- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൊഴി നൽകേണ്ടതു കേസിനാസ്പദമായ സംഭവം നടന്ന സ്ഥലത്തെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് നിഷ്‌കർഷിക്കുന്ന മജിസ്‌ട്രേട്ടിനു മുന്നിലാണ് എന്ന നിബന്ധനയിൽ മാറ്റം; സാക്ഷിക്കും പ്രതികൾക്കും ഇനി ഏത് കോടതിയിലും മൊഴി നൽകാം; സ്ത്രീ പീഡനക്കേസുകൾക്ക് കരുത്ത് പകരാൻ തീരുമാനം
തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ സാക്ഷികൾക്കും പ്രതികൾക്കും ഇനി ഏതു കോടതിയിലും മൊഴി രേഖപ്പെടുത്താം. ഇതുമായി ബന്ധപ്പെട്ട ചട്ടത്തിൽ മാറ്റം നിർദ്ദേശിച്ചിരിക്കുകയാണു ഹൈക്കോടതി. ഇതിനായി പാലക്കാട്ടെ 'വിശ്വാസ്' എന്ന സംഘടന സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുള്ള നിയമസഭാ കമ്മിറ്റിക്കു നിവേദനം നൽകിയിരുന്നു. പീഡന കേസുകളിൽ ഇരകൾക്ക് മാനസിക ബുദ്ധിമുട്ട് ഒഴിവാക്കാൻ പുതിയ നീക്കത്തിലൂടെ കഴിയും.
സ്ത്രീകളോടുള്ള അപമര്യാദ (354ാം വകുപ്പ്), സ്ത്രീപീഡനം (376ാം വകുപ്പ്), സ്ത്രീകൾക്കു നേരെ അശ്ലീല ഭാഷയും ആംഗ്യങ്ങളും ഉപയോഗിക്കുക (509ാം വകുപ്പ്) എന്നീ കേസുകളിൽ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തൽ നിർബന്ധമാണ്. മറ്റു കേസുകളിൽ മജിസ്‌ട്രേട്ടിനു മുന്നിൽ മൊഴി രേഖപ്പെടുത്തണോയെന്ന് അന്വേഷണ ഉദ്യോഗസ്ഥനു തീരുമാനിക്കാം. അതുകൊണ്ട് തന്നെ സ്ത്രീകൾക്കെതിരായ അതിക്രമകേസുകളിൽ ഹൈക്കോടതിയുടെ തീരുമാനം നിർണ്ണായകമാണ്.
ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് നിർദ്ദേശിക്കുന്ന മജിസ്‌ട്രേട്ടിനു മുന്നിൽ മാത്രമേ ഇതുവരെ മൊഴി നൽകാൻ സാധിക്കുമായിരുന്നുള്ളൂ. ഇതുമായി ബന്ധപ്പെട്ട ചട്ടത്തിൽ മാറ്റം നിർദ്ദേശിച്ചിരിക്കുകയാണു ഹൈക്കോടതി. മൊഴി നൽകേണ്ടതു കേസിനാസ്പദമായ സംഭവം നടന്ന സ്ഥലത്തെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് നിഷ്‌കർഷിക്കുന്ന മജിസ്‌ട്രേട്ടിനു മുന്നിലാണ് എന്ന നിബന്ധന കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കും ബുദ്ധിമുട്ടു സൃഷ്ടിച്ചിരുന്നു.
കേസിനാസ്പദമായ സംഭവം നടന്ന ജില്ലയിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ടിന് അന്വേഷണ ഉദ്യോഗസ്ഥൻ അപേക്ഷ നൽകി, അദ്ദേഹം നിർദ്ദേശിക്കുന്ന മജിസ്‌ട്രേട്ടിനു മുന്നിൽ സാക്ഷിയും പ്രതിയും മൊഴി രേഖപ്പെടുത്തണമെന്നാണു ക്രിമിനൽ നടപടി നിയമത്തിലെ 164ാം വകുപ്പ് അനുശാസിക്കുന്നത്. ഇതിന് മാറ്റമാണ് ഹൈക്കോടതി നിർദ്ദേശിച്ചത്. ഇതനുസരിച്ച് ഏതു മജിസ്‌ട്രേട്ടിനു മുന്നിലും ക്രിമിനൽ നടപടി നിയമത്തിലെ 164 (5എ)ാം വകുപ്പ് അനുസരിച്ചു സാക്ഷിക്കും പ്രതിക്കും ഇനി മൊഴി നൽകാം.
ഡൽഹിയിലെ നിർഭയ സംഭവത്തിനുശേഷം ഈ വകുപ്പു കൂടുതൽ സ്ത്രീസൗഹൃദമാക്കി 164 (5എ) എന്ന ഭേദഗതി കൊണ്ടുവന്നിരുന്നു. ഈ സാഹചര്യം മനസ്സിലാക്കിയാണ് കേരളാ ഹൈക്കോടതിയുടേയും ഇടപെടൽ.
മറുനാടന് മലയാളി ബ്യൂറോ