ന്നത്തെ തിരക്ക് പിടിച്ച ലോകത്ത് പലരും നേരിടുന്ന പ്രശ്നമാണ് വിഷാദരോഗം. ഇതില്‍ നിന്ന് മുക്തി നേടുന്നതിന് പലരും ഡോക്ടര്‍മാരെയോ മനശാസ്ത്രവിദഗ്ധരെയോ സമീപിക്കുന്നതാണ് സാധാരണ രീതി. വിദഗ്ധര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് നടക്കുന്നത് വിഷാദരോഗം കുറയ്ക്കാന്‍ ഏറെ സഹായകരമാകും എന്നാണ്. എന്നാല്‍ ഓരോ ദിവസവും എത്ര ചുവടുകളാണ് നമ്മള്‍ നടക്കേണ്ടത് എന്നത് സംബന്ധിച്ച് ആരോഗ്യ മേഖലയിലെ പ്രമുഖര്‍ പല നിര്‍ദ്ദേശങ്ങളും മുന്നോട്ട് വെയ്ക്കുകയാണ്.

മികച്ച ആരോഗ്യത്തിനും ദീര്‍ഘായുസിനും കൂടുതല്‍ ചുവടുകള്‍ വെയ്ക്കുന്നത് ഏറെ ഗുണകരമാകും എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. അത് പോലെ തന്നെ കൂടുതല്‍ നടക്കുന്നതും മാനസികാരോഗ്യത്തിന് ഏറെ സഹായകമാകും എന്നാണ് അവര്‍ പറയുന്നത്. ദിവസം അയ്യായിരം ചുവടുകള്‍ വെയ്ക്കുന്നവരേക്കാള്‍ മാനസികാരോഗ്യം 7500 ചുവടുകള്‍ വെയ്ക്കുന്നവര്‍ക്ക് ഉണ്ടാകും എന്നാണ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇവരില്‍ അകാല മരണത്തിനും സാധ്യത കുറവാണ്.

പതിനായിരം ചുവടുകള്‍ വരെ ഒരു വ്യക്തിക്ക് ആവശ്യമാണെന്നും അതില്‍ കൂടുതല്‍ ചുവടുകള്‍ കൊണ്ട് പ്രത്യേക പ്രയോജനം ഇല്ലെന്നുമാണ് അവരുടെ വാദം. കൂടുതല്‍ പ്രായം ചെന്നവര്‍ അധികം നടക്കേണ്ട ആവശ്യമില്ല. അവര്‍ പലരും വെറുതേ ഇരിക്കുന്നതിനേക്കാള്‍ ഭേദം ഏതാനും ചുവടുകള്‍ നടക്കുന്നതായിരിക്കും. ഹൃദ്രോഗവും പ്രമേഹവും വരാതിരിക്കാന്‍ ഒരു മുതിര്‍ന്ന വ്യക്തിക്ക്് ഒരു ദിവസം എണ്ണായിരം ചുവടുകളാണ് ആവശ്യമെന്നാണ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. ഒരു പാട് ദൂരം ദിവസം നടക്കുന്നവര്‍ പെട്ടെന്ന് ക്ഷീണിതരാകാനും സാധ്യതയുണ്ട്.

കൂടാതെ ഇവരില്‍ പലര്‍ക്കും തങ്ങള്‍ ഇത്രയും ദൂരം ദിവസവും നടക്കുന്നത് കൊണ്ട് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും ബാധിക്കില്ല എന്ന അമിത ആത്മവിശ്വാസത്തിലാണ് കഴിയുന്നതും. ഒരാള്‍ ദിവസം പതിനായിരം ചുവടുകള്‍ വെയ്ക്കുന്നത് എട്ട് കിലോമീറ്ററോളം നടക്കുന്നതിന് തുല്യമാണന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. 1964 ലെ ടോക്കിയോ ഒളിമ്പിക് ഗെയിംസിന്റെ പശ്ചാത്തലത്തില്‍ ഒരു പെഡോമീറ്ററിനായി ഒരു ജാപ്പനീസ് മാര്‍ക്കറ്റിംഗ് കാമ്പെയ്നിന്റെ ഭാഗമായിട്ടാണ് ആദ്യമായി പതിനായിരം ചുവടുവെയ്പുകളാണ് ആരോഗ്യത്തിന് ഉത്തമം എന്ന് പ്രഖ്യാപനം ഉണ്ടായത്.

ആ സമയത്ത് ജപ്പാന്‍കാര്‍ ഫിറ്റ്നസില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഇത്തരത്തില്‍ ഒളിമ്പിക്സിന്റെ ആവേശം മുതലെടുക്കാന്‍ സ്ഥാപനങ്ങള്‍ ശ്രമിക്കുകയും ചെയ്തത്. ജാപ്പനീസ് ഭാഷയില്‍ 10,000 സ്റ്റെപ്പ് മീറ്റര്‍ എന്നര്‍ത്ഥം വരുന്ന മാന്‍പോ-കെയ് എന്ന് വിളിക്കപ്പെടുന്ന യമാസയുടെ ഒരു പെഡോമീറ്ററിന്റെ വിപണനം ലക്ഷ്യമിട്ടാണ് അന്ന് ഇത്തരമൊരു പ്രചാരണം നടന്നതെന്നായാരിുന്നു പിന്നീട് കണ്ടെത്തിയത്. എന്നാല്‍ ഇക്കാര്യത്തില്‍ ശാസ്ത്രീയമായി യാതൊരു ആധികാരകതയും അന്ന് വെളിപ്പെടുത്തിയിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

കൂടാതെ അലസ ജീവിതം നയിക്കുന്നവര്‍ പെട്ടെന്ന് ഒരു ദിവസം പതിനായിരം ചുവടുകള്‍ നടക്കുന്നത് ഗുണത്തേക്കാള്‍ ദോഷമായിരിക്കും ഉണ്ടാക്കുക എന്നതാണ് സത്യം. ശരീരത്തേയും അതിന്റെ പരിമിതകളേയും മനസിലാക്കി പടിപടിയായി വേണം നടപ്പിന്റെ തീവ്രത വര്‍ദ്ധിപ്പിക്കാന്‍ എന്നുമാണ് ഫിറ്റ്നസ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.