ദ്യപാനം ശീലമില്ലാതിരുന്നിട്ടും ഗുരുതരമായ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) സ്ഥിരീകരിച്ച 27 വയസ്സുകാരിയുടെ അനുഭവം പങ്കുവെച്ച് ഡൽഹിയിലെ ഓർത്തോപീഡിക് സർജൻ ഡോ. ഒബൈദ് റഹ്മാൻ. ജയ്പൂരിൽ നിന്നുള്ള യുവതിക്ക് വിവാഹത്തിന് ഏതാനും ആഴ്ചകൾക്ക് മുമ്പാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇവരുടെ വിവാഹം മാറ്റിവെക്കേണ്ടി വന്നു. മദ്യം കഴിക്കാത്തവരിലും ഫാറ്റി ലിവർ രോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഈ സംഭവം ആരോഗ്യരംഗത്ത് പുതിയ ആശങ്കകൾ ഉയർത്തുന്നു.

ഡോ. ഒബൈദ് റഹ്മാൻ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച വിവരമനുസരിച്ച്, യുവതിക്ക് തുടക്കത്തിൽ അത്താഴത്തിനുശേഷം വയറ്റിൽ നേരിയ വീർപ്പുമുട്ടൽ, വ്യായാമത്തിന് ശേഷം ക്ഷീണം, വാരിയെല്ലുകൾക്ക് താഴെ വേദന എന്നിവയായിരുന്നു ലക്ഷണങ്ങൾ. മദ്യപിക്കാത്തതിനാലും പ്രായം കുറവായതിനാലും ഹോർമോൺ പ്രശ്നങ്ങളാവാം, അല്ലെങ്കിൽ സമ്മർദം കൊണ്ടാവാം എന്നാണ് യുവതിയും ചുറ്റുമുള്ളവരും കരുതിയത്.

എന്നാൽ വിവാഹത്തിന് ദിവസങ്ങൾക്ക് മുമ്പ് രാവിലെ എഴുന്നേൽക്കുമ്പോൾ ഓക്കാനം, ത്വക്കിൽ വിളർച്ച, അസാധാരണമായ ഊർജ്ജനഷ്ടം എന്നിവ അനുഭവപ്പെടാൻ തുടങ്ങി. ലക്ഷണങ്ങൾ വിട്ടുമാറാതെ വന്നപ്പോഴാണ് യുവതി ഡോക്ടറെ സമീപിച്ചത്. വിശദമായ പരിശോധനയിൽ, കരളിലെ എൻസൈമുകൾ സാധാരണ നിലയേക്കാൾ പത്തിരട്ടി കൂടുതലാണെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അൾട്രാസൗണ്ട് സ്കാനിംഗിൽ ഗുരുതരമായ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് സ്ഥിരീകരിക്കുകയായിരുന്നു. മദ്യപിക്കാത്ത തനിക്കിതെങ്ങനെ സംഭവിച്ചു എന്ന് ഞെട്ടലോടെയും ഭീതിയോടെയും യുവതി ചോദിച്ചതായി ഡോക്ടർ കുറിക്കുന്നു.

ഫാറ്റി ലിവർ രോഗം മദ്യപാനം കൊണ്ടുമാത്രം ഉണ്ടാകുന്ന ഒന്നല്ലെന്ന് ഡോ. ഒബൈദ് റഹ്മാൻ ചൂണ്ടിക്കാട്ടുന്നു. സമ്മർദം, മധുരപലഹാരങ്ങളുടെ അമിതോപയോഗം, ഹോർമോൺ വ്യതിയാനങ്ങൾ, അമിതമായ ജോലിഭാരം എന്നിവയും ഈ രോഗത്തിന് കാരണമാകാമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. പ്രായപൂർത്തിയായവരിൽ 27 മുതൽ 39 ശതമാനം പേർക്കും ഫാറ്റി ലിവർ ബാധിക്കുന്നുണ്ടെന്നാണ് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പലപ്പോഴും ലക്ഷണങ്ങൾ തിരിച്ചറിയാനും ചികിത്സ തേടാനും വൈകുന്നത് രോഗത്തെ കൂടുതൽ അപകടകരമാക്കുന്നു.

മദ്യപിക്കാത്തവരിലും ചെറുപ്പക്കാരിലും പോലും ഫാറ്റി ലിവർ രോഗം കൂടിക്കൊണ്ടിരിക്കുന്നത് ഈ രോഗത്തെക്കുറിച്ച് കൂടുതൽ അവബോധം നൽകേണ്ടതിന്റെയും നേരത്തെയുള്ള രോഗനിർണയത്തിന്റെയും പ്രാധാന്യം വിളിച്ചോതുന്നു.

യുവാക്കളിലെ വർധനവ്: ആശങ്കാജനകമായ കണക്കുകൾ

മുൻകാലങ്ങളിൽ 50 വയസ്സിന് മുകളിൽ പ്രായമുള്ളവരിലായിരുന്നു കരൾ സംബന്ധമായ അസുഖങ്ങൾ കൂടുതലായി കണ്ടിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി 20-നും 40-നും ഇടയിൽ പ്രായമുള്ളവരിൽ ഫാറ്റി ലിവർ നിരക്ക് കുത്തനെ ഉയർന്നു. ഇന്ത്യയിലെ യുവാക്കളിൽ മൂന്നിൽ ഒരാൾക്ക് ഫാറ്റി ലിവർ ഉണ്ടെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. അമിതഭാരം ഇല്ലാത്തവരിൽ പോലും 'ലീൻ ഫാറ്റി ലിവർ' എന്ന അവസ്ഥ കണ്ടുവരുന്നത് ഗൗരവകരമാണ്.

