പ്രായമേറിയ പുരുഷന്‍മാര്‍ക്ക് കുട്ടികള്‍ ഉണ്ടായാല്‍ അവര്‍ക്ക് പല രോഗങ്ങളും പിടിപെടാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ട്. പ്രായമായ പിതാക്കന്മാര്‍ കുട്ടികളിലേക്ക് രോഗകാരിയായ മ്യൂട്ടേഷനുകള്‍ പകരാനുള്ള സാധ്യത കൂടുതലാണ് എന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. അതേ സമയം പ്രായമേറിയ അമ്മമാരുടെ അണ്ഡങ്ങളുടെ ഗുണനിലവാരം കുറവായതിനാല്‍ കുട്ടികള്‍ക്ക് ജനന വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് നേരത്തേ നടന്ന പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

എന്നാല്‍ ഇപ്പോള്‍, ആരോഗ്യമുള്ള ഡസന്‍ കണക്കിന് പുരുഷന്മാരെ നിരീക്ഷിച്ച യു.കെയിലെ ശാസ്ത്രജ്ഞര്‍, പിതൃത്വം വൈകിപ്പിക്കുന്നത് അറിയാതെ തന്നെ കുട്ടികള്‍ക്ക് ഒന്നിലധികം ദോഷകരമായ മ്യൂട്ടേഷനുകള്‍ പകരുന്നതിലൂടെ അതിന്റേതായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന്

കണ്ടെത്തിയിരിക്കുകയാണ്. മുപ്പതുകളുടെ തുടക്കത്തില്‍ പുരുഷന്മാരില്‍, 50 ബീജങ്ങളില്‍ ഒന്നിന് രോഗകാരിയായ മ്യൂട്ടേഷനുകള്‍ ഉണ്ടെന്ന് ഡിഎന്‍എ പരിശോധനയില്‍ കണ്ടെത്തി.

എന്നാല്‍ 43 നും 70 നും ഇടയില്‍ പ്രായമുള്ളവരില്‍ ഇത് ഏകദേശം 20 പേരില്‍ ഒരാളായി ഉയര്‍ന്നു. ഈ ഗവേഷണ ഫലങ്ങള്‍ വളരെ പ്രധാനമാണ് എന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത്. ഭാവിയിലെ മാതാപിതാക്കള്‍ ഇക്കാര്യം ഗൗരവകരമായി കണക്കിലെടുക്കണം എന്നും അവര്‍ നിര്‍ദ്ദേശിക്കുന്നു. പുരുഷ പ്രത്യുല്‍പാദനക്ഷമതയുടെ അളവുകോലായ ബീജങ്ങളുടെ എണ്ണവും ആഗോളതലത്തില്‍ കുറഞ്ഞുവരികയാണെന്നാണ് ഗവേഷണ ഫലങ്ങള്‍ കാണിക്കുന്നത്. ചില കണക്കുകള്‍ പ്രകാരം ഒരു തലമുറയ്ക്കുള്ളില്‍ 60 ശതമാനം വരെ കുറവുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.

2000-ന് മുമ്പ്, ശരാശരി ബീജങ്ങളുടെ എണ്ണം ഓരോ വര്‍ഷവും ഏകദേശം ഒരു ശതമാനം കുറയുന്നുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചു. അതിനുശേഷം, ഈ കുറവിന്റെ നിരക്ക് ഇരട്ടിയായി. യു.കെയിലെ ഏറ്റവും പുതിയ ഫെര്‍ട്ടിലിറ്റി ഇന്‍ഡക്സ് സര്‍വേ പ്രകാരം, ഇന്നത്തെ യുവാക്കള്‍ക്ക് പഴയ തലമുറകളേക്കാള്‍ മൂന്നിരട്ടി കൂടുതല്‍ ഫെര്‍ട്ടിലിറ്റി പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പഠനത്തില്‍, 24 നും 75 നും ഇടയില്‍ പ്രായമുള്ള 81 പുരുഷന്മാരില്‍ നിന്ന് 1,000 ത്തിലധികം ബീജങ്ങളെ വിശകലനം ചെയ്യാന്‍ ഗവേഷകര്‍ ഡിഎന്‍എ സീക്വന്‍സിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചു.

30 കളുടെ തുടക്കത്തിലുള്ള പുരുഷന്മാരില്‍ നിന്നുള്ള ഏകദേശം രണ്ട് ശതമാനം ബീജങ്ങളും രോഗമുണ്ടാക്കുന്ന മ്യൂട്ടേഷനുകള്‍ വഹിക്കുന്നുണ്ടെന്ന് അവര്‍ കണ്ടെത്തി. എഴുപത് വയസുള്ളവരില്‍ 4.5 ശതമാനം ബീജങ്ങളിലും ദോഷകരമായ മ്യൂട്ടേഷനുകള്‍ ഉണ്ടായിരുന്നു. ഇത് പ്രായവും സന്താനങ്ങള്‍ക്ക് ജനിതക അപകടസാധ്യതയ്ക്കും തമ്മിലുള്ള വ്യക്തമായ ബന്ധം കാണിക്കുന്നു. 40 ജീനുകളിലെ മ്യൂട്ടേഷനുകള്‍ ഓട്ടിസം ഉള്‍പ്പെടെയുള്ള അവസ്ഥകളുമായും ചില അര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുന്നതുമായും ബന്ധപ്പെട്ടിരിക്കുന്നു.

പുരുഷന്മാര്‍ പത്ത് വയസ്സിനും 12 വയസ്സിനും ഇടയില്‍ ബീജം ഉത്പാദിപ്പിക്കാന്‍ തുടങ്ങുകയും ജീവിതകാലം മുഴുവന്‍ അത് തുടരുകയും ചെയ്യുന്നു. ശരാശരി പുരുഷന്‍ എല്ലാ ദിവസവും ദശലക്ഷക്കണക്കിന് ബീജകോശങ്ങള്‍ ഉത്പാദിപ്പിക്കും. ഇവ് പൂര്‍ണ്ണമായും പക്വത പ്രാപിക്കാന്‍ ഏകദേശം മൂന്ന് മാസമെടുക്കും.