- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹേനയെ സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചു കൊന്ന കേസിൽ ഭർത്താവിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്; ഭർതൃപീഡനം സഹിക്കാതായപ്പോൾ വിവാഹമേ വേണ്ടിയിരുന്നില്ലന്ന് മകൾ കരഞ്ഞ് പറഞ്ഞെന്ന് പിതാവ്; വിസ്മയയുടെ നാട്ടിൽ വീണ്ടും സ്ത്രീധന പീഡന മരണം; നോക്കുകുത്തിയായി നിയമങ്ങളും
തിരുവനന്തപുരം: ചേർത്തലയിലെ ഭർതൃവീട്ടിലെ കുളിമുറിയിൽ കൊട്ടാരക്കര വെളിനല്ലൂർ സ്വദേശി ഹേനയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കാളികുളം അനന്തപുരം അപ്പുക്കുട്ടനെ കസ്റ്റഡിയിൽ വാങ്ങാനായി ചേർത്തല പൊലീസ് അപേക്ഷ നൽകി. പ്രതി ഇപ്പോൾ റിമാൻഡിലാണ്. കഴിഞ്ഞദിവസം പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. തുടർന്നാണ് ചേർത്തല ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ ഹാജരാക്കി റിമാൻഡ് ചെയ്തതു. സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനമാണ് കൊലപാതകത്തിന് കാരണമെന്ന് പരാതിയിൽ തുടരന്വേഷണത്തിന് ആണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുന്നതെന്ന് ചേർത്തല സിഐ വിനോദ് കുമാർ പറഞ്ഞു.
ബാങ്ക് സ്റ്റേറ്റ്മെന്റ് ഉൾപ്പെടെ പരിശോധിക്കും. ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും. അതിനു ശേഷമാകും സ്ത്രീധന നിരോധന നിയമപ്രകാരം കേസെടുക്കണം എന്ന കാര്യത്തിൽ തീരുമാനമെടുക്കുക. ഗാർഹിക പീഡനം കൊലപാതകം എന്നീ വകുപ്പുകൾ ചുമത്തി കഴിഞ്ഞു .ഈമാസം 26 ന് രാവിലെ 11 30നാണ് ഹേനയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കുളിമുറിയിൽ വീണ് ബോധരഹിതയായി എന്ന് പറഞ്ഞാണ് ആദ്യം സ്വകാര്യ ആശുപത്രിയിലെത്തിച്ചത് .മരണം സ്ഥിരീകരിച്ചതോടെ പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടികളിലേക്ക് കടന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഏഴ് ദിവസങ്ങൾക്ക് ശേഷം ഹേനയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. മാനസികാസ്വാസ്ഥ്യമുള്ള കുട്ടിയെ എല്ലാം അറിഞ്ഞ് വിവാഹംചെയ്തു എന്നിട്ടാണ് കൊലചെയ്തതെന്നും അതിനുള്ള ശിക്ഷ ഉറപ്പാക്കാൻ ഏതറ്റംവരെയും പോകുമെന്നുംഹേനയുടെ കുടുംബം പറഞ്ഞു. മകൾ എപ്പോഴും വീട്ടിൽ തനിച്ചിരുന്ന് മടുക്കുകയാണെന്ന് മനസ്സിലാക്കിയാണ് അച്ഛൻ എസ് പ്രേംകുമാർ ബിസിനസ് തുടങ്ങാൻ തീരുമാനിച്ചത്.
9 വർഷങ്ങൾക്ക് മുമ്പ് ചുങ്കത്തറയിൽ കട വാടകയ്ക്കെടുത്താണ് മകൾക്ക് വേണ്ടി ഒരു സ്ഥാപനം തുടങ്ങുന്നത്. രാവിലെ ഒമ്പതിന് കൃത്യമായി മകൾ കട തുറക്കും. സ്റ്റേഷനറി സാധനങ്ങളും കുട്ടികളുടെ കളിപ്പാട്ടങ്ങളും ചെരുപ്പും എല്ലാം കടയിൽ ഉണ്ടായിരുന്നു. സമയമുള്ളപ്പോൾ അച്ഛനും മകളെ സഹായിക്കാൻ എത്തിയിരുന്നു. നാലുവർഷം മുമ്പ് സ്വന്തമായി കടവാങ്ങി മാറി. കല്യാണം കഴിഞ്ഞ ശേഷം പണം ആവശ്യപ്പെട്ട് മർദ്ദനത്തിന് ഇരയായിരുന്നതായി മകൾ പറഞ്ഞിരുന്നു. ഒരിക്കൽ ചേർത്തലയിലെ വീട്ടിൽ സംസാരിക്കാൻ എത്തിയ പിതാവ് പ്രേംകുമാർ മകളെ ദുരിതം കണ്ട് എറണാകുളം വരെ കൊണ്ടുപോയി ആവശ്യമായ സാധനങ്ങളെല്ലാം വാങ്ങി നൽകി. വീട്ടിലേക്ക് മടങ്ങിവരാൻ പറഞ്ഞെങ്കിലും വിസമ്മതിച്ച മകൾ എനിക്ക് കല്യാണമേ വേണ്ടിയിരുന്നില്ല എന്നായിരുന്നു പറഞ്ഞത്. ഇത് വേദനയോടെയാണ് പ്രേംകുമാർ ഓർക്കുന്നത് .മകളെ പല കാരണം പറഞ്ഞ് ഭർത്താവ് അപ്പുക്കുട്ടൻ മർദ്ദിക്കുന്നത് പിതാവ് അറിഞ്ഞിരുന്നു.
