ന്യൂയോര്‍ക്ക്: കോവിഡ് വാക്സിനുകള്‍ ഫലപ്രദമല്ലെന്ന് ഒടുവില്‍ സമ്മതിച്ച് ശാസ്ത്രജ്ഞര്‍. ഇത് ഉപയോഗിക്കുന്ന അമ്പത് ശതമാനം പേര്‍ക്കും ഇത് സംരക്ഷണം ഒരുക്കില്ല എന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. കോവിഡ് വാക്സിനുകള്‍ ആദ്യം കരുതിയതിനേക്കാള്‍ ഫലപ്രദമല്ലായിരിക്കാം എന്ന് തന്നെയാണ് ഒരു പുതിയ വിശകലനം സൂചിപ്പിക്കുന്നത്.

ലോകാരോഗ്യ സംഘടന അവകാശപ്പെടുന്നത് അവരുടെ റോള്‍-ഔട്ട് ആദ്യ വര്‍ഷത്തില്‍ ലോകമെമ്പാടുമായി 14.4 ദശലക്ഷം മരണങ്ങള്‍ തടഞ്ഞു എന്നാണ്. ചില കണക്കുകള്‍ പ്രകാരം ഇത് 20 ദശലക്ഷത്തിനടുത്താണ്. എന്നാല്‍ ജാപ്പനീസ് ശാസ്ത്രജ്ഞരുടെ പുതിയ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്, ഫൈസറും മോഡേണയും നടത്തിയ കുത്തിവയ്പ്പുകള്‍ ഗുരുതരമായ രോഗത്തെ ഫലപ്രദമായി തടഞ്ഞുവെങ്കിലും, രോഗപ്രതിരോധ സംരക്ഷണം പ്രതീക്ഷിച്ചതിലും വളരെ വേഗത്തില്‍ കുറഞ്ഞു എന്നാണ്.

2500 ല്‍ അധികം മുതിര്‍ന്ന വ്യക്തികളില്‍ നിന്നുള്ള ആന്റിബോഡി ഡാറ്റ വിശകലനം ചെയ്തപ്പോള്‍, പ്രതിരോധശേഷി ബൂസ്റ്റര്‍ ചെയ്തതിന് ശേഷം ഒമ്പത് മാസത്തിനുള്ളില്‍ പകുതിയോളം പേര്‍ക്ക് അതിവേഗത്തിലുള്ള കുറവ് അനുഭവപ്പെട്ടതായി സംഘം കണ്ടെത്തിയിരുന്നു. ആന്റിബോഡി അളവ് ഉയര്‍ന്ന നിലയില്‍ തുടരുന്നവരെ അപേക്ഷിച്ച് ഈ ഗ്രൂപ്പിലെ കോവിഡ് അണുബാധ നിരക്കുകള്‍ ഏകദേശം 15 ശതമാനം കൂടുതലായിരുന്നു.

ഈ കണ്ടെത്തലുകളെ പ്രധാനപ്പെട്ടത് എന്ന് വിശേഷിപ്പിച്ച ഗവേഷകര്‍ ആളുകളെ കൂടുതല്‍ കാലം സംരക്ഷിക്കുന്നതിന് കൂടുതല്‍ വ്യക്തിഗത വാക്സിനേഷന്‍ രീതികള്‍ വശ്യമാണെന്ന് ചൂണ്ടിക്കാട്ടി. എന്നാല്‍ പേശികളിലേക്ക് കുത്തിവയ്ക്കുന്ന വാക്സിനുകള്‍ ചില ആളുകളില്‍ ദുര്‍ബലമായ പ്രതികരണങ്ങള്‍ക്ക് കാരണമാകുന്നത് എന്തുകൊണ്ടെന്ന് വിശദീകരിക്കാന്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നാണ് അവര്‍ പറയുന്നത്.

പുതിയ പഠനത്തില്‍, 2021 ഏപ്രിലിനും 2022 നവംബറിനും ഇടയില്‍ ഫുകുഷിമയിലെ 2,526 ആളുകളില്‍ നിന്ന് ശേഖരിച്ച ആന്റിബോഡി ഡാറ്റയാണ് ഗവേഷകര്‍ വിശകലനം ചെയ്തത്. എല്ലാവര്‍ക്കും ഫൈസര്‍ അല്ലെങ്കില്‍ മോഡേണ വാക്സിനുകളുടെ രണ്ട് ഡോസുകളും ഒരു ബൂസ്റ്ററുമാണ് ലഭിച്ചത്. ചിലരില്‍ കാലക്രമേണ ഉയര്‍ന്ന ആന്റിബോഡി അളവ് നിലനിര്‍ത്തി എങ്കിലും വേഗത്തില്‍ കുറയുകയായിരുന്നു.

ചില ആളുകള്‍ ദുര്‍ബലമായ ആന്റിബോഡി പ്രതികരണത്തിന് കൂടുതല്‍ ഇരയാകുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ലെന്ന് ഗവേഷകര്‍ പറയുന്നു. ഇന്നുവരെ, ലോകമെമ്പാടുമായി 13.6 ബില്യണിലധികം കോവിഡ് വാക്സിനുകള്‍ നല്‍കിയിട്ടുണ്ട്. ഏകദേശം 70 ശതമാനം ആളുകള്‍ക്കും കുറഞ്ഞത് ഒരു ഡോസെങ്കിലും ലഭിച്ചു. എന്നാല്‍ പുതിയ കണ്ടെത്തലുകള്‍ പ്രാഥമികമായി തുടരുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. പഠനങ്ങള്‍ ഇതുവരെ പിയര്‍ റിവ്യൂ ചെയ്യുകയോ ഔപചാരികമായി പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ല.