- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇന്ത്യയിലെ സമീപകാല സംഭവ വികാസങ്ങൾ ഹൃദയഭേദകമാണ്, ആഗോള സമൂഹം ആവശ്യമായ സഹായം നൽകണം'; രാജ്യത്തെ ഓക്സിജൻ ക്ഷാമത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് ഗ്രേറ്റ ട്യുൻബെർഗ്; ഓക്സിജൻ കിട്ടാതെയുള്ള മരണങ്ങൾ പെരുകുമ്പോൾ കേന്ദ്ര സർക്കാർ പ്രതിക്കൂട്ടിൽ; ദിവസങ്ങളായി തുടരുന്ന ഓക്സിജൻ ക്ഷാമത്തിന് ഇനിയും പരിഹാരമായില്ല
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിനിടെ ഇന്ത്യയിലുണ്ടായ ഓക്സിജൻ ക്ഷാമത്തിൽ പ്രതികരണവുമായി സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗ്. കോവിഡിന്റെ രണ്ടാം തരംഗത്തെ നേരിടാൻ ആഗോള സമൂഹം ഇന്ത്യയെ സഹായിക്കണമെന്ന് ഗ്രേറ്റ് ട്വീറ്റ് ചെയ്തു. 'ഇന്ത്യയിലെ സമീപകാല സംഭവ വികാസങ്ങൾ ഹൃദയഭേദകമാണ്. ആഗോള സമൂഹം ആവശ്യമായ സഹായം നൽകണം' ട്വീറ്റിൽ പറയുന്നു.
യുകെ, യൂറോപ്യൻ യൂണിയൻ, ഫ്രാൻസ് എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ ഇന്ത്യയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചിരുന്നു. ഓക്സിജന്റെ കുറവ് കാരണം 25 രോഗികൾ മരിച്ചതായി ശനിയാഴ്ച ഡൽഹിയിലെ ആശുപത്രി റിപ്പോർട്ട് ചെയ്തു. ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ എല്ലാ മുഖ്യമന്ത്രിമാരുടെയും സഹായം തേടി കത്തയച്ചിട്ടുണ്ട്.
അതേസമയം കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാർ പരാജയമെന്ന വിമർശനം ശക്തമാകുന്നു. ഓക്സിജൻ ലഭിക്കാത്തതിനാൽ മാത്രം ഒട്ടേറെപ്പേർ ഡൽഹിയിൽ മരിക്കുന്നു. ദിവസങ്ങളായി തുടരുന്ന ഈ സ്ഥിതി തടയാൻ ഇനിയും കൃത്യമായ നടപടികളൊന്നും കൈക്കൊണ്ടിട്ടില്ല. ബംഗാൾ തിരഞ്ഞെടുപ്പിലായിരുന്നു മോദിയുടെയും അമിത്ഷായുടെയും ശ്രദ്ധ മുഴുവൻ. ഇതാണ് സ്ഥിതിഗതികൾ വഷളാക്കിയത് എന്നാണ് വിലയിരുത്തൽ. ബംഗാളിൽനിന്നു മടങ്ങിയ ശേഷം ആഭ്യന്തര മന്ത്രി ഗുജറാത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. രാജ്നാഥ് സിങ്, നിർമല സീതാരാമൻ, ഹർഷ് വർധൻ എന്നിങ്ങനെ ഏതാനും മന്ത്രിമാർ കോവിഡ് പ്രതിരോധ നടപടികളിൽ സജീവമായിട്ടുണ്ട്.
ഓക്സിജൻ ഉൽപാദനത്തിലെയും വിതരണത്തിലെയും ഏറ്റക്കുറച്ചിൽ പരിഹരിക്കാൻ സംസ്ഥാനങ്ങളുമായി ഏകോപനത്തിനു കേന്ദ്ര സർക്കാരിനു സാധിക്കില്ലേയെന്ന ചോദ്യം ഉന്നയിക്കപ്പെടുന്നു. സംസ്ഥാനങ്ങൾ തമ്മിലുള്ള ജല തർക്കം പോലെ ആയിട്ടുണ്ട് ഓക്സിജന്റെ പേരിൽ ഡൽഹിയും ഹരിയാനയും തമ്മിലുള്ള വഴക്ക്. ലഫ്റ്റനന്റ് ഗവർണറാണ് ഡൽഹി സർക്കാർ എന്ന് അധികാരം നിർവചിക്കുന്ന ബില്ലിന് കഴിഞ്ഞ മാസമാണ് രാഷ്ട്രപതി അംഗീകാരം നൽകിയത്. എന്നാൽ, കേന്ദ്ര സർക്കാർ നോമിനിയായ ലഫ്റ്റനന്റ് ഗവർണർ ഡൽഹിയിലെ ഓക്സിജൻ പ്രതിസന്ധി പരിഹരിക്കാൻ എന്തു ചെയ്യുന്നുവെന്ന ചോദ്യവും ഇപ്പോൾ ഉയരുന്നു. കേരളമുൾപ്പെടെ പല സംസ്ഥാനങ്ങളും വാക്സീൻ വിലയെച്ചൊല്ലി കേന്ദ്ര സർക്കാരിനോടു പ്രതിഷേധിക്കുന്നു. ബിഹാർ തിരഞ്ഞെടുപ്പു കാലത്ത് എല്ലാവർക്കും സൗജന്യ വാക്സീൻ വാഗ്ദാനം ചെയ്ത ബിജെപി, കഴിഞ്ഞ ദിവസം ബംഗാളിലും അതുതന്നെ പറഞ്ഞു.
വിവിധ ഹൈക്കോടതികൾ സംസ്ഥാനങ്ങളിലെ പ്രശ്നങ്ങളുടെ ഗൗരവം തിരിച്ചറിഞ്ഞു നടത്തുന്ന ശക്തമായ ഇടപെടലുകൾ തടയുന്നതാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം സ്വമേധയാ എടുത്ത കേസ് എന്ന വിമർശനവും ശക്തം. ഹൈക്കോടതികളെ തടഞ്ഞിട്ടില്ലെന്നാണു സുപ്രീം കോടതിയുടെ വിശദീകരണം. എങ്കിലെന്തിനാണ് പൊതു ഉത്തരവു നൽകാൻ താൽപര്യപ്പെടുന്നതായി സുപ്രീം കോടതി വ്യക്തമാക്കിയതെന്ന ചോദ്യമുണ്ട്. ആരോഗ്യ അടിയന്തരാവസ്ഥയെന്നാണു സുപ്രീം കോടതി പറഞ്ഞത്.
പ്രതിസന്ധി നേരിടാൻ ദേശീയ പദ്ധതി തയാറാക്കണമെന്നും കേന്ദ്രത്തോടു നിർദേശിച്ചു. എന്നാൽ, കഴിഞ്ഞ മാസം 23ന് വായ്പകളുടെ പലിശയിളവു സംബന്ധിച്ച വിധിയിൽ, കോവിഡ് ദുരന്തം നേരിടാൻ ദേശീയ പദ്ധതിയില്ലെന്നും അതിനാൽ ദേശീയ ദുരന്ത നിവാരണ അഥോറിറ്റി പരാജയപ്പെട്ടെന്നുമുള്ള വാദം കോടതി തള്ളിക്കളഞ്ഞിരുന്നു. കേസ് അടുത്ത ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റിവയ്ക്കുന്നതിനുള്ള തീരുമാനവും വിമർശിക്കപ്പെടുന്നു.
മറുനാടന് മലയാളി ബ്യൂറോ