കാബൂൾ: അമേരിക്കൻ സൈനികർ സ്ഥലം കാലിയാക്കിയതോടെ അഫ്ഗാനിസ്ഥാനിൽ പുതിയ സർക്കാർ രൂപീകരിക്കാനുള്ള പരിശ്രമങ്ങളുമായി മുന്നോട്ടു പോകുകയാണ് താലിബാൻ. അവർക്ക് മുന്നിൽ വൻ വെല്ലുവിളികളാണുള്ളത്. എന്നാൽ, പുതിയകാലത്ത് അന്തർദേശീയ തലത്തിൽ വിവിധ രാജ്യങ്ങളുടെ പിന്തുണ തേടാനുള്ള ശ്രമങ്ങളും ഇവർ നടത്തിവരുന്നു. അതേസമയം രാജ്യത്തിനുള്ളിലെ കാര്യങ്ങൾ ശരിക്കും നിയന്ത്രണത്തിൽ നിൽക്കുന്നതല്ല. ജനലക്ഷങ്ങളാണ് ദുരതത്തിൽ കഴിയുന്നത്. ഇതിനിടെയാണ പുതിയ സർക്കാറുണ്ടാക്കാനുള്ള ശ്രമങ്ങളുമായി താലിബാൻ മുന്നോട്ടു പോകുന്നത്.

പുതിയ സർക്കാർ ഉണ്ടാക്കുന്നതു സംബന്ധിച്ചു താലിബാനും അഫ്ഗാനിസ്ഥാനിലെ മറ്റു നേതാക്കളും തമ്മിൽ ധാരണയിലെത്തിയതായി റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. താലിബാൻ പരമോന്നത നേതാവ് ഹൈബത്തുല്ല അബുൻസാദയായിരിക്കും ഭരണകൂടത്തിന്റെ തലവൻ എന്നു താലിബാൻ സാംസ്‌കാരിക കമ്മിഷൻ അംഗം ബിലാൽ കരീമി പറഞ്ഞു.

അബുൻസാദയുടെ മൂന്നു പ്രധാന അനുയായികളിൽ ഒരാളായ മുല്ലാ അബ്ദുൽ ഗനി ബറാദറിനായിരിക്കും സർക്കാരിന്റെ ദൈനംദിന പ്രവർത്തനങ്ങളുടെ ചുമതലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താലിബാന്റെ 'മുഖ'മായി അറിയപ്പെടുന്ന നേതാവാണു ബറാദർ. 'കഴിഞ്ഞ സർക്കാരിലെ നേതാക്കളും ഇസ്ലാമിക് എമിറേറ്റ്‌സ് നേതാക്കളും തമ്മിലുള്ള ചർച്ചകൾ അവസാനിച്ചിരിക്കുന്നു. ധാരണയിൽ എത്തിക്കഴിഞ്ഞു. വരും ദിസങ്ങളിൽത്തന്നെ സർക്കാർ രൂപീകരണം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും' അദ്ദേഹം പറഞ്ഞു.

സർക്കാർ രൂപീകരണം സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്താൻ യുഎസ് സേനയുടെ പൂർണ പിന്മാറ്റത്തിനുള്ള കാത്തിരിപ്പിലായിരുന്നു താലിബാൻ എന്നു കാബൂൾ വൃത്തങ്ങളിൽനിന്നു സൂചനയുണ്ട്. യുഎസിന്റെ പിൻവാങ്ങലോടെ താലിബാൻ ക്യാംപ് കൂടുതൽ ആവേശത്തിലാണെങ്കിലും കനത്തെ വെല്ലുവിളിയാണു വരും നാളുകളിൽ താലിബാനെ കാത്തിരിക്കുന്നത്.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി ദൂരീകരിക്കുക, രാജ്യത്തെ ആഭ്യന്തര കലാപങ്ങൾ നിയന്ത്രിക്കുക, ഐഎസ് ക്യാംപിന്റെ കടന്നുകയറ്റം തടയുക തുടങ്ങിയവയാണ് ഇവയിൽ പ്രധാനം. താലിബാൻ ശക്തികേന്ദ്രമായ കാണ്ടഹാറിലാണു നിലവിൽ അബുൻസാദ ഉള്ളത്. താലിബാൻ നേതാക്കളുമായും അഫ്ഗാനിസ്ഥാനിലെ മറ്റു നേതാക്കളുമായും മൂന്നു ദിവസം നീണ്ട ചർച്ചകൾ അബുൻസാദ നടത്തിയിരുന്നതായി താലിബാൻ വക്താവു സബിഹുല്ല മുജാഹിദ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

