- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോപ്പുലർ ഫിനാൻസ് റോയി ആരാന്റെ സ്വർണം കൊണ്ട് കോടികൾ വെട്ടിച്ച് ഉണ്ടാക്കിയപ്പോൾ പാപ്പരെന്ന് അഭിനയിച്ച ഹീര ബാബുവിന്റെ കുതന്ത്രം സ്വന്തം ലോൺ തുക ഫ്ളാറ്റ് ഉടമകളെ പറ്റിച്ച് പിരിച്ചെടുക്കൽ; തലസ്ഥാനത്തെ ശാസ്തമംഗലം ഹീര സ്വിസ് ടൗൺ പ്രോജക്റ്റിലെ ഉടമകൾ ഫ്ളാറ്റുകൾ സ്വന്തം പേരിലാക്കാൻ കഴിയാതെ വെള്ളം കുടിക്കുന്നു; ജപ്തിമുക്തമെന്ന് കെഎഫ്സി സർട്ടിഫൈ ചെയ്ത ബ്ലോക്ക് പോലും പോക്കുവരവ് ചെയ്തുകൊടുക്കാതെ റവന്യു വകുപ്പും
തിരുവനന്തപുരം: ഹീര ശാസ്തമംഗലം സ്വിസ്സ് ടൗൺ പ്രോജക്ടിലെ സിബ്ലോക്ക് സമുച്ചയത്തിനു മേൽ കെഎഫ്സിയുടെ ജപ്തി നടപടികളില്ല. ഇല്ലാത്ത ജപ്തി നടപടിയുടെ കാരണം ചൂണ്ടിക്കാട്ടി പോക്കുവരവ് ചെയ്തു കൊടുക്കാൻ വില്ലേജ് ഓഫീസർ തടസം നിൽക്കുന്നത് കാരണം എഴുപതിൽ അധികമുള്ള ഫ്ളാറ്റ് ഉടമകളിൽ 60 ഓളം പേരും കണ്ണീരു കുടിക്കുകയാണ്. കെഎഫ്സി-ഹീര-വില്ലേജ് ഓഫീസർ--റവന്യൂ വിഭാഗം ഡെപ്യൂട്ടി തഹസിൽദാർ-ഫ്ളാറ്റ് അസോസിയേഷൻ എന്നിവർ അടങ്ങിയ ഒരു കോക്കസ് ആണ് ഫ്ളാറ്റ് ഉടമകളെ കണ്ണീരു കുടിപ്പിക്കുന്നത്. സി ബ്ലോക്ക് സമുച്ചയത്തിൽ ലോൺ ഇല്ലെന്നു കെഎഫ്സി തന്നെ സർട്ടിഫൈ ചെയ്ത് നൽകിയിട്ടുണ്ട്. ഈ സർട്ടിഫിക്കറ്റിന്റെ ബലത്തിൽ പോക്കുവരവ് ചെയ്ത് നൽകാൻ ആവശ്യപ്പെട്ടു ശാസ്തമംഗലം വില്ലേജ് ഓഫീസറെ സമീപിച്ചപ്പോൾ ദുരനുഭവമാണ് ഫ്ളാറ്റ് ഉടമകൾക്ക് നേരിട്ടത്.
രണ്ടു ഫ്ളാറ്റ് സമുച്ചയത്തിന്റെ പേരിലുള്ള ലോൺ ലോൺ സി ബ്ലോക്കിന് ബാധകമല്ലെന്നുള്ള കെഎഫ്സിയുടെ സർട്ടിഫിക്കറ്റ് കാണിച്ചിട്ടും ഇല്ലാത്ത ജപ്തിയുടെ പേരിൽ പോക്കുവരവ് ചെയ്ത് നൽകാൻ വില്ലേജ് ഓഫീസർ തയ്യാറായില്ല. ഇത് കാരണം ലക്ഷങ്ങൾ മുടക്കി ഫ്ളാറ്റ് വാങ്ങിയിട്ടും സ്വന്തമാക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഫ്ളാറ്റ് ഉടമകൾ. ഹീര തിരിച്ചടയ്ക്കാനുള്ള ലോണിന്റെ വിഹിതം ഈ സമുച്ചയത്തിലെ ഉടമകളിൽ നിന്ന് ഫ്ളാറ്റ് അസോസിയേഷന് വാങ്ങേണ്ടതുണ്ട്. അസോസിയേഷൻ നേതാക്കൾ വില്ലേജ് ഓഫീസിലും റവന്യൂ വിഭാഗം ഡെപ്യൂട്ടി തഹസിൽദാരിലും ചെലുത്തുന്ന അനധികൃത സ്വാധീനം കാരണമാണ് സിബ്ലോക്ക് സമുച്ചയത്തിലെ പോക്കുവരവ് നടക്കാത്തത് എന്നാണ് ഉയരുന്ന ആരോപണം. വർഷങ്ങൾക്ക് മുൻപേ ഈ സമുച്ചയത്തിൽ ഫ്ളാറ്റ് വാങ്ങിയവരാണ് ഇപ്പോഴും ഫ്ളാറ്റ് സ്വന്തമാക്കാൻ കഴിയാത്ത അവസ്ഥയിൽ തുടരുന്നത്. ലോൺ ഇല്ലാത്തതിനാൽ പത്തിലധികം പേർക്ക് ശാസ്തമംഗലം വില്ലേജ് ഓഫീസിൽ നിന്ന് തന്നെ പോക്കുവരവ് ചെയ്തു കൊടുത്തിട്ടുണ്ട്. എന്തുകൊണ്ടാണ് ഒരേ കാര്യത്തിന് രണ്ടു നീതി എന്ന ചോദ്യത്തിനാണ് ഫ്ളാറ്റ് ഉടമകൾക്ക് ഉത്തരം ലഭിക്കാത്തത്.
