- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത; ചുഴലിക്കാറ്റായി രൂപം കൊണ്ടേക്കും; മെയ് 14 മുതൽ കേരളത്തിൽ ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്; കടലാക്രമണത്തിനും സാധ്യത; സുരക്ഷിത തീരത്തേക്ക് എത്തണമെന്ന് ദുരന്ത നിവാരണ അഥോറിറ്റിയുടെ നിർദ്ദേശം
തിരുവനന്തപുരം: മെയ് പതിനാല് മുതൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. കേരള തീരത്ത് നിന്ന് കടലിൽ പോകുന്നതിന് വിലക്കേർപ്പെടുത്തി. തെക്കുകിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ന്യൂമർദ്ദത്തിന്റെ സഞ്ചാരപഥത്തിൽ കേരളം ഇല്ല. എങ്കിലും സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കടലാക്രമണത്തിനു സാധ്യതയുണ്ട്. മെയ് 14ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും മെയ് 15ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
കേന്ദ്ര കാലാവസ്ഥ വകുപ്പിൽ നിന്ന് ലഭിച്ച ഏറ്റവും പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ന്യൂനമർദ രൂപീകരണവുമായി ബന്ധപ്പെട്ട് 2021 മെയ് 13 നോട് കൂടി തന്നെ അറബിക്കടൽ പ്രക്ഷുബ്ധമാവാനും കടലിൽ ശക്തമായ കാറ്റും മോശം കാലാവസ്ഥയും രൂപപ്പെടാനും സാധ്യതയുണ്ട്. മെയ് 13 അതിരാവിലെ 12 മണി മുതൽ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് മറിച്ചൊരു അറിയിപ്പുണ്ടാകുന്നത് വരെ പൂർണ്ണമായും നിരോധിച്ചിരിക്കുകയാണ്.
ലക്ഷദ്വീപിന് സമീപം വടക്ക് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യുനമർദ്ദം മെയ് 16ഓടെ ഈ വർഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. ചുഴലിക്കാറ്റ് രൂപം കൊള്ളുകയാണെങ്കിൽ മ്യാന്മാർ നൽകിയ 'ടൗട്ടെ ' Taukte (Tau tae) എന്ന പേരായിരിക്കും ഉപയോഗിക്കുക.
നിലവിൽ ആഴക്കടലിൽ മൽസ്യ ബന്ധനത്തിലേർപ്പെട്ടു കൊണ്ടിരിക്കുന്ന മൽസ്യത്തൊഴിലാളികൾ മെയ് 12 അർദ്ധരാത്രിയോട് കൂടി തന്നെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്തേക്ക് എത്തേണ്ടതാണെന്ന് ദുരന്ത നിവാരണ അഥോറിറ്റി അഭ്യർത്ഥിക്കുന്നു. ആഴക്കടലിൽ മൽസ്യ ബന്ധനത്തിലേർപ്പെട്ടു കൊണ്ടിരിക്കുന്ന മൽസ്യത്തൊഴിലാളികളിലേക്ക് ഈ വിവരം എത്തിക്കാൻ വേണ്ട നടപടികൾ ഉടനടി സ്വീകരിക്കാൻ ബന്ധപ്പെട്ടവരോട് ദുരന്ത നിവാരണ അഥോറിറ്റി നിർദേശിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