ലണ്ടന്‍: പഞ്ചസാര കലര്‍ന്ന പാനീയങ്ങളും സംസ്‌കരിച്ച മാംസാഹാരവുമാണ് ഹൃദയാഘാതത്തിനും ഹൃദ്രോഗങ്ങള്‍ക്കും കാരണമാകുന്ന പ്രധാന ഭക്ഷണ വസ്തുക്കള്‍ എന്ന് ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. വ്യത്യസ്തയിനം സംസ്‌കരിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ കാര്‍ഡിയോവാസ്‌കുലാര്‍ രോഗങ്ങള്‍ക്കും ഹൃദ്രോഗങ്ങള്‍ക്കും, ആഘാതത്തിനും ഉള്ള സാധ്യത എത്രമാത്രം വര്‍ദ്ധിക്കും എന്ന് ബ്രിട്ടനിലെ ഹോസ്പിറ്റലുകളിലെ നഴ്സുമാരില്‍ നിന്നും ആരോഗ്യ രംഗത്തെ പ്രൊഫഷണലുകളില്‍ നിന്നും ലഭിച്ച ഡാറ്റയുടെ അടിസ്ഥാനത്തിലായിരുന്നു പഠനം നടത്തിയത്.

നേരത്തേ തന്നെ ഹൃദ്രോഗങ്ങളുടെ കാര്യത്തില്‍ അതിയായി സംസ്‌കരിച്ച ഭക്ഷണപദാര്‍ത്ഥങ്ങളെ,(അള്‍ട്ര പ്രൊസസ്ഡ് ഫുഡ്) പൊതുവെ പ്രധാന വില്ലന്മാരായി ചിത്രീകരിക്കാറുണ്ടായിരുന്നെങ്കിലും, അവ എല്ലാം തന്നെ ഒരുപോലെ അപകടകാരികളല്ല എന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. മറിച്ച്, യോഗര്‍ട്ട്, ഹോള്‍ഗ്രെയിന്‍ ബ്രഡ്, സേവറി സ്‌നാക്ക്‌സ് എന്നിവ ഹൃദ്രോഗ സാധ്യത നേരിയ തോതിലെങ്കിലും കുറയ്ക്കുന്നതായാണ് കണ്ടെത്തിയത്.

ഒരു ശരാശരി ബ്രിട്ടീഷ് ആഹാരക്രമത്തില്‍ 57 ശതമാനത്തോളം അള്‍ട്രാ പ്രൊസസ്ഡ്ഭ് ഫുഡ് (യു പി എഫ്) അടങ്ങിയിട്ടുണ്ട്. ഇതില്‍ ഫിസി ഡ്രിങ്ക്, ഹാം, ബേക്കണ്‍ എന്നിവ പോലുള്ള സംസ്‌കരിച്ച മാംസാഹാരങ്ങള്‍, സെറിള്‍ ബ്രേക്ക്ഫാസ്റ്റ് എന്നിവ ഉള്‍പ്പെടുന്നു. യു പി എഫ് വിഭാഗങ്ങളെ സംബന്ധിച്ച ഏറ്റവും വലിയ പ്രത്യേകത സാധാരണയായി നിങ്ങളുടെ അടുക്കളയില്‍ കണ്ടെത്താനാകാത്ത ചില ചേരുവകള്‍ അതില്‍ അടങ്ങിയിട്ടുണ്ട് എന്നതാണ്. തിരിച്ചറിയാന്‍ കഴിയാത്ത കളറിംഗ് ഏജന്റുകള്‍, മധുരദായക വസ്തുക്കള്‍, പ്രെസര്‍വേറ്റീവുകള്‍ എന്നിവ അതില്‍ ഉള്‍പ്പെടുന്നു.

അള്‍ട്രാ പ്രൊസസ്ഡ് ഫുഡ് (യു പി എഫ്) അപകടകാരിയാകാന്‍ മറ്റൊരു കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത് അതില്‍ അമിതമായ അളവില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവയാണ്. എന്നാല്‍, സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭ്യമാകുന്ന ബ്രേക്ക്ഫാസ്റ്റ് സെറിള്‍സ്, പ്രീ പാക്കേജ്ഡ് ബ്രെഡ് എന്നിവയും അള്‍ട്രാ പ്രൊസസ്ഡ് ഫുഡ് ആയാണ് കണക്കാക്കപ്പെടുന്നത്. കൃത്രിമ നിറ- രുചി ദായനികള്‍, എമള്‍സിഫയറുകള്‍ എന്നിവ അതില്‍ അടങ്ങിയിട്ടുണ്ട് എന്നതിനാലാണിത്.

എന്നാല്‍, ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്, അള്‍ട്രാ പ്രോസസ്സ്ഡ് ഫുഡ് എന്നതിന്റെ നിര്‍വ്വചനം മാറ്റിയെഴുതണം എന്നാണ്. പല യു പി എഫ് ഇനങ്ങളിലും ആരോഗ്യത്തിനുതകുന്ന പൊഷകങ്ങള്‍ ഉണ്ട്. ഇവ കാര്‍ഡിയോവാസ്‌കുലാര്‍ രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.