മൂന്നു സമുച്ചയത്തിലെ രണ്ടു ഫ്ളാറ്റ് സമുച്ചയത്തിലാണ് കെഎഫ്സി ഹീരയ്ക്ക് തെറ്റായ രീതിയിൽ ലോൺ നൽകിയത്. മറ്റു ബാങ്കുകളുടെ ലോൺ നിലനിൽക്കുമ്പോഴാണ് നിയമങ്ങൾ മറികടന്നു രണ്ടു അപ്പാർട്ട്മെന്റ് സമുച്ചയം ഒന്നാകെയുള്ള ഈടിന്മേൽ കെഎഫ്സി ഇരുപത് കോടി രൂപ ഹീരയ്ക്ക് ലോൺ അനുവദിക്കുന്നത്. ഹീരയ്ക്ക് ഈ രീതിയിൽ ലോൺ എടുക്കാനോ കെഎഫ്സിക്ക് ലോൺ നൽകാനോ അനുവാദമില്ലാത്ത അവസ്ഥയിലാണ് വഞ്ചനാപരമായ ലോൺ എടുക്കൽ ഇടപാട് നടന്നിരിക്കുന്നത്. എന്നാൽ ഈ ലോൺ എടുക്കുമ്പോഴും മൂന്നാമത്തെ സമുച്ചയം ഈട് വയ്ക്കാൻ ഹീര പണയപ്പെടുത്തിയിരുന്നില്ല. രണ്ടു സമുച്ചയത്തിലെ ലോണിന്റെ കാരണം ചൂണ്ടിക്കാട്ടിയാണ് മൂന്നാമത്തെ ഫ്ളാറ്റ് സമുച്ചയത്തിലെ ഉടമകൾക്ക് ഫ്ളാറ്റുകൾ പോക്കുവരവ് ചെയ്തു നൽകാത്തത്.
പോക്ക്വരവ് ചെയ്തു നൽകാൻ ആവശ്യപ്പെട്ടു വില്ലേജ് ഓഫീസറെ സമീപിച്ചാൽ കെഎഫ്സിയെ സമീപിക്കാൻ പറയും. കെഎഫ്സിയെ സമീപിച്ചാൽ തങ്ങൾ ആദ്യമേ ഈ സമുച്ചയത്തിനു മുകളിൽ ജപ്തി നടപടിയില്ലെന്ന് സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട് എന്ന് പറയും. റവന്യൂ വിഭാഗം ഡെപ്യൂട്ടി തഹസിൽദാരെ സമീപിക്കാൻ പറയും. മൂന്നു കോടി രൂപ ലോൺ സെറ്റിൽമെന്റ് ഭാഗമായി അറുപത് ലക്ഷമാക്കിയിട്ടുണ്ട്. ഈ തുക അടച്ചാൽ തങ്ങൾ എതിര് നിൽക്കില്ല എന്ന് പറയും. മുഴുവൻ പണവും അടച്ച് ഫ്ളാറ്റ് സ്വന്തമാക്കിയവർക്കാണ് ഇല്ലാത്ത ലോണിന്റെ പേരിൽ ദുർഗതി വരുന്നത്. ഇതിനെല്ലാം ഫ്ളാറ്റ് ഉടമകൾ പഴിക്കുന്നത് ഹീര ബാബുവിന് തലസ്ഥാനത്ത് ഉള്ള സ്വാധീനത്തെയും ഹീര വഴിവിട്ടു രൂപീകരിച്ച ഫ്ളാറ്റ് അസോസിയേഷന്റെ തലപ്പത്തുള്ളവരെയുമാണ്. ഹീര നല്കാനുള്ള അറുപത് ലക്ഷം രൂപ ഫ്ളാറ്റ് സമുച്ചയത്തിലെ ഉടമകളിൽ നിന്നും പിരിവ് എടുത്ത് നൽകി അസോസിയേഷന് ഹീരയെ സഹായിക്കണം.
