2024-25 കാലയളവിൽ സംസ്ഥാനത്ത് 368 പേർക്ക് പുതുതായി കുഷ്ഠരോഗം കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കുഷ്ഠരോഗം പൂർണമായും ഭേദമാക്കാവുന്ന ഒന്നാണെന്നും സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ പൂർണ്ണമായും സൗജന്യമാണെന്നും മന്ത്രി വ്യക്തമാക്കി. ആരംഭത്തിൽ തന്നെ രോഗം കണ്ടെത്തി ചികിത്സ തേടുന്നത് വൈകല്യങ്ങൾ തടയുന്നതിനും രോഗപ്പകർച്ച ഒഴിവാക്കുന്നതിനും സഹായകമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നിലവിൽ 521 രോഗികളാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. സമൂഹത്തിൽ രോഗലക്ഷണങ്ങൾ ഉള്ളവരെ ആരംഭത്തിൽ തന്നെ കണ്ടെത്തി ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച 'അശ്വമേധം 7.0' കുഷ്ഠരോഗ നിർണയ ഭവന സന്ദർശനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടൺഹിൽ സ്കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു വർഷത്തെ കൃത്യമായ ചികിത്സയിലൂടെ രോഗം പൂർണമായും ഭേദമാക്കാവുന്നതാണ്.

തൊലിപ്പുറത്തെ നിറവ്യത്യാസങ്ങളാണ് കുഷ്ഠരോഗത്തിന്റെ ആദ്യ ലക്ഷണങ്ങൾ. ചുണങ്ങുപോലെ നിറം മങ്ങിയതോ ചുവന്നതോ ചെമ്പ് നിറത്തിലുള്ളതോ ആയ, സ്പർശനക്ഷമത കുറഞ്ഞ പാടുകൾ ശ്രദ്ധിക്കണം. ചൂട്, തണുപ്പ്, വേദന എന്നിവയോടുള്ള സംവേദനക്ഷമത നഷ്ടപ്പെടുന്നതും ഒരു ലക്ഷണമാണ്. കുഷ്ഠരോഗം ബാഹ്യ നാഡികളെ ബാധിക്കുമ്പോൾ നാഡികൾക്ക് തടിപ്പ്, കൈകാൽ തരിപ്പ്, ബലക്കുറവ്, വേദന, ഉണങ്ങാത്ത വ്രണങ്ങൾ എന്നിവയും കണ്ടുവരാം. ബാഹ്യ കർണത്തിലും മുഖത്തും മറ്റ് ശരീരഭാഗങ്ങളിലും തടിപ്പുകൾ പ്രത്യക്ഷപ്പെടാം.

കേരളത്തിന്റെ ആരോഗ്യ സൂചികകൾ ഏറ്റവും മികച്ചതാണെന്നും ഏറ്റവും അധികം ആയുർദൈർഘ്യം, കുറഞ്ഞ മാതൃ-ശിശു മരണനിരക്ക്, മികച്ച ഡോക്ടർ-രോഗി അനുപാതം എന്നിവയെല്ലാം സംസ്ഥാനത്തിന്റെ ആരോഗ്യ-സാമൂഹിക സംവിധാനങ്ങളുടെ മികവ് എടുത്തു കാണിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കി ശാരീരികവും മാനസികവുമായ സമഗ്രമായ വികസനം ലക്ഷ്യമിട്ട് സംസ്ഥാനത്ത് സ്കൂൾ ഹെൽത്ത് പരിപാടി ഉടൻ നടപ്പിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.