- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീവ്രമാകാൻ സാധ്യത ഉള്ളതിനാൽ സംസഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; കക്കി, ഇടമലയാർ, ബാണാസുര സാഗർ ഡാമുകളുടെ ഷട്ടറുകൾ ഇന്ന് തുറക്കും; കേരള- കർണാടക തീരങ്ങളിൽ വ്യാഴാഴ്‌ച്ച വരെ മത്സ്യബന്ധന വിലക്ക്; പെരിയാർ തീരത്ത് കനത്ത ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്‌ച്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ വിവിധ മേഖലകളിൽ ജാഗ്രതാ നിർദ്ദേശമുണ്ട്. 9 ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീവ്രമാകാൻ സാധ്യതയുണ്ടെന്നും കിഴക്കൻ മേഖലകളിൽ കൂടുതൽ മഴ പെയ്യുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേരള ലക്ഷദ്വീപ് തീരങ്ങളിൽ ബുധനാഴ്ച വരെയും കർണാടക തീരങ്ങളിൽ വ്യാഴാഴ്ച വരെയും മത്സ്യബന്ധനം വിലക്കി.
അതേസമയം ഇടുക്കി ഡാമിന്റെ 3 ഷട്ടറുകൾ ഇന്നലെ തുറന്നു. സെക്കൻഡിൽ ഒരു ലക്ഷം ലീറ്റർ വീതം വെള്ളമാണു ഒഴുക്കുന്നത്. നിലവിലെ ജലനിരപ്പ് 2384.46 അടി. ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കിആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്നു 11ന് തുറക്കും. ഇടമലയാർ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. നാളെ രാവിലെ 10നു ഡാം തുറക്കും. കഴിഞ്ഞ ദിവസങ്ങളിൽ വലിയ മഴ ലഭിച്ച പ്രദേശങ്ങളിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത നിലനിൽക്കുന്നതിനാൽ മലയോര മേഖലയിൽ ജാഗ്രത തുടരണം.
വയനാട് ബാണാസുര സാഗർ അണക്കെട്ടിലെ ജലനിരപ്പ് അപ്പർ റൂൾ ലെവൽ ആയ 774 മീറ്ററിൽ ജലനിരപ്പ് എത്തിയ സാഹചര്യത്തിൽ തിങ്കളാഴ്ച രാവിലെ 8 മണിക്ക് അണക്കെട്ടിന്റെ ഷട്ടർ 10 സെന്റിമീറ്റർ തുറക്കുമെന്ന് വയനാട് ജില്ലാ കലക്ടർ അറിയിച്ചു. ഇടുക്കിക്ക് പിന്നാലെ ഇടമലയാർ അണക്കെട്ടും തുറക്കുന്ന സാഹചര്യത്തിൽ പെരിയാർ തീരത്ത് ശക്തമായ ജാഗ്രത പുലർത്താൻ ജില്ലാ കലക്ടർ ഡോ. രേണു രാജ് വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകി.
ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ ഷട്ടർ തുറന്ന് 50 മുതൽ 100 ക്യൂമെക്‌സ് വരെ ജലം തുറന്നു വിടുന്നതിനാണ് ഇടമലയാർ അണക്കെട്ടിന്റെ ചുമതല വഹിക്കുന്ന വൈദ്യുതി ബോർഡിന് അനുമതി നൽകിയിട്ടുള്ളത്. ഇതുമൂലം പെരിയാറിലെ ജലനിരപ്പിൽ ഗണ്യമായ വ്യതിയാനം പ്രതീക്ഷിക്കുന്നില്ല. എങ്കിലും ദുരന്ത നിവാരണ അഥോറിറ്റിയുടെ ഓറഞ്ച് ബുക്ക് പ്രകാരമുള്ള എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിക്കും.
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ മുൻകരുതലെന്ന നിലയിൽ നടപടി സ്വീകരിക്കണമെന്ന് സിയാൽ അധികൃതർക്കും കലക്ടർ കത്തു നൽകി. ജില്ലയിലെ ജനപ്രതിനിധികൾ, വിവിധ വകുപ്പ് മേധാവികൾ, പെരിയാർ തീരത്തെ തദ്ദേശ സ്ഥാപനങ്ങൾ എന്നിവർക്കും ഇതു സംബന്ധിച്ച അറിയിപ്പുകൾ കൈമാറിയിട്ടുണ്ട്.
ജില്ലാ അടിയന്തര ഘട്ട കാര്യനിർവഹണ കേന്ദ്രത്തി(ഡിഇഒസി)നാണ് പ്രവർത്തനങ്ങളുടെ ഏകോപനച്ചുമതല. പെരിയാറിലെ ജലനിരപ്പ് ജലസേചന വകുപ്പ് 24 മണിക്കൂറും നിരീക്ഷിക്കും. ശക്തമായ നീരൊഴുക്കുണ്ടാകുന്ന സ്ഥലങ്ങളിൽ പുഴ മുറിച്ചു കടക്കുന്നതും പുഴയിൽ മീൻ പിടിക്കുന്നതും നിരോധിച്ചു. ഈ സമയം പുഴകളിലും കൈ വഴികളിലും കുളിക്കാനോ തുണിയലക്കാനോ പാടില്ല. ജലമൊഴുകുന്ന മേഖലകളിൽ വിനോദ സഞ്ചാരവും നിരോധിച്ചു.
പെരിയാർ തീരത്തുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മൈക്ക് അനൗൺസ്‌മെന്റ് മുഖേന പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകും. പ്രശ്‌ന സാധ്യതയുള്ള മേഖലകളിലെ താമസക്കാരെ ആവശ്യമുള്ള പക്ഷം ക്യാംപുകളിലേക്കു മാറ്റും. റവന്യു, പഞ്ചായത്ത്, നഗരസഭ അധികൃതർക്കാണ് ഇതിന്റെ ചുമതല. മഴ മാറി നിൽക്കുകയും നദിയിലെ ജലനിരപ്പ് താഴുകയും ചെയ്യുന്നതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. സാഹചര്യങ്ങളിലുണ്ടാകുന്ന മാറ്റത്തിനനുസരിച്ച് കൃത്യമായി നിർദ്ദേശങ്ങൾ ലഭിക്കും. ഇവ പാലിക്കണമെന്ന് കലക്ടർ അഭ്യർത്ഥിച്ചു.
അതേസമയം, മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നിലവിൽ തുറന്നിരിക്കുന്ന 10 ഷട്ടറുകളിൽ മൂന്നെണ്ണം കൂടുതൽ ഉയർത്തി. മൂന്നു ഷട്ടറുകൾ 50 സെന്റീമീറ്റർ വീതമാണ് അധികമായി ഉയർത്തിയത്. ആകെ 2754 ക്യുസെക്‌സ് ജലം പുറത്തുവിടുന്നുണ്ടെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചു. അണക്കെട്ടിലെ നീരൊഴുക്ക് ശക്തമാണ്. സെക്കൻഡിൽ 4131 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
അവധി ഇന്ന്
കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ ദേവികുളം, പീരുമേട് താലൂക്കുകളിലെയും ഉടുമ്പൻചോല താലൂക്കിലെ ബൈസൺവാലി, ചിന്നക്കനാൽ പഞ്ചായത്തുകളിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നു കലക്ടർ അവധി പ്രഖ്യാപിച്ചു.
യെലോ അലർട്ട്
ഇന്ന് കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
നാളെ കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
ബുധൻ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
വ്യാഴം മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
മറുനാടന് മലയാളി ബ്യൂറോ