ഇരുനൂറിലേറെ ഫ്ളാറ്റ് ഉടമകളുണ്ട്. അതിൽ എഴുപതോളം ഫ്ളാറ്റുകൾ ഉള്ളത് മൂന്നാമത്തെ സമുച്ചയത്തിലാണ്. ഹീരയെ സഹായിക്കാൻ അറുപത് ലക്ഷം രൂപ പിരിക്കണമെങ്കിൽ ഈ സമുച്ചയത്തിലെ ഉടമകളെ കൂടി അവശ്യമുണ്ട്. ഇല്ലെങ്കിൽ ലോൺ നിലനിൽക്കുന്ന രണ്ടു ഫ്ളാറ്റ് സമുച്ചയത്തിലെഉടമകളിൽ നിന്ന് കൂടുതൽ തുക പിരിക്കേണ്ടി വരും. തങ്ങൾ നല്കെണ്ടാത്ത തുക ആയതിനാൽ ഇത് നൽകാൻ ഫ്ളാറ്റ് സമുച്ചയത്തിലെ ഉടമകൾക്ക് ശക്തമായ എതിർപ്പുണ്ട്. ഈ ഘട്ടത്തിൽ മൂന്നാമത്തെ സമുച്ചയത്തിലെ ഉടമകളെ ഒഴിവാക്കി നിർത്തിയാൽ വൻ തുക തന്നെ ഇവരിൽ നിന്ന് ഈടാക്കേണ്ടി വരും. ഇതോടെ എതിർപ്പ് കൂടും. തുക തരാൻ ഉടമകൾ തയ്യാറാകാത്ത അവസ്ഥ വരും. ഇതൊഴിവാക്കാനാണ് ഇല്ലാത്ത ലോൺ ചൂണ്ടിക്കാട്ടി അസോസിയേഷൻ ഈ ഫ്ളാറ്റ് ഉടമകളും പണം നൽകണം എന്ന് ആവശ്യപ്പെടുന്നത്. ഇതിനു ഫ്ളാറ്റ് ഉടമകൾ തയ്യറല്ല. അതിനാൽ അനധികൃത സ്വാധീനം ഉപയോഗിച്ച് ഹീരയും അസോസിയേഷൻ നേതാക്കളും പോക്ക് വരവ് മുടക്കുകയാണ് എന്നാണ് ഫ്ളാറ്റ് ഉടമകൾ മറുനാടനോട് പറയുന്നത്. പോക്ക്വരവ് ചെയ്തു നൽകാൻ തനിക്ക് മുന്നിൽ പ്രശ്നങ്ങൾ ഇല്ലെന്നാണ് വില്ലേജ് ഓഫീസർ മറുനാടനോട് പറഞ്ഞത്. എനിക്ക് ഫയൽ പഠിക്കേണ്ടതുണ്ട് എന്നും വില്ലേജ് ഓഫീസർ പറഞ്ഞു. പക്ഷെ പോക്കുവരവിനു വരുന്ന അപേക്ഷകൾ വില്ലേജ് ഓഫീസർ തള്ളിക്കളയുകയാണ്.
