ലണ്ടന്‍: ശൗച്യാലയം ഉപയോഗിക്കുമ്പോള്‍ അനുഭവപ്പെടുന്ന രണ്ട് അസ്വഭാവികതകള്‍, ഒരുപക്ഷെ ഇപ്പോള്‍ ലണ്ടനില്‍ പരക്കെ വ്യാപകമാകുന്ന മാരകമായ കാന്‍സറിന്റെ ലക്ഷണമാകാം എന്ന് ഡോക്ടര്‍മാര്‍. കൊളാഞ്ചിയോകാര്‍സിനോമ എന്ന് വൈദ്യശാസ്ത്രത്തിന്റെ ഭാഷയില്‍ അറിയപ്പെടുന്ന ബൈല്‍ ഡക്റ്റ് കാന്‍സര്‍ കരളിനെ ഗോള്‍ ബ്ലാഡറുമായും കുടലുമായും ബന്ധിപ്പിക്കുന്ന നാളിയിലാണ് കാണപ്പെടുന്നത്. ബ്രിട്ടനില്‍ ഓരോ വര്‍ഷവ്ഉം 3100 പേര്‍ക്ക് ഈ രോഗം സ്ഥിരീകരിക്കപ്പെടുന്നു എന്നാണ് കണക്ക്. ഇത് ബാധിച്ചവരില്‍ 20 ല്‍ ഒരാള്‍ വീതം മാത്രമാണ് രോഗം സ്ഥിരീകരിച്ച് അഞ്ചുവര്‍ഷത്തിലധികം ജീവിച്ചിരിക്കുക.

ബൈല്‍ ഡക്റ്റ് കാന്‍സറിന്റെ ചില ലക്ഷണങ്ങള്‍ ആളുകള്‍ മലവിസര്‍ജ്ജനം നടത്തുന്ന സമയത്ത് മാത്രമെ കണ്ടെത്താനാകൂ എന്നാണ് ലൈവ് കാന്‍സര്‍ യു കെ എന്ന ചാരിറ്റി വ്യക്തമാക്കുന്നത്. അസാധാരണമാം വിധം മങ്ങിയതോ ഇരുണ്ടതോ ആയ മൂത്രവും, വിളറിയ നിറത്തില്‍ കട്ടിയായ മലവുമാണ് ഈ രണ്ട് ലക്ഷണങ്ങള്‍ എന്നും അവര്‍ പറയുന്നു. ബൈല്‍ ഡക്റ്റ് കാന്‍സര്‍ ബാധിച്ചാല്‍ അത് കരളുമായി ബന്ധിപ്പിക്കുന്ന നാളികളെ അടക്കും. ഇതുവഴി കരള്‍ ഉത്പാദിപ്പിക്കുന്ന ബൈല്‍ രക്തത്തിലേക്കും മറ്റ് കലകളിലേക്കും പടരും.

മഞ്ഞപ്പിത്തം ബാധിക്കുമ്പോള്‍ ഉണ്ടാകുന്നത് പോലെ ചര്‍മ്മം മഞ്ഞ നിറത്തിലാവുക, കണ്ണ് മഞ്ഞ നിറത്തിലാവുക, ചര്‍മ്മത്തില്‍ ചൊറിച്ചില്‍ തുടങ്ങിയവയാണ് ഈ മാരക കാന്‍സറിന്റെ മറ്റ് ലക്ഷണങ്ങള്‍. ശ്രമിക്കാതെ തന്നെ ശരീര ഭാരം കുറയുക, വയറു വേദന, പ്രത്യേകിച്ചും വയറിന്റെ വലതുഭാഗത്, പനി, ക്ഷീണം, വിശപ്പില്ലായ്മ എന്നിവയൊക്കെ ഈ രോഗത്തിന്റെ മറ്റ് ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങള്‍ മറ്റു പല രോഗങ്ങള്‍ക്കും ഉള്ളതിനാല്‍ ഇവയിലേതെങ്കിലും അനുഭവപ്പെട്ടാല്‍ ഉടനടി ഡോക്ടറെ സന്ദര്‍ശിക്കണം.

ഈ ലക്ഷണങ്ങള്‍ കാന്‍സറുമായി ബന്ധപ്പെട്ടതാണെങ്കില്‍ വളരെ നേരത്തെ കണ്ടെത്തിയാല്‍ ഫലപ്രദമായി ചികിത്സിക്കാന്‍ കഴിയും. എന്തുകൊണ്ടാണ് ചിലരില്‍ മാത്രം ബൈല്‍ നാളിയില്‍ കാന്‍സര്‍ രൂപപ്പെടുന്നത് എന്ന് കണ്ടെത്താന്‍ ശാസ്ത്രജ്ഞര്‍ക്ക് ആയിട്ടില്ല. ഇത് എപ്പോഴും മദ്യപാനവുമായി ബന്ധപ്പെട്ട് ആയിക്കോളണമെന്നില്ല എന്നാണ് ലിവര്‍ കാന്‍സര്‍ യു കെ പറയുന്നത്. ലിവര്‍ കാന്‍സര്‍ എല്ലായ്‌പ്പോഴും മദ്യപാനവുമായി ബന്ധപ്പെടുത്തുന്നത് കേവലം മൂഢചിന്ത മാത്രമാണെന്നും വിദഗ്ധര്‍ പറയുന്നു.

പ്രായം ഇത്തരത്തിലുള്ള കാന്‍സറുമായി ബന്ധപ്പെട്ട ഒരു ഘടകമാണ്. സാധാരണയായി 50 നും 70 നും ഇടയിലുള്ളവരിലാണ് ഈ രോഗം കണ്ടുവരുന്നത്. ലിവര്‍ ഫ്‌ലൂക്കുകള്‍ പോലുള്ള ചില പരാന്ന ജീവികള്‍ ശരീരത്തില്‍ പ്രവേശിക്കുന്നതു മൂലമുണ്ടാകുന്ന രോഗാവസ്ഥകളും ഇന്‍ഫ്‌ലമേറ്ററി ബോവല്‍ ഡിസീസ് പോലുള്ള രോഗങ്ങളും ബൈല്‍ ഡക്റ്റില്‍ കാന്‍സര്‍ രൂപപ്പെടാന്‍ സഹായിക്കുന്നു.