- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാന്‍സര്‍ സാധ്യതയുള്ളവരെ നേരത്തേ കണ്ടെത്തി ചികിത്സിക്കുന്നതിന് സഹായകമായ കാന്‍സര്‍ ജീന്‍ ഡാറ്റാബേസുമായി യുകെയില്‍; വിറ്റമിന്‍ ഡി യുടെ അമിത ഉപഭോഗം നിങ്ങളെ നിത്യരോഗിയാക്കിയേക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍; നിത്യേനയുള്ള രണ്ട് പെഗ്ഗ് ബോവല്‍ കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പുതിയ പഠന റിപ്പോര്‍ട്ട്

ലണ്ടന്‍: കാന്‍സറുമായി ബന്ധപ്പെട്ട ജീനുകളുടെ പുതിയ എന്‍ എച്ച് എസ് ഡാറ്റാബേസ് ഇംഗ്ലണ്ടിലുള്ളവര്‍ക്ക്, അവര്‍ രോഗബാധിതരാകാന്‍ സാധ്യതയുള്ളവരാണോ എന്ന് കണ്ടെത്താന്‍ സഹായിക്കും. കാന്‍സര്‍ ബാധിക്കാന്‍ ഏറെ സാഷ്യതയുള്ള 120 ജീനുകളുടെ ഡാറ്റാബേസ് ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമാണ്. തങ്ങളുടെ ജനിതക ഘടന ഇതുമായി താരതമ്യം നടത്തി കാന്‍സര്‍ ബാധിക്കുന്നതിനുള്ള സാധ്യത എത്രത്തോളമുണ്ടെന്ന് കണ്ടെത്താന്‍ ഇത് സഹായിക്കും.
പാരമ്പര്യമായി ഈ സാധ്യത കൈമാറിയെത്തിയവര്‍ക്ക് തുടര്‍ച്ചയായ പരിശോധനകളും, ബ്രെസ്റ്റ് കാന്‍സര്‍, പ്രോസ്റ്റേറ്റ് കാന്‍സര്‍ തുടങ്ങി ചില തരം കാന്‍സറുകള്‍ക്കായുള്ള സ്‌ക്രീനിംഗും ലഭ്യമാക്കും. അതിനു പുറമെ ചില പ്രത്യേകതരം ചികിത്സകളോട് രോഗികള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നും പരിശോധിക്കും. കൂടുതല്‍ ഫലപ്രദമായ വ്യക്തിഗത ചികിത്സകള്‍ ലഭ്യമാക്കുന്നതിനാണിത്. ജീവിതം മാറ്റിമറിക്കുന്നതും, ജീവന്‍ രക്ഷിക്കുന്നതുമായ ഈ പുതിയ സംരംഭം, കൂടുതല്‍ കാന്‍സറുകള്‍ അതിവേഗം കണ്ടെത്താനും ഫലപ്രദമായ ചികിത്സ ലഭ്യമാക്കാനും സഹായിക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു.
കാന്‍സര്‍ തടയുന്നതിനും, മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിനുമായുള്ള ദശവത്സര പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ ഡാറ്റാബേസ് രൂപീകരിക്കുന്നത്. ഇപ്പോള്‍ തന്നെ, നേരത്തേ കാന്‍സര്‍ബാധിതരുള്ള കുടുംബങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് ആളുകള്‍ എല്ലാ വര്‍ഷവും എന്‍ എച്ച് എസ്സില്‍ ജനിത പരിശോധനയ്ക്ക് എത്താറുണ്ട്. പുതിയ ഡാറ്റാബേസ് ഈ പരിശോധനകള്‍ കൂടുതല്‍ കാര്യക്ഷമവും എളുപ്പവുമാക്കും.
വിറ്റമിന്‍ ഡി യുടെ അമിത ഉപഭോഗം നിങ്ങളെ നിത്യരോഗിയാക്കിയേക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍
വിറ്റാമിന്‍ ഡിയുടെ അമിതോപയോഗം ആളുകളെ ആശുപത്രിയില്‍ എത്തിച്ചേക്കാമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. അധികമായാല്‍ അമൃതും വിഷമെന്നതുപോലെ, വിറ്റാമിന്‍ ഡി യും ആവശ്യത്തിലേറെ കഴിച്ചാല്‍ ആപത്താണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇത്തരത്തില്‍ വിറ്റാമിന്‍ ഡിയുടെ അമിതോപഭോഗം കൊണ്ടുണ്ടാകുന്ന ഹൈപ്പര്‍വിറ്റമിനോസിസ് ഡി എന്ന അവസ്ഥ രാജ്യത്ത് കൂടി വരികയാണെന്നും അവര്‍ നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു. ഇത് പല ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുമായി നേരിട്ട് ബന്ധമുള്ള ഒരു അവസ്ഥയാണ്.
