ചെന്നൈ: ചെന്നൈ നഗരത്തിൽ ശനിയാഴ്ച രാത്രി മുതൽ അതിശക്തമായ മഴ. ഞായറാഴ്ചയും മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. നുങ്കമ്പാക്കത്താണ് ഏറ്റവുമധികം മഴ ലഭിച്ചത് 21.5 സെന്റീമീറ്റർ. ചെന്നൈ വിമാനത്താവളത്തിൽ 11.3 സെന്റീമീറ്റർ മഴ ലഭിച്ചു.2015 ലുണ്ടായ പ്രളയത്തിനുശേഷം 24 മണിക്കൂറിനിടെ ചെന്നൈയിൽ ഇത്രയധികം മഴ പെയ്യുന്നത് ആദ്യമായാണെന്ന് വിദഗ്ദ്ധർ പറയുന്നു. നഗരത്തിന്റെ പലഭാഗത്തും ഇതിനകം വെള്ളം കയറിക്കഴിഞ്ഞു. മഴ തുടർന്നാൽ സ്ഥിതി ഗുരുതരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

മൂന്നു ദിവസത്തേക്ക് ചെന്നൈ നഗരത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചെങ്കൽപ്പെട്ട്, തിരുവല്ലൂർ, കാഞ്ജീപുരം, മധുരയ് എന്നീ ജില്ലകളിൽ ദേശീയ ദുരന്ത നിവാരണം അഥോറിറ്റി പ്രവർത്തനം തുടങ്ങി. ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയിൽ ചെന്നൈ നഗരത്തിന്റെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ചെന്നൈയിലെ വെള്ളക്കെട്ടിലായിരിക്കുന്ന താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റുകയാണ്.

മഴ ശക്തമായതിന് പിന്നാലെ താഴ്ന്ന പ്രദേശങ്ങൽ വെള്ളക്കെട്ടിലായതോടെ അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഈ പ്രദേശങ്ങളിൽ പ്രളയമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൂന്ന് ജലസംഭരണികളിൽ നിന്ന് ഉച്ചയോടെ വെള്ളം തുറന്നുവിടും. അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷകൻ പ്രദീപ് ജോൺ ട്വീറ്റ് ചെയ്തു.

രാത്രി എട്ടര മുതൽ പുലർച്ചെ അഞ്ച് മണി വരെ 14 സെന്റിമീറ്റർ മഴയാണ് നഗരത്തിൽ ലഭിച്ചത്. വേലച്ചേരി, ഗിണ്ടി, മൗണ്ട് റോഡ്, ഓമന്തുരാർ ആശുപത്രി തുടങ്ങി നിരവധി ഇടങ്ങളിൽ റോഡുകളിൽ വെള്ളം കയറി. പരമാവധി സംഭരണ ശേഷി എത്തിയതിനെ തുടർന്ന്
പുഴൽ, ചെമ്പരമ്പാക്കം അണക്കെട്ടുകളുടെ ഷട്ടർ തുറന്നു. 500 ക്യു സെക്‌സ് വെള്ളമാണ് ഒഴുക്കി കളയുന്നത്.ഇതിന്റെ പശ്ചാത്തലത്തിൽ തടാകക്കരയിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരോട് സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും നിർദേശിച്ചിട്ടുണ്ട്.

നുൻഗംബക്കത്ത് 20.8 സെന്റീ മീറ്ററും മീനംബക്കത്ത് 9.4 സെന്റീമീറ്ററും എന്നോറിൽ 8 സെന്റീ മീറ്ററുമാണ് ഞായറാഴ്ച എട്ടുവരെ മഴ പെയ്തത്. കനത്ത മഴയെ തുടർന്ന് നിരവധി തെരുവുകളും സമീപ്രദേശങ്ങളും വെള്ളത്തിനടിയിലായി. ടി നഗർ, വ്യസർപടി, റോയപേട്ട, അടയാർ തുടങ്ങിയ നഗരത്തിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്.കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കലക്ടർമാർക്ക് നിർദ്ദേശം നൽകി.