20 കൊല്ലത്തെ സൈനികസാന്നിധ്യം അവസാനിപ്പിച്ച് യു.എസ്. രാജ്യം വിട്ടതോടെ വമ്പന്റാലികൾനടത്തി ആഘോഷിക്കുകയാണ് താലിബാൻ. എന്നാൽ, രാജ്യത്തെ ദശലക്ഷക്കണക്കിന് പൗരന്മാർ കടുത്ത ഭക്ഷ്യക്ഷാമത്തിലും സാമ്പത്തികപ്രതിസന്ധിയിലുംപെട്ട് ഉലയുകയാണ്. മാസങ്ങളായി സർക്കാർജീവനക്കാർക്ക് ശമ്പളമില്ല. ബാങ്കുകളിൽ പണമില്ല. ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതി കുറഞ്ഞു. തൊഴിലില്ല. സർക്കാർസേനയും താലിബാനും തമ്മിലുണ്ടായ മാസങ്ങൾനീണ്ട ഏറ്റുമുട്ടലിനെത്തുടർന്ന് അഞ്ചുലക്ഷത്തിലേറെപ്പേർക്ക് വീടുവിട്ട് ഓടിപ്പോകേണ്ടിവന്നു. രാജ്യം വൻവിപത്ത് നേരിടാനിരിക്കുന്നേയുള്ളൂവെന്ന് ഐക്യരാഷ്ട്രസഭയും മുന്നറിയിപ്പുനൽകി.

താലിബാൻ അധികാരം പിടിച്ചതോടെ ഐ.എം.എഫും ലോകബാങ്കുമടക്കമുള്ള അന്താരാഷ്ട്രസ്ഥാപനങ്ങളും രാജ്യങ്ങളും അഫ്ഗാനുള്ള സാമ്പത്തികസഹായം മരവിപ്പിച്ചു. ഫണ്ട് പുനരാരംഭിക്കാൻ യു.എസ്. ശുപാർശചെയ്യണമെന്ന് താലിബാൻ സെൻട്രൽ ബാങ്ക് ബോർഡംഗങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഉടനെയൊന്നും ഫലംകണ്ടേക്കില്ല.

താലിബാൻ സംഘടനയ്ക്കുള്ളിലെ വിവിധ വിഭാഗങ്ങൾത മ്മിൽ അഭിപ്രായവ്യത്യാസം രൂക്ഷമായ പശ്ചാത്തലത്തിൽ സമ്പദ്വ്യവസ്ഥയെ പിടിച്ചുനിർത്താൻ നിയുക്തസർക്കാരിന് ആകുമോയെന്ന ഭീതി ജനങ്ങൾക്കുണ്ട്. സർക്കാർ രൂപവത്കരണം അവസാനഘട്ടത്തിലാണെന്ന് താലിബാൻ അറിയിച്ചിട്ടുണ്ട്. അധികാരം പിടിച്ചതിനുശേഷമുള്ള ആദ്യ ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിന് താലിബാന്റെ അനുമതി. ടീമിനെ ഓസ്ട്രേലിയയിലേക്ക് അയക്കാൻ അനുവാദം ലഭിച്ചെന്ന് ക്രിക്കറ്റ് ബോർഡ് ചീഫ് എക്‌സിക്യുട്ടീവ് ഹമീദ് ഷിൻവാരി അറിയിച്ചു.