എന്താണ് ഫാറ്റി ലിവർ?

കരൾ കോശങ്ങളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണിത്. സാധാരണഗതിയിൽ കരളിൽ കുറഞ്ഞ അളവിൽ കൊഴുപ്പ് ഉണ്ടാകാറുണ്ട്. എന്നാൽ കരളിന്റെ ആകെ ഭാരത്തിന്റെ 5 മുതൽ 10 ശതമാനത്തിലധികം കൊഴുപ്പ് അടിഞ്ഞുകൂടുമ്പോൾ അത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഇത് പ്രധാനമായും രണ്ട് തരത്തിലുണ്ട്:

ആൽക്കഹോളിക് ഫാറ്റി ലിവർ (AFLD): അമിത മദ്യപാനം മൂലം ഉണ്ടാകുന്നത്.

നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ (NAFLD): മദ്യപിക്കാത്തവരിലും ഭക്ഷണരീതിയും ജീവിതശൈലിയും കാരണം ഉണ്ടാകുന്നത്. ഇതിനെ ഇപ്പോൾ 'മാസ്ൽഡി' (MASLD) എന്നും വിളിക്കുന്നു.

പ്രധാന കാരണങ്ങൾ

ആധുനിക നഗര ജീവിതശൈലിയാണ് യുവതലമുറയിലെ ഈ രോഗവ്യാപനത്തിന് പ്രധാന കാരണം.

ഭക്ഷണശീലങ്ങൾ: ജങ്ക് ഫുഡ്, സംസ്കരിച്ച ഭക്ഷണങ്ങൾ, പഞ്ചസാരയടങ്ങിയ പാനീയങ്ങൾ എന്നിവയുടെ അമിത ഉപയോഗം.

വ്യായാമക്കുറവ്: ദീർഘനേരം ഇരുന്നുള്ള ജോലി, ശാരീരിക അധ്വാനമില്ലാത്ത വിനോദങ്ങൾ.

മാനസിക സമ്മർദ്ദം: വിട്ടുമാറാത്ത സ്ട്രെസ് ഹോർമോൺ വ്യതിയാനങ്ങൾക്ക് കാരണമാകുകയും കരളിന്റെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്നു.

ഉറക്കക്കുറവ്: ക്രമരഹിതമായ ഉറക്കം മെറ്റബോളിസത്തെ തകിടം മറിക്കുന്നു.

തിരിച്ചറിയാം ഈ ലക്ഷണങ്ങളെ

തുടക്കത്തിൽ ലക്ഷണങ്ങൾ പ്രകടമാകില്ല എന്നതാണ് ഈ രോഗത്തിന്റെ ഏറ്റവും വലിയ അപകടം. എങ്കിലും താഴെ പറയുന്നവ ശ്രദ്ധിക്കണം:

വിട്ടുമാറാത്ത ക്ഷീണവും തളർച്ചയും. വയറിന്റെ വലതുഭാഗത്ത് മുകളിലായി അനുഭവപ്പെടുന്ന ചെറിയ വേദനയോ അസ്വസ്ഥതയോ. വിശപ്പില്ലായ്മ, പെട്ടെന്ന് ഭാരം കുറയുക. ചർമ്മത്തിലും കണ്ണുകളിലും നേരിയ മഞ്ഞനിറം (മഞ്ഞപ്പിത്ത ലക്ഷണങ്ങൾ). കാലുകളിൽ ഉണ്ടാകുന്ന വീക്കം.

പ്രതിരോധവും പരിഹാരവും

ഫാറ്റി ലിവർ രോഗത്തിന്റെ ആദ്യ ഘട്ടങ്ങൾ ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെ പൂർണ്ണമായും മാറ്റിയെടുക്കാൻ (Reverse) സാധിക്കുമെന്ന് ഡോക്ടർമാർ പറയുന്നു.

ഭക്ഷണക്രമം: നാരുകൾ അടങ്ങിയ പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. മധുരവും വറുത്ത ഭക്ഷണങ്ങളും ഒഴിവാക്കുക.

വ്യായാമം: ദിവസവും കുറഞ്ഞത് 30 മിനിറ്റ് വേഗത്തിലുള്ള നടത്തമോ മറ്റ് വ്യായാമങ്ങളോ ശീലമാക്കുക.

ഭാരം നിയന്ത്രിക്കുക: ശരീരഭാരം അഞ്ച് മുതൽ പത്ത് ശതമാനം വരെ കുറയ്ക്കുന്നത് കരളിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.

മദ്യപാനം ഒഴിവാക്കുക: കരളിലെ വീക്കം കുറയ്ക്കാൻ മദ്യപാനം പൂർണ്ണമായും ഉപേക്ഷിക്കുന്നത് ഗുണകരമാണ്.

പരിശോധനകൾ: കൃത്യമായ ഇടവേളകളിൽ ലിവർ ഫംഗ്ഷൻ ടെസ്റ്റ് (LFT), അൾട്രാസൗണ്ട് സ്കാനിംഗ് എന്നിവ നടത്തുക.