ഇക്കാര്യം ചോദിക്കുമ്പോൾ അപ്പുക്കുട്ടൻ ഒഴിഞ്ഞു മാറിയിരുന്നതായി പിതാവ് പറയുന്നു. കല്യാം കഴിഞ്ഞപ്പോൾ മുതൽ ഹേനയുടെ പെരുമാറ്റത്തിൽ ഇഷ്ടക്കേടുകൾ വന്നു തുടങ്ങി. കൂടുതൽ പണം ആവശ്യപ്പെട്ടും ചെയ്യുന്ന ജോലികൾക്ക് വൃത്തി ഇല്ലായെന്നും ആരോപിച്ചായിരുന്നു മർദ്ദനം . വയ്യാത്ത കുട്ടിയെ ഇങ്ങനെ ഉപദ്രവിക്കരുതെന്ന് ആവശ്യപ്പെട്ടപ്പോൾ തല്ലിയാലും ഞാൻ അവളെ ചതിക്കില്ല എന്നായിരുന്നു അപ്പുക്കുട്ടനെ മറുപടിയെന്നും ഹേനയുടെ പിതാവ് പറയുന്നു.
നോക്കുകുത്തിയാകുന്ന നിയമം
1961ലാണ് സ്ത്രീധന നിരോധന നിയമം പാർലമെന്റ് പാസാക്കിയത്. വിവാഹത്തിന് വധുവിന്റെ വീട്ടുകാരിൽ നിന്നും പണമോ സ്വത്തോ വാങ്ങുന്നത് ഇതുപ്രകാരം കുറ്റകരമാണ്.2004ൽ സംസ്ഥാന സർക്കാർ സ്ത്രീധന നിരോധന ചട്ടവും നടപ്പാക്കി. 14 ജില്ലകളിലും സ്ത്രീധന നിരോധന ഓഫീസർമാരെ നിയമിക്കുകയും ചെയ്തിരുന്നു. പരാതികൾ വർധിച്ച് വന്ന സാഹചര്യത്തിലാണ് 2021 ഒക്ടോബറിൽ സംസ്ഥാന സർക്കാർ പുതിയ മാർഗനിർദേശങ്ങൾ നൽകി. പരാതികൾ അന്വേഷിക്കാൻ ജില്ലാ വനിതാ സംരക്ഷണ ഓഫീസറെ ചുമതലപ്പെടുത്തി.
പരാതികളിൽ അന്വേഷണം നടത്തി 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പായി റിപ്പോർട്ട് സമർപ്പിക്കണം. പരാതികളും അതിലെ നടപടികളും രേഖകകളാക്കി സൂക്ഷിക്കണം. പൊലീസ് സ്റ്റേഷനുകളിലും കോടതികളിലും എത്തുന്ന കേസുകളിൽ പരാതിക്കാരിക്ക് നീതി ഉറപ്പാക്കാൻ ജില്ലാ സ്ത്രീധന നിരോധന ഓഫീസർക്ക് ഉത്തരവാദിത്വമുണ്ടെന്നും സർക്കാർ നിർദേശിക്കുന്നു.
സ്ത്രീധനം വാങ്ങുകയോ വാങ്ങാൻ പ്രേരിപ്പിക്കുകയോ ചെയ്താൽ അഞ്ച് വർഷം തടവാണ് ശിക്ഷ. എന്നിട്ടും കിടപ്പാടം വിറ്റും കടക്കെണിയിലായും രക്ഷിതാക്കൾ പെൺമക്കൾക്കൊപ്പം പൊന്നും പണവും ഭൂമിയും നൽകി വിവാഹം കഴിപ്പിക്കുന്നു. പഠനം, ജോലി എന്നിവയെക്കാളെല്ലാം പ്രധാനം വിവാഹമാണെന്ന പൊതുബോധത്തിൽ നിന്നും മലയാളി മാറിയിട്ടില്ല. പിങ്ക് പൊലീസ് ,നിർഭയ കേരളം സുരക്ഷിത കേരളം ,തുടങ്ങിയ നിരവധി പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും ഫലം കാണുന്നില്ലായെന്നാണ് ഇത്തരം സംഭവങ്ങൾ കാണിച്ചു തരുന്നത്.