മറുനാടനിൽ സ്ഥിരമായി വാർത്തകൾ വന്നതിനെ തുടർന്ന് അസോസിയേഷനിലും ഭിന്നിപ്പ് വന്നിട്ടുണ്ട്. അസോസിയേഷൻ തന്നെ രണ്ടായി മാറിയാണ് പ്രവർത്തനം നടക്കുന്നത്. പരസ്പരം കുറ്റപ്പെടുത്താനും ഇവർ തുടങ്ങിയിട്ടുണ്ട്. പോക്കുവരവ് നടത്തിയാലും തുക നൽകിയില്ലെങ്കിൽ കെഎഫ്സി നിയമ നടപടികൾ സ്വീകരിക്കുമെന്നു അസോസിയേഷൻ അംഗങ്ങൾക്കിടയിൽ പ്രചാരണം നടത്തുന്നുണ്ട്. ഹീരയ്ക്ക് അടയ്ക്കേണ്ട തുക പിരിക്കാൻ വേണ്ടിയുള്ള അടവായാണ് ഫ്ളാറ്റ് ഉടമകൾ ഈ പ്രചാരണത്തെ കാണുന്നത്. ഹീര കെഎഫ്സിക്ക് അടയ്ക്കാനുള്ള തുകയിൽ കളക്ഷൻ ചാർജ് ആയ സർക്കാരിലേക്ക് അടയ്ക്കാനുള്ള തുക അടച്ചാൽ പോലും പോക്കുവരവ് നടക്കുമെന്നു -റവന്യൂ വിഭാഗം ഡെപ്യൂട്ടി തഹസിൽദാർ വ്യക്തമാക്കിയിരിക്കെ അസോസിയേഷൻ പ്രചാരണം ഫ്ളാറ്റ് ഉടമകൾ തന്നെ തള്ളിക്കളയുകയാണ്. മെയിന്റൻസ് ചാർജ് ആയി പിരിക്കുന്ന ലക്ഷങ്ങളിൽ വൻ വെട്ടി നടന്നതായി ഫ്ളാറ്റ് അംഗങ്ങൾക്കിടയിൽ സംസാരമുണ്ട്. വർഷങ്ങളായി ഇവർ വരവ്-ചെലവ് കണക്കുകൾ സമർപ്പിക്കുന്നുമില്ല. ഇതുകൊണ്ട് തന്നെ അസോസിയേഷനോട് ശക്തമായ എതിർപ്പാണ് ഫ്ളാറ്റ് ഉടമകൾക്കുള്ളത്. ജപ്തി ഇല്ലെങ്കിലും മുടന്തൻ ന്യായം പറഞ്ഞു പോക്കുവരവ് തടയാനാണ് റവന്യൂ വിഭാഗം ഡെപ്യൂട്ടി തഹസിൽദാരുടെ ശ്രമവും.
റവന്യൂ വിഭാഗത്തിന്റെ മറുപടി ഇങ്ങനെ:
അജിത പറയുന്നു: അൺഡിവൈഡഡ് പ്രോപ്പർട്ടിയാണ്. എവിടെയാണ് തങ്ങളുടെ ഫ്ളാറ്റ് എന്ന് ചൂണ്ടിക്കാണിക്കാൻ ആർക്കും കഴിയില്ല. മൂന്നാമത്തെ സമുച്ചയത്തിൽ ലോൺ ഇല്ല. പക്ഷെ എല്ലാം ഒരുമിച്ച് കിടക്കുന്നു. ചിലർക്ക് കൊടുത്തിട്ടുണ്ട്. ചിലർക്ക് കൊടുത്തിട്ടില്ല. അത് സത്യമാണ്-റവന്യൂ വിഭാഗം ഡെപ്യൂട്ടി തഹസിൽദാർ അജിത മറുനാടനോട് പറയുന്നു. സർക്കാരിനു ലഭിക്കാനുള്ള പണം തിരികെ ലഭിക്കാനുണ്ട്. ആറു ലക്ഷം കളക്ഷൻ ചാർജ് മാത്രമുണ്ട്. രണ്ടു കോടിയിലേറെ തുക ഹീര അടയ്ക്കാനുണ്ട്. അത് അത് സെറ്റിൽമെന്റിന്റെ ഭാഗമായി അറുപത് ലക്ഷമാക്കിയിട്ടുണ്ട്. 2015 നു ശേഷമാണ് റവന്യൂ റിക്കവറി നടപടികൾ തുടങ്ങിയത്. റവന്യൂ റിക്കവറി നടക്കുമ്പോൾ പോക്കുവരവ് ചെയ്യാൻ കഴിയില്ല. ആറു ലക്ഷം രൂപ കളക്ഷൻ ചാർജ് മാത്രം നൽകാനുണ്ട്. അതിൽ മൂന്നു ലക്ഷം ഹീര നൽകുകയാണെങ്കിൽ ഞങ്ങൾ അത് പോക്കുവരവ് ചെയ്ത് നൽകാം-അജിത പറയുന്നു.