അതിനിടെ കാലിഫോർണിയയിൽനിന്നുള്ള 24 വിദ്യാർത്ഥികൾ അഫ്ഗാനിൽ കുടുങ്ങിയിട്ടുണ്ട്. അവശേഷിക്കുന്നവരെ ഒഴിപ്പിക്കാൻ ബ്രിട്ടൻ താലിബാനുമായി ചർച്ചനടത്താൻ ഒരുങ്ങുകയാണ്. സ്ത്രീകളോടുള്ള മനോഭാവം താലിബാൻ മാറ്റണമെന്നും അഭയാർഥികളെ രാജ്യം വിടാൻ അനുവദിക്കണമെന്നും ഖത്തർ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. യു.എസ്. ദൗത്യം ദുരന്തംമാത്രമാണ് അഫ്ഗാന് സമ്മാനിച്ചതെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനും കുറ്റപ്പെടുത്തി.

ദുരിത മുഖത്ത് ജനലക്ഷങ്ങൾ, ഫൗസിയ അൽകൂഫി സുരക്ഷിതമായി ഖത്തറിൽ

അതേസമയം അഫ്ഗാനിൽ ദുരിത മുഖത്ത് ജനലക്ഷങ്ങളാണുള്ളത്. യുഎസിനെ സഹായിച്ചവർ ജീവന് വേണ്ടി പരക്കം പായുന്ന നിലയുമാണ് ഇവിടെയുള്ളത്. ''എന്നെയും എന്റെ കുടുംബത്തെയും ഇവിടെ മറന്നുകളയരുത്, രക്ഷിക്കണം''- അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ ഹിമപാതത്തിൽനിന്ന് രക്ഷിച്ച അഫ്ഗാൻ പരിഭാഷകൻ മുഹമ്മദിന്റെ അപേക്ഷയാണിത്. 13 കൊല്ലംമുമ്പുള്ള സന്ദർശനവേളയിൽ അഫ്ഗാനിലുണ്ടായ ഹിമപാതത്തിൽനിന്ന് അന്നത്തെ യു.എസ്. സെനറ്ററായിരുന്ന ജോ ബൈഡനെയും മറ്റുരണ്ട് സെനറ്റർമാരെയും രക്ഷപ്പെടുത്തിയ സംഘത്തിൽ മുഹമ്മദുമുണ്ടായിരുന്നു.

ബൈഡൻ സഞ്ചരിച്ച ഹെലിക്കോപ്റ്റർ ഹിമപാതത്തിൽ കുടുങ്ങിയപ്പോഴാണ് തങ്ങൾ സഹായിച്ചതെന്ന് വാൾസ്ട്രീറ്റ് ജേണലിനുനൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഇപ്പോൾ താലിബാനിൽനിന്നൊളിച്ചാണ് താനും ഭാര്യയും നാലുമക്കളും കഴിയുന്നതെന്നും രാജ്യംവിടാൻ എങ്ങനെയെങ്കിലും സഹായിക്കണമെന്നുമാണ് ഇദ്ദേഹത്തിന്റെ ആവശ്യം.

അതിനിടെ അഫ്ഗാൻ പാർലമെന്റിലെ പ്രഥമ വനിതാ വൈസ് പ്രസിഡന്റും താലിബാന്റെ കടുത്ത വിമർശകയുമായ ഫൗസിയ അൽകൂഫി ഖത്തറിലെത്തി. കാബൂൾ പിടിച്ചതിനു പിന്നാലെ ഫൗസിയയെ താലിബാൻ വീട്ടുതടങ്കലിലാക്കിയിരുന്നു. ഫൗസിയ അൽകൂഫിയെ ഖത്തറിന്റെ വ്യോമസേന വിമാനത്തിൽ കാബൂളിൽ നിന്ന് സുരക്ഷിതമായി ദോഹയിൽ എത്തിച്ചതായും അവർ മക്കൾക്കൊപ്പം ചേർന്നതായും ഖത്തർ അസി. വിദേശകാര്യമന്ത്രി ലുൽവ അൽഖാദർ ആണ് ട്വീറ്റിലൂടെ വെളിപ്പെടുത്തിയത്.

