചെയ്തു.കട്ടപ്പന സഹകരണ ആശുപത്രിയിലെ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.കുന്തളംപാറ സ്വദേശികളായ ദമ്പതിമാരുടെ മകള്‍ ഒന്നര വയസ്സുകാരിക്കാണ് ഈ രോഗം സ്ഥിരീകരിച്ചത്. സഹകരണ ആശുപത്രിയിലെ പീഡിയാട്രീഷന്‍ ഡോ. ഡാനിയല്‍ ഓസ്‌ബോണ്‍ തോമസ് നടത്തിയ രോഗനിര്‍ണയം ശരിയായിരുന്നുവെന്ന് കോട്ടയം ഇ.എസ്.ഐ. കുട്ടികളുടെ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍മാരും കോട്ടയം മെഡിക്കല്‍ കോളേജിലെ കാഡിയോളജിസ്റ്റും ശരിവെക്കുകയായിരുന്നു.

തുടര്‍ന്ന് അതിവേഗം ചികിത്സ ലഭ്യമാക്കിയതിനെത്തുടര്‍ന്ന് കുട്ടിക്ക് രോഗമുക്തിയും ലഭിച്ചു.അത്യപൂര്‍വ്വമായ ഈ രോഗത്തിന് അടിയന്തിര ചികിത്സയാണ് പ്രധാനം.ടെസ്റ്റുകളിലൂടെ ഈ രോഗം കണ്ടെത്താന്‍ സാധിക്കില്ലെന്നതാണ് പ്രധാന പ്രശ്നം.രോഗത്തിന്റെതായി പറയുന്ന അഞ്ചിലേറെ ലക്ഷണങ്ങള്‍ രോഗിയില്‍ പ്രകടമാണെങ്കില്‍ രോഗം സ്ഥിരീകരിക്കുന്നു.കുട്ടിയില്‍ അഞ്ചു രോഗലക്ഷണങ്ങളും കണ്ടതിനാല്‍ പനി അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്നതുവരെ കാത്തുനില്‍ക്കാതെ നാലാമത്തെ ദിവസം തന്നെ ഡോക്ടര്‍ കുട്ടിയെ കോട്ടയം ഇ.എസ്.ഐ. ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.

കവാസാക്കി ഡിസീസ് എന്ന് സൂചിപ്പിച്ച് റെഫറല്‍ ലെറ്റര്‍ കൂടി കൊടുത്തയച്ചാണ് കോട്ടയത്തേക്ക് വിട്ടത്.ഇ.എസ്.ഐ. ആശുപത്രിയില്‍ രാത്രി 11-ന് തന്നെ കുട്ടിയുമായി മാതാപിതാക്കള്‍ എത്തി.രാത്രിയില്‍ ജൂനിയര്‍ ഡോക്ടര്‍ അഡ്മിറ്റ് ചെയ്യുകയും പിന്നീട് മുതിര്‍ന്ന ഡോക്ടര്‍മാര്‍ പരിശോധിക്കുകയും കാവസാക്കി എന്ന നിഗമനത്തില്‍ എത്തിയശേഷം കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജിസ്റ്റിന് അടിയന്തരമായി റഫര്‍ ചെയ്യുകയും ചെയ്തു.60,000 രൂപ വിലവരുന്ന ഇഞ്ചക്ഷന്‍ കുട്ടിക്ക് നല്‍കി. 12 മണിക്കൂര്‍ കൊണ്ടാണ് ഐവി ഇഞ്ചക്ഷനായി മരുന്ന് പകര്‍ന്നുനല്‍കിയത്.സമയത്ത് ചികിത്സ കിട്ടിയതിനാല്‍ രോഗത്തില്‍നിന്ന് മോചിതയായി ഒന്നര വയസ്സുകാരി വീട്ടില്‍ തിരിച്ചെത്തി.

എന്താണ് കവാസാക്കി രോഗം

ടോമി സാക്ക കവാസാക്കി എന്ന ജപ്പാന്‍കാരനായ ഡോക്ടര്‍ കണ്ടുപിടിച്ച രോഗമായതിനാലാണ് ഇതിനെ കവാസാക്കി ഡിസീസ് എന്നപേരില്‍ വൈദ്യശാസ്ത്രത്തില്‍ അറിയപ്പെടുന്നത്.രക്തപരിശോധനയിലൂടെയോ ഏതെങ്കിലും തരത്തിലുള്ള ടെസ്റ്റുകളിലൂടെയോ ഇത് കണ്ടുപിടിക്കാന്‍ കഴിയില്ല. രോഗലക്ഷണങ്ങള്‍ മനസ്സിലാക്കി മാത്രമേ രോഗം കണ്ടെത്താന്‍ കഴിയൂ.

കാരണങ്ങളൊന്നുമില്ലാതെ പനി വരികയാണ് ആദ്യം ചെയ്യുക.പനിക്ക് കാരണമായേക്കാവുന്ന ചുമ, ജലദോഷം, വയറിളക്കം, ഛര്‍ദില്‍ ഇവയൊന്നും ഉണ്ടാകാതെ പനി മാത്രം വരും.ഇങ്ങനെ തുടര്‍ച്ചയായി അഞ്ചുദിവസം പനിക്കുകയും അനുബന്ധ രോഗലക്ഷണങ്ങളായി പീള കെട്ടാതെ കണ്ണ് ചുവക്കുക,കഴുത്തുവീക്കം (കുരുക്കള്‍ ശരീരത്തില്‍ വരിക),കൈ കാലുകളില്‍ നീര് വെക്കുക, ചുണ്ടോ നാക്കോ ചുവക്കുക എന്നീ അഞ്ചു ലക്ഷണങ്ങളില്‍ നാലെണ്ണം ഉണ്ടെങ്കില്‍ കവാസാക്കി ഡിസീസ് എന്ന നിഗമനത്തില്‍ എത്തിച്ചേരാം.പനി മൂര്‍ച്ഛിച്ച് ഹൃദയധമനികളുടെ പ്രവര്‍ത്തനം നിലച്ച് പൊട്ടിപ്പോകുന്നതാണ് കവാസാക്കിയുടെ അപകടാവസ്ഥ.