വഞ്ചിതരായവർ ഹീര സ്വിസ്സ് ടൗൺ പ്രോജക്ടിലെ ഇരുനൂറിലേറെ ഫ്ളാറ്റ് ഉടമകൾ:
മൂന്നു അപ്പാർട്ട്മെന്റ് സമുച്ചയമാണ് ഹീര സ്വിസ്സ് ടൗൺ പ്രോജക്ടിലുള്ളത്. മുക്കാൽ പങ്ക് ആളുകളും ബാങ്ക് വായ്പ എടുത്ത് ഫ്ളാറ്റ് വാങ്ങിയവരാണ്. ഇരുനൂറോളം ഫ്ളാറ്റുകൾ ഉള്ള സമുച്ചയമാണിത്. മിക്കവരും വർഷങ്ങൾക്ക് മുൻപ് തന്നെ താമസം തുടങ്ങുകയും ലോൺ അടച്ച് തീർക്കുകയും ചെയ്തു. പക്ഷെ ഇപ്പോഴും പലർക്കും ഫ്ളാറ്റുകൾ ഹീര പോക്കുവരവ് ചെയ്തുകൊടുത്തിട്ടില്ല. 2004 ഓടെ പണി തുടങ്ങുകയും 2013 ഓടെ പണി തീർക്കുകയും ചെയ്ത ഫ്ളാറ്റ് സമുച്ചയത്തിൽ നിന്നും ഫ്ളാറ്റുകൾ വിലയ്ക്ക് വാങ്ങിയവരാണ് ഹീരയുടെ ചതി കാരണം പെട്ടിരിക്കുന്നത്. ഫ്ളാറ്റ് ഉടമകൾ അറിയാതെ ഈ ഫ്ളാറ്റ് സമുച്ചയം വെച്ച് ഹീര ബിൽഡേഴ്സ് 20 കോടി രൂപ കേരള ഫിനാൻഷ്യൽ കോർപറേഷനിൽ നിന്ന് ലോൺ എടുത്തതാണ് ഫ്ളാറ്റ് ഉടമകൾക്ക് വിനയായത്. ലോൺ എടുത്തെങ്കിലും 2014 മുതൽ ഹീര അടവ് മുടക്കിയതോടെ റവന്യൂ റിക്കവറി നടപടികൾ വന്നു. ലോൺ തുകയിൽ തിരിച്ചടയ്ക്കേണ്ട തുകയിൽ മൂന്നു കോടിയാണ് ഹീര ബാക്കി വെച്ചത്. ഇതോടെ പോക്കുവരവ് ചെയ്തു കൊടുക്കാൻ കഴിയാത്ത അവസ്ഥ വന്നു. ഇതിന്നിടയിൽ ഹീര പാപ്പരാവുകയും ചെയ്തു.
ഹീരയുടെ ചെയ്തികളിൽ വലഞ്ഞത് മുഴുവൻ തുകയും നൽകി ഫ്ളാറ്റ് സ്വന്തമാക്കിയവരാണ്. വിവിധ ബാങ്കുകളിൽ നിന്നുള്ള ലോണുകൾ ഫ്ളാറ്റിനു ഉണ്ടായിരിക്കെ ഈ ഫ്ളാറ്റ് സമുച്ചയം വെച്ച് ലോൺ എടുക്കാൻ ഹീര ബാബുവിന് കഴിയില്ല. എന്നിട്ടും ഇരുപത് കോടിയോളമുള്ള വൻ തുക ഹീര നേടി എന്നത് വിളിച്ചു പറയുന്നത് സാമ്പത്തിക തട്ടിപ്പ് കഥ തന്നെയാണ്. ഫ്ളാറ്റുകൾക്ക് വിവിധ ബാങ്കുകളിൽ നിന്ന് ലോൺ ഉണ്ടെന്ന തിരിച്ചറിവുള്ള കെഎഫ്സി തന്നെ ഇരുപത് കോടി നൽകി ഹീരയുടെ ചതിക്ക് കൂട്ട് നിന്നതോടെയാണ് ഫ്ളാറ്റ് ഉടമകൾ ചതിയിൽ അകപ്പെടാൻ ഇടയായത്.
പോക്കുവരവിന് തടസം റവന്യൂ റിക്കവറി
പോക്കുവരവ് ചെയ്യാത്തതിനാൽ ഫ്ളാറ്റുകൾ സ്വന്തം പേരിലേക്ക് മാറ്റാൻ താമസം തുടങ്ങി വർഷങ്ങൾക്ക് ശേഷവും മിക്ക ഫ്ളാറ്റ് ഉടമകൾക്കും കഴിഞ്ഞിട്ടില്ല. കെഎഫ്സിയുടെ ലോൺ റിക്കവറി നടപടികൾ തുടരുന്നതിനാൽ രജിസ്ട്രേഷൻ വകുപ്പ് ഫ്ളാറ്റുകൾ പോക്കുവരവ് ചെയ്തുകൊടുക്കാൻ തയ്യാറല്ല. രേഖകൾ അസോസിയേഷന് കൈമാറാൻ ഹീര ബാബുവും തയ്യാറല്ല. ഇതോടെ സംജാതമായ പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്. ഹീരയുടെ മുഴുനീള ഫ്ളാറ്റ് തട്ടിപ്പ് ചതികളിൽ ഒന്നായി മാറുകയാണ് ഹീര സ്വിസ്സ് ടൗൺ പ്രോജക്ടും.