മറ്റു തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ള സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ എല്ലാവരിലും ഈ അവസ്ഥ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും. അടുത്തിടെ ഛര്‍ദ്ദിയും, ഓക്കാനവും, നെഞ്ച് വേദനയുമായി ഒരു മദ്ധ്യ വയസ്‌കനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നാണ് ഇത്തരമൊരു മുന്നറിയിപ്പ് വന്നിരിക്കുന്നത്. ഒടുങ്ങാത്ത ദാഹം, വയറിളക്കം, ശരീരഭാരം നഷ്ടപ്പെടല്‍ തുടങ്ങിയ ലക്ഷണങ്ങളും അയാള്‍ പ്രകടിപ്പിച്ചിരുന്നു.
മൂന്ന് മാസമായി തുടരുന്ന ഈ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത് ഇയാള്‍ ഒരു ന്യുട്രീഷണല്‍ തെറാപിസ്റ്റിനെ കണ്ട് വിറ്റാമിന്‍ സപ്ലിമെന്റുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ആയിരുന്നു. ക്ഷയരോഗം ഉള്‍പ്പടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ള വ്യക്തിയാണിയാള്‍. തെറാപിസ്റ്റ് നിര്‍ദ്ദേശിച്ചതിന്റെ എണ്‍പത് മടങ്ങ് വിറ്റാമിനായിരുന്നു ഇയാള്‍ കഴിച്ചിരുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം നടത്തിയ പരിശോധനയിലാണ് ഇയാളുടെ ശരീരത്തില്‍ ആവശ്യത്തില്‍ കവിഞ്ഞ് വിറ്റാമിന്‍ ഡി ഉള്ളതായി കണ്ടെത്തിയത്. കാല്‍സ്യം, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ഒരു ആരോഗ്യമുള്ള ശരീരത്തിന് ആവശ്യമായതിലും കൂടുതലായി ഉണ്ടായിരുന്നു.
വെറും രണ്ട് പെഗ്ഗ് ബോവല്‍ കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിച്ചേക്കും
രാത്രി ഒരു ഉന്മേഷത്തിനായി കഴിക്കുന്ന രണ്ട് പെഗ്ഗ് മദ്യം ചിലതരം ബോവല്‍ കാന്‍സറുകള്‍ വരാനുള്ള സാധ്യത ഇരട്ടിപ്പിക്കുമെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു. 18 വയസ്സിന് മുകളിലുള്ള പതിനായിരക്കണക്കിന് ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ച് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി അമേരിക്കയില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പ്രായപൂര്‍ത്തിയായതിനു ശേഷമുള്ള ആളുകളുടെ മദ്യപാന രീതി വര്‍ഷങ്ങളോളം സസൂക്ഷ്മം നിരീക്ഷിക്കുകയും പിന്നീട് ബോവല്‍ കാന്‍സര്‍ വന്നവര്‍ അതില്‍ എത്രത്തോളമുണ്ടെന്ന് കണക്കെടുത്തുമായിരുന്നു പഠനം നടത്തിയത്.
സ്ഥിരമായി, അമിതമായി മദ്യപിക്കുന്നവരില്‍, വന്‍കുടലിന്റെ ഭാഗങ്ങളില്‍ കാന്‍സര്‍ വരാനുള്ള സാധ്യത വളരെ അധികമാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. അമേരിക്കന്‍ നിലവാരമനുസരിച്ച് മദ്യപാനത്തെ, അമിത മധ്യപാനം, ഇടത്തരം അളവിലുള്ള മദ്യപാനം, വളരെ കുറഞ്ഞ അളവിലുള്ള മദ്യപാനം എന്നിങ്ങനെ തരം തിരിച്ചായിരുന്നു പഠനം നടത്തിയത്. ഇതനുസരിച്ച് സ്ത്രീകള്‍ക്ക് പ്രതിവാരം ഏഴ് ഡ്രിങ്ക്‌സും, പുരുഷന്മാര്‍ക്ക് 14 ഡ്രിങ്ക്‌സുമാണ് സാധാരണ മദ്യപാനമായി കണക്കാക്കുന്നത്. അതിനു മുകളിലുള്ളത് അമിത മദ്യപാനമായി കണക്കാക്കും.
ദിനംപ്രതി രണ്ട് ഡ്രിങ്ക്‌സ് വരെ കഴിക്കുന്നവരില്‍ ബോവല്‍ കാന്‍സറിനുള്ള സാധ്യത 25 ശതമാനം കൂടുതലാണ് എന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. എന്നാല്‍, ഇത്തരക്കാര്‍ക്ക് റെക്റ്റല്‍കാന്‍സറിനുള്ള സാധ്യത വളരെ കുറഞ്ഞ അളവില്‍ മദ്യപിക്കുന്നവരേക്കാള്‍ 95 ശതമാനം കൂടുതലാണെന്നും കണ്ടെത്തി. ആഴ്ചയില്‍ ഒരു ഡ്രിങ്കിലേറെ കഴിക്കാത്തവര്‍ക്ക് കാന്‍സര്‍ സാധ്യത വര്‍ദ്ധിച്ച അളവില്‍ ഇല്ലെന്നും പഠനത്തില്‍ കണ്ടെത്തി.