ഫൗസിയയുടെ 2 പെൺമക്കളെ നേരത്തെ തന്നെ കാബൂളിൽ നിന്ന് ഖത്തറിൽ എത്തിച്ചിരുന്നു. അഫ്ഗാൻ സർക്കാരും താലിബാനും തമ്മിലുള്ള സമാധാന ചർച്ചകളിൽ സർക്കാർ പ്രതിനിധി സംഘത്തിലെ അംഗമായിരുന്നു ഫൗസിയ.

കീഴടങ്ങില്ലെന്ന് പഞ്ച്ശീൽ, താലിബാനുമായുള്ള ചർച്ച പരാജയം

താലിബാന് മുന്നിൽ ബാലികേറാമലയായി പഞ്ച്ശീർ തുടരുകയാണ്. പഞ്ച്ശീറിലെ വടക്കൻ സഖ്യവും താലിബാനും നടത്തിയ ചർച്ച പരാജയപ്പെട്ടു. താലിബാൻ നേതാവ് മുല്ല അമിർ ഖാൻ മൊടാഖിയും പഞ്ച്ശീറിലെ ഗോത്ര നേതാക്കന്മാരും തമ്മിലായിരുന്നു ചർച്ച നടത്തിയത്. എന്നാൽ ചർച്ച പരാജയമായിരുന്നുവെന്ന് മുല്ല അമിർ ഖാൻ പറഞ്ഞു.

പഞ്ച്ശീറിലെ നേതാക്കളുമായി നിങ്ങൾക്ക് സംസാരിക്കാമെന്ന് മുല്ല അമിർ അവിടുത്തെ ജനങ്ങൾക്ക് സന്ദേശമയച്ചു. യുദ്ധം ചെയ്യാൻ ആഗ്രഹിക്കുന്നവരോട് മതിയാക്കാൻ പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രശ്‌നം സമാധാനപരമായി അവസാനിപ്പിക്കാൻ പഞ്ച്ശീറിലെ ചിലർ ആഗ്രഹിക്കുന്നില്ലെന്ന് താലിബാന്റെ മറ്റൊരു മുതിർന്ന നേതാവ് പറഞ്ഞു. ഇതിനിടെ, മലനിരകളുടെ ഇരുവശത്തുനിന്നും താലിബാൻ ആക്രമണം ആരംഭിച്ചു.

അഫ്ഗാനിസ്ഥാനിൽ താലിബാന് കീഴടങ്ങാൻ കൂട്ടാക്കാത്ത ഏക പ്രവിശ്യയാണ് പഞ്ച്ശീർ. ഉസ്‌ബെക്കുകളുടേയും താജിക്കുകളുടേയും സഹായത്തോടെയാണ് പഞ്ച്ശീറിൽ വടക്കൻ സഖ്യം പോരാട്ടം നടത്തുന്നത്. പോരാട്ടം അവസാനിപ്പിക്കേണ്ടതില്ലെന്നാണ് സഖ്യത്തിന്റെ തീരുമാനം. പുറത്താക്കപ്പെട്ട മുൻ വൈസ് പ്രസിഡന്റ് അമറുല്ല സാലിഹ്, അഹ്മദ് മസൂദ് എന്നിവരുടെ നേതൃത്തിലാണ് പോരാട്ടം നടക്കുന്നത്. കീഴടങ്ങാൻ തയാറല്ലെന്ന് നാഷണൽ റസിസ്റ്റന്റ് ഫ്രണ്ട് നേതാവ് ഫഹിം ദഷ്ടി പറഞ്ഞു. അവർക്ക് വേണമെങ്കിൽ ഭാഗ്യം പരീക്ഷിക്കാം. ദൈവസഹായത്താൽ ഭാഗ്യം അവരുടെ കൂടെയല്ലെന്നും അദ്ദേഹം പറഞ്ഞു.