മൂന്നു കോടിയോളം രൂപ ലോൺ അടവ് വന്നപ്പോൾ കെഎഫ്സി ഫ്ളാറ്റ് സമുച്ചയത്തിൽ റിക്കവറി നോട്ടീസ് പതിച്ചു. തങ്ങൾ ലോൺ എടുത്ത് വാങ്ങി സ്വന്തമാക്കിയ ഫ്ളാറ്റുകളിൽ റവന്യൂ റിക്കവറി നോട്ടീസ് വന്നത് ഫ്ളാറ്റ് ഉടമകളെ ഞെട്ടിച്ചു. ഇതിന്റെ പിന്നാമ്പുറം തിരഞ്ഞു പോയപ്പോഴാണ് ഹീര സ്വിസ് ടൗൺ ഈട് വെച്ച് ഹീര ബാബു 20 കോടി എടുത്ത കാര്യം ഫ്ളാറ്റ് ഉടമകൾ അറിയുന്നത്. ഇതോടെ പലരും അങ്കലാപ്പിലായി. പല ഫ്ളാറ്റുകളും ഉടമകളുടെ പേരിൽ പോക്കുവരവ് ചെയ്യാനും ഹീര തയ്യാറാകാത്തിരുന്നതും പിന്നിലും കെഎഫ്സി വഴി ഹീര നടത്തിയ ചതിയാണെന്നു അപ്പോഴാണ് മിക്കവരും തിരിച്ചറിയുന്നത്. കെഎഫ്സി അധികൃതരെ ഫ്ളാറ്റ് ഉടമകൾ അസോസിയേഷൻ വഴി ബന്ധപ്പെട്ടെങ്കിലും കെഎഫ്സി വഴങ്ങിയില്ല.
റവന്യൂ റിക്കവറി നടപടികൾ ഒഴിവാക്കാൻ ഒന്നുകിൽ ഹീര ബാബു മൂന്നു കോടിയോളം തിരികെ അടയ്ക്കുക. അല്ലെങ്കിൽ ഫ്ളാറ്റ് ഉടമകൾ അടയ്ക്കുക. ഇതോടെ ഫ്ളാറ്റ് ഉടമകൾ അങ്കലാപ്പിലായി. അസോസിയേഷനിൽ ചർച്ച വന്നെങ്കിലും കാര്യമായ പരിഹാരം ഉരുത്തിരിഞ്ഞില്ല. ഇതിന്നിടയിലാണ് ഹീരയുടെ തകർച്ചയുടെ പൂർണ കഥകൾ പുറത്ത് വരുന്നത്. ഇതോടെ ഒറ്റത്തവണ കുടിശിക എന്ന പരിഹാരവുമായി കെഎഫ്സി രംഗത്ത് വന്നു. 60 ലക്ഷം രൂപ അടയ്ക്കാനാണ് കെഎഫ്സി ആവശ്യപ്പെട്ടത്. ഇത് അസോസിയേഷൻ യോഗത്തിൽ ചർച്ച ചെയ്തപ്പോൾ മുഴുവൻ തുകയും തങ്ങൾ അടയ്ക്കാം എന്ന നിർദ്ദേശമാണ് അസോസിയേഷൻ അംഗങ്ങളിൽ ചിലർ മുന്നോട്ടു വെച്ചത്. ഫ്ളാറ്റുകൾ പണി തീരുമ്പോൾ മുറപ്രകാരം ബിൽഡർ രൂപീകരിക്കേണ്ട രീതിയിലുള്ള അസോസിയേഷൻ അല്ല ഹീര സ്വിസ്സ് ടൗൺ പ്രോജക്ടിൽ ഉള്ളത്.
