- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇടിയോടുള്ള കനത്തമഴക്ക് സാധ്യത; മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയേക്കും; പത്തനംതിട്ടയിൽ ഇന്നലെ തുടങ്ങിയ കനത്ത മഴ തുടരുന്നു; മൂന്നിടത്ത് ഉരുൾപൊട്ടി, അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഇടിയോടുള്ള കനത്തമഴയ്ക്കും കാറ്റിനും സാധ്യത. കേന്ദ്ര കാലാവാസ്ഥവകുപ്പാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിലാണ് ഇടിയോട് കൂടിയ മഴയ്ക്കും കാറ്റിനും മുന്നറിയിപ്പുള്ളത്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
മധ്യ, തെക്കൻ കേരളത്തിൽ കൂടുതൽ മഴ പെയ്യും. ഉച്ചയ്ക്ക് ശേഷം വടക്കൻ കേരളത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. കുറഞ്ഞ സമയത്തിനുള്ള കൂടുതൽ മഴ ലഭിക്കുന്ന തരത്തിലാകം ഇന്നും മഴ. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികൾ ഇന്നും കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
അതെ സമയം കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ വീണ്ടും കനത്ത മഴപെയ്യുകയാണ്. ശബരിഗിരിയുടെ വൃഷ്ഠിപ്രദേശങ്ങളിലും വനമേഖലയിലും അടക്കം പത്തനംതിട്ടയുടെ മലയോര പ്രദേശങ്ങളിൽ ശനിയാഴ്ച വൈകീട്ട് ആരംഭിച്ച മഴയെത്തുടർന്ന് ആങ്ങമൂഴിയിൽ മൂന്നിടത്ത് ഉരുൾപൊട്ടി. പ്ലാപ്പള്ളി വനത്തിലും തേവർമല വനമേഖലയിലും കുറുമ്പന്മൂഴി മണക്കയത്തുമാണ് ശനിയാഴ്ച വൈകീട്ട് അഞ്ചോടെ ഉരുൾ പൊട്ടൽ ഉണ്ടായത്.
മലവെള്ളപ്പാച്ചിലിൽ കോട്ടമൺപാറ ലക്ഷ്മീഭവനിൽ സഞ്ജയന്റെ വീട്ടുമുറ്റത്ത് കിടന്ന കാർ ഒഴുകിപ്പോയി. പുകപ്പുരയും ഷീറ്റുപുരയിലെ റബർ റോളറും മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. പ്രളയ ഭീഷണി ഒഴിഞ്ഞ് ജില്ലയിലെ മൂന്ന് നദികളിലും ജലനിരപ്പ് കാര്യമായി കുറഞ്ഞിരുന്നു. പമ്പ ഡാമിന്റെ ഷട്ടറുകൾ അടച്ചു. കക്കിയിലെ ഷട്ടറുകൾ താഴ്ത്തുകയും ചെയ്തു. ഇതിനുപിന്നാലെയാണ് വീണ്ടും ശക്തമായ മഴയും ഉരുൾ പൊട്ടലും ഉണ്ടായത്. ശനിയാഴ്ച രാത്രിയും പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത മഴ പെയ്യുകയാണ്.
മുണ്ടക്കയത്ത് ആശങ്ക സൃഷ്ടിച്ച് മണിക്കൂറുകളോളം നീണ്ടുനിന്ന മഴയിൽ വണ്ടൻപതാൽ ഭാഗത്ത് മലവെള്ളപ്പാച്ചിലിൽ നിരവധി വീടുകളിൽ വെള്ളംകയറി വ്യാപക നാശമുണ്ട്. ശനിയാഴ്ച വൈകീട്ട് നാലോടെ ആരംഭിച്ച മഴയാണ് മണിക്കൂറുകളോളം നീണ്ടത്. കൂപ്പുഭാഗത്ത് മല്ലപ്പള്ളി ലെയിനിൽനിന്നുണ്ടായ മഴവെള്ളപ്പാച്ചിലിൽ കല്ലും മണ്ണും ഒഴുകിവന്ന് വൻ നാശം വിതച്ചു. മല്ലപ്പള്ളി കോളനി ഭാഗത്ത് ഉരുൾ പൊട്ടലുണ്ടായതായി പറയുന്നു.
ഇടുക്കി ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ ശനിയാഴ്ച ഉച്ചയോടെയാണ് കനത്ത മഴ പെയ്തത്. തൊടുപുഴ നഗരത്തിൽ വിവിധയിടങ്ങളിൽ വെള്ളം പൊങ്ങി. വീടുകളിലും കടകളിലും വെള്ളം കയറി. പ്രധാന റോഡുകളിലടക്കം പലയിടങ്ങളിലും അരമണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി. തൊടുപുഴയിൽനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് വീടുകളിൽനിന്ന് ആളുകളെ മാറ്റിയത്.
സംസ്ഥാനത്ത് 27 വരെ ഇടിമിന്നലോടെ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏറ്റവും ശക്തമായ മഴ പ്രതീക്ഷിക്കുന്ന 26-ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നാളെ 11 ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് നാളെ മഴ മുന്നറിയിപ്പ്.
അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയിലേക്ക് ഉയരുകയാണ്. 136.8 അടിയാണ് നിലവിലെ ജലനിരപ്പ്. നിലവിൽ 5650 ഘനയടി വെള്ളമാണ് ഓരോ സെക്കന്റിലും ഡാമിലേക്ക് ഒഴുകിയെത്തുന്നത്. 142 അടിയാണ് ഡാമിന് താങ്ങാവുന്ന പരമാവധി സംഭരണ ശേഷി. ഇടുക്കി ഡാമിലെ നിലവിലെ ജലനിരപ്പ് 2398.26 അടിയാണ്.
മറുനാടന് മലയാളി ബ്യൂറോ