തൊടുപുഴ: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ പശ്ചാത്തലത്തിൽ ഇന്നും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാദ്ധ്യത. ബുധനോടെ ന്യൂനമർദ്ദം നിർജ്ജീവമാകും. ഇതോടെ മഴ കുറയുമെന്നാണ് വിലയിരുത്തൽ. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് ശക്തമായ തിരമാലയ്ക്ക് സാദ്ധ്യതയുള്ളതിനാൽ മത്സ്യ ബന്ധനം പാടില്ലെന്നാണ് നിർദ്ദേശം.

അതേസമയം സംസ്ഥാനത്തെ കെഎസ്ഇബി അണക്കെട്ടുകളിലെ ജലനിരപ്പ് 70 ശതമാനത്തിലേക്ക് ഉയർന്നു. ഇന്നലെ അണക്കെട്ടിൽ 69.39 % വെള്ളമുണ്ട്. സംസ്ഥാനത്തു പ്രതീക്ഷിച്ചതിലും 23 % മഴ കുറവാണെങ്കിലും ശക്തമായ മഴ തുടർച്ചയായി പെയ്തതോടെ നീരൊഴുക്ക് വർധിച്ചതാണു ജലനിരപ്പ് ഉയരാൻ കാരണം.

ഈ മാസത്തെ പ്രതിദിന ശരാശരി വൈദ്യുതി ഉൽപാദനം 35.64 ദശലക്ഷം യൂണിറ്റാണ്. കഴിഞ്ഞ വർഷം ഇത് 26.92 ദശലക്ഷം യൂണിറ്റായിരുന്നു. ഷോളയാർ, പെരിങ്ങൽകുത്ത്, കുണ്ടള, കല്ലാർകുട്ടി, മൂഴിയാർ അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കെഎസ്ഇബിയുടെ കണക്കനുസരിച്ച് അണക്കെട്ടുകളിൽ കാലവർഷത്തിൽ 70 ശതമാനവും തുലാവർഷത്തിൽ 30 ശതമാനവും വെള്ളം എത്തുമെന്നാണ്. പ്രളയത്തെ തുടർന്ന് അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനു തയാറാക്കിയ റൂൾ കർവ് അനുസരിച്ച് വൈദ്യുതി ഉൽപാദനം ഉയർത്തി ജലനിരപ്പ് ക്രമീകരിക്കുന്നുണ്ട്.

അതിനിടെ തമിഴ്‌നാട്ടിലും മഴ കനക്കുകായണ്. ഇതോട കൊല്ലം ജില്ലയിലെ വെള്ളച്ചാട്ടങ്ങളിൽ അടക്കം നീരൊഴുക്ക് വർധിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി തെങ്കാശി ജില്ലയിലും വ്യാപക മഴ പെയ്യുന്നുണ്ട്. മഴവെള്ളം സംഭരിച്ച് കൃഷിക്ക് ഉപയോഗിക്കാനുള്ള തയ്യാറെടുപ്പും കർഷകർ നടത്തുന്നുണ്ട്. ഞാറു നട്ട വയലുകളിൽ വെള്ളം കയറുന്നത് കർഷകരുടെ ആശങ്കയും വർധിപ്പിച്ചിട്ടുണ്ട്. ഇനിയും മഴ തുടർന്നാൽ കൃഷി നാശത്തിന് കാരണമാകും.

ജില്ലയിലെ വെള്ളച്ചാട്ടങ്ങളും നിറഞ്ഞൊഴുകുകയാണ്. പഴയ കുറ്റാലം, ഐന്തരുവി, കുറ്റാലം എന്നിവയെല്ലാം ജലസമൃദ്ധമായി. കോവിഡ് രണ്ടാം തരംഗത്തിൽ അടുത്ത ജലപാതങ്ങളൊന്നും തുറന്നിട്ടില്ല. തിയറ്ററുകൾ തുറന്നിട്ടും സ്‌കൂൾ തുറക്കുമെന്നുള്ള അറിയിപ്പ് വന്നിട്ടും ടൂറിസം കേന്ദ്രങ്ങളുടെ കാര്യത്തിൽ മാത്രം ഇതുവരെ തീരുമാനമുണ്ടായിട്ടില്ല.