അസോസിയേഷൻ തലപ്പത്ത് മിക്കവരും ഹീരയുടെ ആളുകൾ തന്നെയാണ്. പലരും ഫ്ളാറ്റ് ഉടമകൾ പോലുമില്ല. മകളുടെയും ബന്ധുക്കളുടെയും ഉള്ള ഫ്ളാറ്റുകളിൽ താമസിക്കുന്നവരാണ് അസോസിയേഷൻ ഭാരവാഹികൾ എന്നാണ് ഫ്ളാറ്റ് ഉടമകൾ തന്നെ മറുനാടനോട് പറഞ്ഞത്. ഇതുകൊണ്ട് തന്നെ ഫ്ളാറ്റ് ഉടമകളുടെ നിർദ്ദേശം പലരും തള്ളിക്കളഞ്ഞു. ഹീര ബാബു തങ്ങൾ അറിയാതെ ഫ്ളാറ്റ് സമുച്ചയം വെച്ച് ലോൺ എടുത്ത് തിരികെ അടക്കാതിരുന്നാൽ അത് അടയ്ക്കാനുള്ള ബാധ്യത എങ്ങനെയാണ് തങ്ങളുടെ തലയിൽ വരുന്നത് എന്നാണ് പലരും തിരിച്ചു ചോദിച്ചത്. ഇതോടെ അസോസിയേഷനും പിൻവലിഞ്ഞു. ഈ ലോൺ അടച്ചാൽ തന്നെ ഫ്ളാറ്റുകൾ സ്വന്തം പേരിലേക്ക് പോക്കുവരവ് ചെയ്യാനുള്ള രേഖകൾ ഹീര ബാബു നൽകും എന്നുള്ളതിന് എന്ത് എന്ത് ഉറപ്പാണ് എന്ന് ചോദിച്ചപ്പോൾ അതിനും ഒരു മറുപടി അസോസിയേഷന് നൽകാനും കഴിഞ്ഞില്ല. ഇപ്പോൾ പല ഫ്ളാറ്റ് ഉടമകളും എന്ത് ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിൽ ഉഴറുകയാണ്.
സാധാരണ ഗതിയിൽ ഫ്ളാറ്റ് സമുച്ചയം വെച്ച് ലോൺ എടുക്കാൻ ബിൽഡേഴ്സിന് കഴിയില്ല. ഫ്ളാറ്റുകൾക്ക് വേണ്ടി ഫ്ളാറ്റ് ഉടമകൾ ഓരോരുത്തരും ലോൺ എടുത്തതിനാൽ കെഎഫ്സിക്ക് ലോൺ കൊടുക്കാൻ കഴിയില്ല. ഹീര ലോൺ എടുക്കുന്ന സമയത്ത് കെഎഫ്സിയുടെ തലപ്പത്തുള്ളവർക്ക് ഫ്ളാറ്റുകൾ അനുവദിച്ച് നൽകിയിട്ടുണ്ട് എന്നാണ് ഫ്ളാറ്റ് ഉടമകളിൽ നിന്ന് തന്നെയുള്ള സംസാരം. മിക്കവരും ലോൺ എസ്ബിഐയിൽ നിന്നും എടുത്തിട്ടുണ്ട്. എസ്ബിഐ കൂടി അറിഞ്ഞാണ് ഹീര ബാബു അന്ന് ഈ കളികൾ കളിച്ചത് എന്ന സംശയവും ഫ്ളാറ്റ് ഉടമകൾക്കുണ്ട്. എസ്ബിഐ ഇത് എതിർക്കേണ്ടതായിരുന്നു. പക്ഷെ എസ്ബിഐ എതിർത്തില്ല. അത് എന്തുകൊണ്ട് എന്ന ചോദ്യമാണ് ഫ്ളാറ്റ് ഉടമകൾ ഉയർത്തുന്നത്. ഹീരയുടെ സാമ്പത്തിക തട്ടിപ്പിന് സർക്കാർ സ്ഥാപനമായ കെഎഫ്സിയും കൂട്ട് നിന്നു എന്നു പലർക്കും മനസിലായി. ഇതോടെയാണ് കെഎഫ്സിയും ഹീര ബാബുവും ചേർന്ന് നടത്തിയ ചതിയിൽ തങ്ങൾ അകപ്പെട്ടിരിക്കുന്നുവെന്ന് ഫ്ളാറ്റ് ഉടമകൾ മനസിലാക്കിയത്. അസോസിയേഷൻ ഹൈക്കോടതിയിൽ ഈ കാര്യത്തിൽ റിട്ട് ഫയൽ ചെയ്തിട്ടുണ്ട്. പക്ഷെ ഇതും സംശയ ദൃഷ്ടിയിലാണ് മിക്ക ഫ്ളാറ്റ് ഉടമകളും വീക്ഷിക്കുന്നത്.
സാമ്പത്തിക തട്ടിപ്പിന്നെതിരെ ഹീര ബാബുവിനെതിരെ കേസ് നൽകണം എന്നാണ് ഫ്ളാറ്റ് ഉടമകൾ അസോസിയേഷനിൽ ആവശ്യപ്പെട്ടത്. അതിനും അസോസിയെഷൻ തയ്യാറായിട്ടില്ല. പകരം കേസിൽ ബാബുവിനെ കേസിൽ കക്ഷി ചേർക്കുകയാണ് ചെയ്തത്. ഇപ്പോൾ കൊടുത്ത റിട്ട് പെറ്റീഷനിൽ പോലും ബാബുവുമായി ഒത്തുചേർന്നു ബാബുവിന്റെ വക്കീലിനെ ആണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതുകൊണ്ട് തന്നെ അസോസിയേഷനെ വിശ്വാസത്തിൽ എടുക്കാൻ ഫ്ളാറ്റ് ഉടമകൾ തയ്യാറായിട്ടില്ല. ഹീരയുടെ തട്ടിപ്പിൽ കുടുങ്ങിയ എം.കെ.എം.കുട്ടി മുംബൈയിൽ നിന്ന് മറുനാടനോട് പ്രതികരിച്ചതും ഹീര ബാബുവിന്റെ തട്ടിപ്പുകൾ ചൂണ്ടിക്കാട്ടിയാണ്.
സർവ സ്ഥലത്തും ഹീരയുടെ ആളുകൾ; എല്ലാം ഹീര സാമ്പത്തിക തട്ടിപ്പിനുപയോഗിച്ചു: എം.കെ.എം.കുട്ടി
ഞാൻ മുംബൈയിലാണ് താമസം. ഹീരയുടെ സ്വിസ്സ് ടൗൺ എന്ന ഫ്ളാറ്റ് സമുച്ചയ പരസ്യം കണ്ടു 2009ലാണ് ഫ്ളാറ്റ് ഞാൻ വാങ്ങുന്നത്. ലോൺ എല്ലാം ഞാൻ അടച്ചു കഴിഞ്ഞു. പക്ഷെ എന്റെ പേരിൽ പോക്ക് വരവ് ചെയ്ത് ലഭിച്ചിട്ടില്ല. വലിയ ചതിയാണ് നടത്തിയത്. എന്തുകൊണ്ട് പോക്കുവരവ് ചെയ്ത് നൽകുന്നില്ല എന്ന് ചോദിച്ചപ്പോൾ റവന്യൂ റിക്കവറി നടപടികൾ ആണ് ചൂണ്ടിക്കാട്ടിയത്. 2014 ലാണ് റവന്യൂ റിക്കവറിയുടെ കാര്യം ഞാൻ അറിയുന്നത്. കെഎഫ്സി ഹീരയുടെ സ്വിസ് ടൗൺ പ്രോജക്ടിൽ റവന്യൂ റിക്കവറി നോട്ടീസ് പതിക്കുന്നത് വരെ ഈ രീതിയിൽ ഹീര ബാബു ലോൺ എടുത്ത കാര്യം അറിഞ്ഞിരുന്നില്ല.
<ു>ഇതോടെയാണ് എന്തുകൊണ്ട് പോക്കുവരവ് ചെയ്ത് നൽകിയിട്ടില്ലെന്നു മനസിലാകുന്നത്. എനിക്ക് മാത്രമല്ല 200 ഓളമുള്ള ഫ്ളാറ്റ് ഉടമകളിൽ മിക്കവർക്കും പോക്കുവരവ് ചെയ്ത് നൽകിയിട്ടില്ല. കെഎഫ്സിയിൽ ഹീരയുടെ ആളുകൾ. എസ്ബിഐയിൽ ഹീരയുടെ ആളുകൾ, രജിസ്ട്രേഷൻ ഓഫീസിൽ ഹീരയുടെ ആളുകൾ. എല്ലാ രീതിയിലും വലിയ സ്വാധീനമുള്ള വ്യക്തിയായിരുന്നു ഹീര ബാബു. ഈ സ്വാധീനമെല്ലാം ഉപയോഗിച്ചാണ് ഹീര ബാബു തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഇപ്പോൾ ലോൺ മുഴുവൻ അടച്ച് കഴിഞ്ഞിട്ടും ഫ്ളാറ്റ് എന്റെ പേരിലാക്കി മാറ്റാൻ സാധിച്ചിട്ടില്ല. ഹീര നടത്തിയ തട്ടിപ്പിന് കെഎഫ്സി കൂട്ട് നിന്നതുകൊണ്ടാണ് ഇത് സംഭവിച്ചത്. ഇപ്പോൾ തുടർ നടപടികൾക്ക് ഞാൻ ആലോചന തുടങ്ങിയിരിക്കുകയാണ്-മുംബൈയിൽ നിന്ന് കുട്ടി മറുനാടനോട് പറഞ്ഞു
മറുനാടന് മലയാളി സീനിയര് സബ് എഡിറ്റര്.